ബ്രസീൽ
അതെ , ഈ കുടുംബചിത്രം
ഇത്തിരി പൊടിപിടിച്ചതാണ്
അച്ഛന്റെ മുഖം ശരിക്കും കാണിക്കുന്നില്ല
അദ്ദേഹം എത്ര പണം സമ്പാദിച്ചെന്ന്.
അമ്മാവന്റെ കൈകൾ വെളിപ്പെടുത്തുന്നില്ല
അവ രണ്ടും കൂടി നടത്തിയ പ്രയാണങ്ങൾ
അമ്മൂമ്മയുടേത് മിനുങ്ങിയും മഞ്ഞച്ചും
അവർ ഏകാധിപത്യം മറന്നിരിക്കുന്നു
കുട്ടികൾ, അവരെത്രമാത്രം മാറി
പീറ്ററിന്റെ മുഖം ശാന്തം
അതണിഞ്ഞിരിക്കുന്നു
ഏറ്റവും നല്ല സ്വപ്നങ്ങൾ
ജോൺ ഇനി ഒരു നുണയനേയല്ല
പൂന്തോട്ടം മനോഹരമായിത്തീര്‍ന്നിരിക്കുന്നു.
പൂക്കൾ ചാര അടയാളങ്ങളാകുന്നു
മണ്ണാവട്ടെ, മരിച്ചകാലുകൾക്കടിയിൽ
മഞ്ഞിന്റെ ഒരു കടല്‍.
കൈയുള്ള കസേരകളുടെ അർദ്ധവൃത്തങ്ങളിൽ
പ്രത്യേകമായ ഒരനക്കം ശ്രദ്ധയിൽ പെട്ടു.
കുട്ടികൾ സ്ഥലം മാറുന്നു
പക്ഷേ ഒച്ചയില്ലാതെ! ഇതൊരു പടമാണ്.
ഇരുപതു കൊല്ലം ഒരു നീണ്ടകാലമാണ്
അതിനെന്തു ഛായയും രൂപപ്പെടുത്താനാവും
ഒരു മുഖം മായാൻ തുടങ്ങുമ്പോള്‍
മറ്റൊന്നു സ്വയം തെളിയും, ചിരിതൂകിക്കൊണ്ട്.
ഈ ഇരിക്കുന്നവരെല്ലാം അപരിചിതരാണ്,
എന്റെ ബന്ധുക്കൾ? ഞാനിത് വിശ്വസിക്കുന്നില്ല
അപൂർവ്വമായി തുറക്കുന്ന ഒരു സല്ല്ലാപശാലയിലെ
സ്വയം അത്ഭുതപ്പെടുത്തുന്ന അതിഥികളാണവർ
കുടുംബലക്ഷണങ്ങൾ ദേഹങ്ങളുടെ കളിയിൽ
നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു.
പക്ഷേ ധ്വനിപ്പിക്കാൻ വേണ്ടുവോളമുണ്ട്.
ഒരു ശരീരം മുഴുവൻ അത്ഭുതങ്ങളായതിനാൽ.
ഈ കുടുംബചിത്രത്തിന്റെ പുറംചട്ട
അതിന്റെ ശ്രേഷ്ഠവ്യക്തികളെ പിടിച്ചുവയ്ക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു
അവർ അവർക്കിഷ്ടമുള്ളിടത്ത് സ്ഥാനം പിടിച്ചിരിക്കുന്നു
അവർക്കറിയാമായിരിക്കും - ആവശ്യം വന്നാൽ-പറക്കാൻ
മുറിയുടെ ഇരുൾവെളിച്ചവീഴ്ച്ചകളിൽനിന്ന്
അവര്‍ക്കു സ്വയം തെളിഞ്ഞുവരാനായേക്കും
വീട്ടുപകരണങ്ങൾക്കുള്ളിൽ ജീവിക്കാൻ
അല്ലെങ്കിൽ പഴയ കൈയില്ലാക്കുപ്പായങ്ങളുടെ കീശകളിൽ.
വീടിനു നിരവധി വലിപ്പുകളുണ്ട്
കടലാസുകൾ, നീണ്ട ഗോവണികൾ
കാര്യങ്ങൾ അലസോരപ്പെടുമ്പോൾ
ദ്രോഹചിന്തകൾ ആർക്കറിയാം?
ചിത്രം ഉത്തരം തരില്ല്ല.
അത് തുറിച്ചു നോക്കും, എന്റെ മങ്ങിയകണ്ണുകളിൽ
അത് സ്വയം ധ്യാനിക്കും
ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ബന്ധങ്ങൾ.
ചില്ലിൽ പെരുകുന്നത്
ഞാൻ അവയെ തിരിച്ചറിയില്ല
നിലനിൽക്കുന്നതില്‍നിന്നും പൊയ്പ്പോയവയെ.
ഞാൻ ഇതു മാത്രംതിരിച്ചറിയും
കുടുംബത്തിന്റെ അപരിചിതമായ ആശയം
മാംസത്തിലൂടെ സഞ്ചരിക്കുന്നത്.
No comments:
Post a Comment