Showing posts with label ചിലി. Show all posts
Showing posts with label ചിലി. Show all posts

Saturday, October 24, 2015

അവനെ വീണ്ടും കാണാൻ





ചിലി 
ഇനിയൊരിക്കലും ഒരിക്കലും ഇല്ലേ ?
വിറയ്ക്കുന്ന നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികളിൽ
അല്ലെങ്കിൽ പ്രഭാതത്തിന്റെ കന്നിവെളിച്ചത്തിൽ
സമർപ്പണത്തിന്റെ വൈകുന്നേരങ്ങളിൽ?

അല്ലെങ്കിൽ വയലുകളെ ചുറ്റിവരുന്ന
വിളർത്തപാതയുടെ അറ്റത്ത്
പതറുന്നൊരു നീരുറവയുടെ വരമ്പിൻ മുകളിൽ
മങ്ങിത്തെളിയുന്ന ചന്ദ്രനാൽ വെണ്മയണിഞ്ഞ്?

അല്ലെങ്കിൽ അവന്റെ പേരു വിളിച്ച്
ഞാൻ രാത്രി തരണം ചെയ്ത
തിങ്ങി നിറഞ്ഞ് കെട്ടുപിണഞ്ഞു നിൽക്കുന്ന
ശിഖരങ്ങൾക്ക ചുവടെ?
എന്റെ കരച്ചിലിന്റെ മാറ്റൊലി
തിരികെ തരുന്ന ഗഹ്വരങ്ങളിലുമില്ലെ?

ഒഹ് അരുത്. അവനെയൊന്നൂടെ കാണാൻ
എവിടെവച്ചെങ്കിലുമാവട്ടെ
സ്വർഗ്ഗത്തിലെ മരിച്ചജലത്തിലോ
അല്ലെങ്കിൽ തിളക്കുന്ന നീർച്ചുഴിക്കുള്ളിലോ
തെളിഞ്ഞ ചന്ദ്രന്നു കീഴിലോ
അല്ലെങ്കിൽ രക്തമയമില്ലാത്ത ഭീതിയിലോ!

അവനൊപ്പമാവാൻ......
എല്ലാ വസന്തത്തിലും ശിശിരത്തിലും
അവന്റ ചോരയിറ്റുന്ന കഴുത്തിനെ ചുറ്റുന്ന
കഠിനവേദന നിറഞ്ഞ കുരുക്കിൽ ഒന്നിക്കാൻ

Never, never again?
Not on nights filled with quivering stars,
or during dawn's maiden brightness
or afternoons of sacrifice?


Or at the edge of a pale path
that encircles the farmlands,
or upon the rim of a trembling fountain,
whitened by a shimmering moon?


Or beneath the forest's
luxuriant, raveled tresses
where, calling his name,
I was overtaken by the night?
Not in the grotto that returns
the echo of my cry?


Oh no. To see him again --
it would not matter where --
in heaven's deadwater
or inside the boiling vortex,
under serene moons or in bloodless fright!


To be with him...
every springtime and winter,
united in one anguished knot
around his bloody neck!

Tuesday, June 9, 2015

ഉയിർത്തെഴുന്നേൽപ്പ്

ചിലി
ഒരു മുങ്ങൽ വിദഗ്ദ്ധൻ നദിയിലേക്കെന്ന പോലെ
കവിത സ്വപ്നത്തിലേക്കു വഴുതുന്നു
കവിത, മറ്റാരേക്കാളും ധൈര്യശാലി
ലോച്ച്നെസ്സ് പോലെ അനന്തമായൊരു തടാകത്തിലേക്കോ
കലങ്ങിമറിഞ്ഞതും അവ്യക്തവുമായ ബാള്‍ട്ടണിലേക്കോ എന്നപോലെ
കുത്തനെ വീഴുകയും മുങ്ങുകയും ചെയ്യുന്നു
അതിന്റെ താഴെനിന്നൊന്നു നോക്കൂ:
ഒരു മുങ്ങൽ വിദഗ്ദ്ധൻ
നിഷ്കളങ്കൻ
ആഗ്രഹത്തിന്റെ തൂവലിൽ പൊതിഞ്ഞവൻ.
കവിത സ്വപ്നത്തിലേക്കു തെന്നുന്നു
ദൈവത്തിന്റെ കണ്ണിൽ മരിച്ച ഒരു മുങ്ങൽ വിദഗ്ദ്ധനെപ്പോലെ

