Friday, June 5, 2015

മൂടൽ മഞ്ഞ്‌

കാശ്മീരി കവി
അതിനു മുന്നും പിന്നും ഉണ്ടായിരുന്നില്ല
കാണിക്കാനൊരു മുഖം പോലും.
ഒരു അറിയാച്ചിന്ത പോലെ, ഒരുപക്ഷേ
മറന്ന് ഉറഞ്ഞ കുളിരു പോലെ
ആരെങ്കിലും അതിന്റെ പേരു ചോദിച്ചിരിക്കും,
നീയാണോ മൂടൽമഞ്ഞ്‌?

തോടിന്റെ കരയിലൂടെ
അത്‌ കടന്നുപോയി,
നിശ്ശബ്ദമായ കാലടികളോടെ
ഇടവഴിയിലേയ്ക്കു തെന്നിനീങ്ങി
അതിന്റെ ഗതിയളക്കുമ്പോലെ
ഇഞ്ചിഞ്ചായി നീങ്ങി,
കൈകൾ ആയത്തിലാട്ടി
പ്രായത്തിന്റെ ആകുലതകൾ
പേറുന്നപോലെ
എല്ലാവരെയും അന്വേഷിച്ച്‌
ഓരോരുത്തരെയും സംഭ്രമിപ്പിച്ച്‌
വന്ന പോലെതന്നെ അത്‌
പെട്ടെന്നു മറഞ്ഞേക്കാം,
അങ്ങനെ നമ്മൾക്കൊരിക്കൽക്കൂടി
മുഖത്തോടുമുഖം കാണാനായേക്കും.

No comments:

Post a Comment