ലൂപ്പെ




ചിലി
അവൾ ഗുറേരോയിൽ ജോലി ചെയ്തു,
ജൂലിയന്റേതില്‍നിന്നു കുറച്ചു തെരുവുകൾക്കു താഴെ
അവൾക്കു പതിനേഴായിരുന്നു പ്രായം
ഒരു മകന്‍ മരിച്ചുപോയിരുന്നു

ഹോട്ടൽ ട്രെബോളിലെ
വിശാലവും ഇരുണ്ടതുമായ
കുളിമുറിയും ശൗചാലയവുമുള്ള
കുറച്ചു കൊല്ലങ്ങൾ സുഖമായി താമസിക്കാവുന്ന
മുറിയിൽ
ആ ഓർമ്മ അവളെ കരയിച്ചു
കെട്ടിച്ചമച്ച ഓർമ്മകളുടെ ഭീകരകവിതകൾ ഉള്ള
ഒരു പുസ്തകമെഴുതാൻ ഉത്തമമായ ഒരിടം

ലൂപ്പെ മെലിഞ്ഞതായിരുന്നു
ലോലമായ കാലുകളും അതിന്മേൽ
പുള്ളിപ്പുലികണക്കെ കുത്തുകളും ഉണ്ടായിരുന്നു
ആദ്യത്തെ തവണ എനിക്ക് ഉദ്ധാരണംപോലും ഉണ്ടായില്ല:
എനിക്ക് ഉദ്ധാരണം ആവശ്യമുണ്ടായിരുന്നില്ല.
ലൂപ്പെ അവളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു
അവൾക്കെന്താണോ സന്തോഷം അതിനെക്കുറിച്ച്

ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ വീണ്ടും കണ്ടു.
മറ്റു ചെറിയ കൗമാരവേശ്യകൾക്കൊപ്പം ഒരു മൂലയോട് ചേർന്ന്
ഒരു പഴയ കാഡിലാക്കിന്റെ മറയും ചാരി
ഞാനവളെ കണ്ടു
ഞാൻ വിചാരിച്ചു ഞങ്ങൾ പരസ്പരം കണ്ടാൽ സന്തോഷിക്കുമെന്ന്.

അപ്പോൾ മുതൽ അവൾ അവളുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങി,
ചിലപ്പോൾ കരഞ്ഞ്, ചിലപ്പോൾ ഭോഗിച്ച്, മിക്കവാറും കിടക്കയിൽ നഗ്നരായി,
മച്ചിലേക്ക് തുറിച്ചു നോക്കി, കയ്യിൽ കൈചേർത്ത്

അവളുടേ മോൻ രോഗിയായാണ് ജനിച്ചത്
ലൂപ്പെ വിശുദ്ധകന്യകയോട് പ്രതിജ്ഞ ചെയ്തു
അവളുടെ കുട്ടിക്ക് സുഖമായാൽ അവളുടെ ഈ ഇടപാട് നിർത്തുമെന്ന്
അധികം വൈകാതെ അവളുടെ മകൻ മരിച്ചു
ലൂപ്പെ പറഞ്ഞു തെറ്റ് അവളുടേതാണ്
വിശുദ്ധകന്യകയുമായുള്ള വിലപേശൽ അവൾ തുടർന്നില്ല.
വിശുദ്ധകന്യക കൊച്ചുമാലാഖയെ എടുത്തു,
വാഗ്ദാനലംഘനത്തിന്റെ പ്രതിഫലമായി

എനിക്കെന്താ പറയേണ്ടതെന്നറിഞ്ഞുകൂടായിരുന്നു.
എനിക്ക് തീർച്ചയായും കുട്ടികളെ ഇഷ്ടമാണ്
പക്ഷെ എന്റെ മുന്നിൽ ഇനിയും വർഷങ്ങളുണ്ട്
ഒരു മകനുണ്ടായാൽ എങ്ങനെയാവുമെന്നറിയാൻ
അതിനാൽ ഞാൻ നിശ്ശബ്ദനായി കിടന്നു
ആ ഹോട്ടലിലെ നിശ്ശബ്ദതയിൽ നിന്നുയരുന്ന
ഭയാനകമായ അനുഭവത്തെക്കുറിച്ച് ഓർത്തുകൊണ്ട്.
ഒന്നുകിൽ ചുമരുകൾ നല്ല കനമുള്ളതായിരിക്കണം
അല്ലെങ്കിൽ നമ്മൾ മാത്രമായിരുന്നിരിക്കണം അന്തേവാസികൾ
അതുമല്ലെങ്കിൽ മറ്റുള്ളവർ ഒന്നു വിലപിക്കുവാൻ പോലും വായ തുറന്നിരിക്കില്ല

ലൂപ്പെയെ സവാരിചെയ്യിക്കാൻ എളുപ്പമാണ്
ഒരാണായി തോന്നുവാനും
പിന്നെ കൊള്ളരുതാത്തവനാായി തോന്നുവാനും.
അവളെ നമ്മുടെ താളത്തിലേക്ക് കൊണ്ടുവരാനും എളുപ്പമാണ്
ബുകറേലി തിയറ്ററിൽ അടുത്തിടെ കണ്ട ഭീകരസിനിമയെക്കുറിച്ചുള്ള
പുലമ്പൽ കേട്ടുകിടക്കാനും എളുപ്പമാണ്

അവളുടെ പുള്ളിപ്പുലിക്കാല് എന്റെ അരക്കെട്ടിനെ ചുറ്റിവരിയുന്നു
എന്റെ മുലക്കണ്ണോ ഹൃദയമിടിപ്പോ തിരഞ്ഞ്
അവൾ അവളുടെ തല എന്റെ നെഞ്ചിൽ പൂഴ്ത്തുന്നു
നിന്റെ ഈ ഭാഗമാണ് എനിക്ക് വലിച്ചുകുടിക്കേണ്ടത്
ഒരു രാത്രിഎന്നോടവൾ പറഞ്ഞു
എന്താണ് ലൂപ്പെ? നിന്റെ ഹൃദയം

ഫ്രഞ്ച്കാരി






സ്പെയിൻ
ഒരു ബുദ്ധിമതിയായ സ്ത്രീ
ഒരു സുന്ദരിയായ സ്ത്രീ
എല്ലാ വ്യതിയാനങ്ങളെയും സാധ്യതകളെയും കുറിച്ച് അവള്‍ക്കറിയാം
ഡുഷാമ്പിന്റെ സുഭാഷിതങ്ങളുടെയും ഡിഫോയുടെ കഥകളുടെയും വായനക്കാരി
വിഷണ്ണയായിരിക്കുമ്പോളും മദ്യപിച്ചിരിക്കുമ്പോളും ഒഴികെ
പൊതുവേ അസൂയാവഹമായ ആത്മനിയന്ത്രണം പുലര്‍ത്തുന്നവള്‍
ചിലപ്പോളത് രണ്ടുമൂന്നു ദിവസം നീണ്ടുനിന്നേക്കാം
വീഞ്ഞിന്റേയും മരുന്നിന്റേയും
കോച്ചിപ്പിടിക്കുന്ന പിന്തുടര്‍ച്ചയായി
പതിവുപോലെ
പതിനഞ്ചും പതിനെട്ടും വയസ്സിന്നിടയ്ക്ക്
അവള്‍ക്കെന്തു സംഭവിച്ചു എന്ന കഥപറയാന്‍ തുടങ്ങും
ഒരു ഭീകരരതിചിത്രം
തുണിയഴിച്ച ശരീരങ്ങള്‍ പിന്നെ നിയമവാഴ്ചയുടെ അങ്ങേയതിരില്‍ നടക്കുന്ന ഇടപാടുകള്‍
തൊഴില്‍പരമായി നടിയായിരിക്കെത്തന്നെ വിചിത്രമായ ദുരാഗ്രഹങ്ങളുള്ള ഒരു പെണ്‍കുട്ടി
ഞാനവളെ കാണുമ്പോള്‍ അവള്‍ക്ക് ഇരുപത്തിയഞ്ച് തികഞ്ഞിട്ടേയുണ്ടായിരുന്നുള്ളു
പ്രശാന്തമായിരുന്ന ഒരു കാലത്ത്
അവള്‍ വാര്‍ദ്ധക്യത്തേയും മരണത്തേയും ഭയപ്പെട്ടിരുന്നു എന്ന് എനിക്കു തോന്നുന്നു
അവള്‍ക്ക് വാര്‍ദ്ധക്യമെന്നാല്‍ മുപ്പതുവയസ്സായിരുന്നു
മുപ്പതുകൊല്ലങ്ങളുടെ യുദ്ധം
ധര്‍മ്മോപദേശം ചെയ്യാന്‍ തുടങ്ങിയ യേശുവിന്റെ മുപ്പതാംകൊല്ലം
മറ്റേതുവയസ്സും പോലെതന്നെയാണത്
മെഴുകുതിരിവെട്ടത്തില്‍ അത്താഴത്തിനിടയില്‍
ഈ ഗ്രഹത്തിലെ ഏറ്റവും സാഹിതീയമായ പുഴയുടെ ഒഴുക്കു നോക്കിക്കൊണ്ട്
ഞാനവളോടു പറഞ്ഞു
പക്ഷെ ഞങ്ങളെ സംബന്ധിച്ച് ഇടം മറ്റെവിടേയോ ആയിരുന്നു
പതികാലത്തില്‍ പിടിമുറുക്കിയ കൂട്ടുകെട്ടുകളില്‍,
അപൂര്‍വ്വ സുന്ദരമായ പതിഞ്ഞ ആംഗ്യങ്ങളില്‍
ഭയത്താല്‍ അലങ്കോലപ്പെട്ട ഇരുണ്ടകിടക്കകളില്‍
ശൂന്യമായ കണ്ണാടിച്ചുവരുകളുടെ ആവര്‍ത്തിത പ്രതിഫലനങ്ങളില്‍
യാഥാര്‍ത്ഥ്യങ്ങളുടെ ഗര്‍ത്തത്തില്‍
ഞങ്ങളുടെ കേവലത
ഞങ്ങളുടെ വോള്‍‍ട്ടയര്‍
ഞങ്ങളുടെ കിടപ്പുമുറികളുടേയും ചമയമുറിയുടേയും സങ്കല്പങ്ങള്‍
നേരത്തെ പറഞ്ഞപോലെ അസാധാരണമായ മുന്‍കാഴ്ചകളുള്ള,
ബുദ്ധിമതിയായ പെണ്‍കുട്ടി
(ഞങ്ങള്‍ ലാറ്റിനമേരിക്കകാരില്‍ അതു വിരളം)
കൊലയാളികള്‍ക്കു പോലും പാസ്ബുക്കുള്ള
അവളുടെ രാജ്യത്ത് അതു വളരെ സാധാരണം
അവളും ഒട്ടും പിന്നിലാവാന്‍ പോകുന്നില്ല.
ഒരു പാസ്ബുക്കും ഒരു ട്രിസ്റ്റിന്‍ കാര്‍ബലിന്റെ ഫോട്ടോയും
നാം ജീവിക്കാത്ത എന്തിനെയോ കുറിച്ചുള്ള ഗൃഹാതുരത്വം
മരിക്കുന്ന സൂര്യനെ ആ മഹാനദി വലിച്ചിഴക്കുമ്പോള്‍
അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഇടതടവില്ലാതെ ഒഴുകി
എനിക്കു മരിക്കണ്ട,
കിടപ്പറയുടെ കുത്തിത്തുളയ്ക്കുന്ന ഇരുട്ടില്‍
പാരമ്യതയിലേക്ക് കുതിക്കുന്നതിന്നിടക്ക് അവള്‍ മന്ത്രിച്ചു
എനിക്കെന്താണു ചെയ്യേണ്ടതെന്നറിഞ്ഞുകൂടായിരുന്നു,
എനിക്ക് സത്യമായും എന്താ ചെയ്യേണ്ടതെന്നറിഞ്ഞുകൂടായിരുന്നു,
അവളെ തഴുകുകയും
ജീവിതം പോലെ ഉയര്‍ന്നുതാഴുമ്പോള്‍
ചേര്‍ത്തുപിടിക്കുകയുമല്ലാതെ,
നിഷ്കളങ്കരും പീഡിതരുമായ
ഫ്രാന്‍സിലെ കവികളെപ്പോലെ ഉയര്‍ന്നും താണും,
അവള്‍ ഭൂമിയിലേക്കു തിരിച്ചെത്തുംവരെ,
പിന്നെ അവളുടെ ചുണ്ടുകളില്‍ നിന്നു പൊട്ടിമുളച്ചു
അവളുടെ താരുണ്യകാണ്ഡങ്ങള്‍
മെട്രോയിലെ ചലിക്കും ഗോവണികളില്‍നിന്നുള്ള കരച്ചിലിന്റെ മാറ്റൊലികള്‍
ഒരേസമയം രണ്ടുപേര്‍ക്കൊപ്പം രതിയിലേര്‍പ്പെടുന്നതിന്റെ മാറ്റൊലികള്‍
അത് ഞൊടിയിടകൊണ്ട്
ഞങ്ങളുടെ കിടപ്പറനിറച്ചു.
അഴുക്കുഭാണ്ഡങ്ങള്‍ക്കും
അതില്‍ ഉപേക്ഷിക്കപ്പെട്ട കൈത്തോക്കുകള്‍ക്കും മീതെ
പുറത്തു മഴപെയ്തപ്പോള്‍
ഓര്‍മ്മയും കാരണവുമൊഴിച്ച്
എല്ലാത്തിനേയും അത് ഒലിച്ചിറക്കി
നിങ്ങളെ വട്ടാക്കുന്ന
അവളെ വട്ടാക്കുന്ന
ഉടുപ്പുകള്‍ , തുകലാവരണങ്ങള്‍, ഇറ്റാലിയന്‍ ബൂട്ടുകള്‍, അടിവസ്ത്രങ്ങള്‍
ഞങ്ങളുടെ മിന്നുന്ന വിങ്ങുന്ന കിടപ്പുമുറിയില്‍ അവ വന്നും പോയുമിരുന്നു.
അടുപ്പം കുറഞ്ഞ സാഹസങ്ങളുടെ മിന്നലാട്ടങ്ങള്‍
ഈയാമ്പാറ്റകണക്കെ അവളുടെ മുറിവേറ്റകണ്ണുകളില്‍ മിന്നിത്തിളങ്ങി
ഒരു പ്രണയവും അവസാനം വരെ നിലനില്‍ക്കുന്നില്ല
പക്ഷെ മറക്കാനാവാത്തതെന്ന് അന്തിമമായി തെളിയിക്കും
അതാണവള്‍ ജനാലപ്പടിയില്‍ ഇരുന്നുകൊണ്ട് പറഞ്ഞത്
സമയത്തില്‍ ഞാന്നുകിടക്കുന്ന അവളുടെ മുഖം,
അവളുടെ ചുണ്ടുകള്‍ : ഒരു പ്രതിമയുടെ ചുണ്ടുകള്‍
ഒരു മറക്കാനാവാത്ത പ്രണയം
മഴയ്ക്കു താഴെ
ആന്റിനകളാല്‍ രോമാഞ്ചപ്പെട്ട്,
ഇരുപതാംനൂറ്റാണ്ടിന്റെ പ്രാവിന്‍കാഷ്ഠവുമായി സഹവസിക്കുന്ന
പതിനേഴാംനൂറ്റാണ്ടിലെ മേടകള്‍ ഉയര്‍ന്നുനില്‍ക്കുന്ന
ആകാശത്തിനുതാഴെ
അതിനു നടുക്ക്
വേദനയുണ്ടാക്കാനുള്ള
അണയ്ക്കാനാവാത്ത എല്ലാ കഴിവുകളും
വര്‍ഷങ്ങളായി തോല്‍പ്പിക്കാനാവാത്തത്
പ്രണയങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനാവാത്തത്
മറക്കാനാവാത്തത്
അതെ അങ്ങനെതന്നെയാണവള്‍ പറഞ്ഞത്
ചെറുതും മറക്കാനാവാത്തതുമായ പ്രണയം,
ഒരു ചുഴലിക്കാറ്റുപോലെ?
അല്ല, ഒരു പ്രണയം
വെട്ടിമാറ്റപ്പെട്ട ഒരു ശിരസ്സിന്റെ ചുരുങ്ങിയ നിശ്വാസം പോലെ,
ഒരു രാജാവിന്റെ അല്ലെങ്കില്‍ ബ്രെട്ടണ്‍ ഗണത്തിന്റെ ശിരസ്സുപോലെ,
സൗന്ദര്യം പോലെ ചുരുങ്ങിയത്,
സൂക്ഷ്മമായ സൗന്ദര്യം,
അതില്‍ ഈ ലോകത്തിന്റെ മുഴുവന്‍ ഗാംഭീര്യവും ദുരിതവും ഉള്‍ക്കൊണ്ടിരുന്നു
സ്നേഹിക്കുന്നവര്‍ക്കു മാത്രമേ അതു കാണാനാവൂ