Thursday, June 25, 2015

അമ്മമാർ ഒരു താരാട്ട് പാടുന്നു( 1994 ലെ റുവാണ്ടൻ കൂട്ടക്കുരുതിക്കു ശേഷം)


ഉഗാണ്ട
അമ്മമാർ താരാട്ടുപാടുന്നു
നിഴലിനെ പുറത്താക്കി
ഇരുട്ട് മരങ്ങളിലേക്കിറങ്ങുന്നപോലെ
ആ ഐന്ദ്രിയമായ സ്വരങ്ങൾ അലയടിച്ചു ചുഴിയിടുന്നു
 വളർന്നുമുറ്റിയ പുല്ലുകൾക്കും കാട്ടുപൊന്തകൾക്കും ചുറ്റിൽ,
തലയറുക്കപ്പെട്ടു മരിച്ചവരുടെ മലകളെയും
അലറിവിളിച്ച തൊണ്ടകളെ പിളർത്തിയ
വടിവാളിൻ തിളക്കത്തെയും മറച്ചുകൊണ്ട്

ഈ താവളത്തിൽ ആനന്ദമേതുമില്ലെങ്കിലും
അമ്മമാർ ജീവിതത്തിന്റെ ലയാത്മകത സംഗീതം നിലനിർത്തുന്നു
ആകാംക്ഷയുള്ള കാറ്റിനെ കീഴടക്കുന്നു
കുട്ടികളുടെ ആത്മാവിലേക്കു ശക്തിപകർന്നു പാടാൻ
കുട്ടികൾ - പ്രാതലിന്റെ രുചിയിതുവരെ അറിയാത്തവർ
വൈകുന്നേരം ചീവീടിന്റെ ചിലപ്പ് കേൾക്കാത്തവർ
അമ്മമാർ താരാട്ടുപാടുന്നു
തുറിച്ചുനോക്കുന്ന മുഖങ്ങൾക്കായ്
കാലൊച്ച കേൾക്കുമ്പോഴേ പേടിച്ചു ചുരുളുവോർക്കായ്
കളിക്കൂട്ടുകാർ ഇളിക്കുന്ന അസ്ഥികൂടമായിത്തീർന്നവർക്കായ്
അമ്മമാരൊരു താരാട്ടുപാട്ടാവുന്നു

സങ്കടത്തിന്റെ ചൂളംവിളിയെ നിശ്ശബ്ദമാക്കികൊണ്ട്
രാ‍ാജ്യത്തിനു കരുണ തിരികെ കൊടുത്തുകൊണ്ട്

തൊഴിൽ

Uma Rajiv's photo.
കൊറിയ
പടയാളികൾ
പണിത്തിരക്കിലാണ്
ഒരു വീടുണ്ടാക്കുന്നു

അവർ ശരീരങ്ങൾ
ഭൂമിയിലേക്ക് അടിച്ചു താഴ്ത്തുന്നു
ആണിപോലെ,
അവർ ചുവരിൽ ചായം പൂശുന്നു
രക്തം കൊണ്ട്
വാതിലുകൾക്കകത്ത്
അടച്ചിരിക്കുന്നു ഒരു
കല്ലിന്റെ കണ്ണുകണക്കെ തഴുതിട്ട്
പടിക്കെട്ടുകൾക്കുള്ളിൽ
വഴുക്കുന്നു
എല്ലാ വിമാനങ്ങളും താഴേക്കു പോവുന്നു
ചാരം വീഴുന്ന
അവിടെങ്ങും നിലമില്ല
മേൽക്കൂരമാത്രം
ഇരുണ്ടമഞ്ഞ്
മനുഷ്യ മഞ്ഞ്
കനത്തിൽ , നിശ്ശബ്ദമായി
വീഴുന്നു
വരൂ, അവർ പറയുന്നു.
ഈ വീട് എന്നെത്തേക്കും നിലനിൽക്കും
നീയിവിടെ താമസിക്കണം
നീയും , നീയും‌‌-
നീയും, നീയും-
വരൂ അവർ പറയുന്നു.
ഇവിടെല്ലാവർക്കുമിടമുണ്ട്

അമ്മയുടെ പാരമ്പര്യസ്വത്ത്

സൌദി അറേബ്യ
അമ്മേ,
കല്യാണത്തിനിടാനുള്ള ഒരു മാലയുടെ പാരമ്പര്യസ്വത്തുപോലും
നീയെനിക്കു തന്നില്ല
പകരം ഒരു തലവെട്ടിയന്ത്രത്തിനു മേൽ ഉയർന്നുനിൽക്കുന്ന
ഒരു കഴുത്തു തന്നു.
എന്റെ മുഖം മറയ്ക്കാൻ ഒരു ചിത്രപ്പണികളുള്ള
മുഖപടം തന്നില്ല
പകരം നമ്മുടെ ആണുങ്ങളുടെ അരപ്പട്ടയിലെ കഠാരിപോലെ തിളങ്ങുന്ന
പ്രാപ്പിടിയൻ കണ്ണുകൾ തന്നു.
ഒരു ഈന്തപ്പനയെങ്കിലും നടാൻ പാകത്തിനു ഇത്തിരി മണ്ണുതന്നില്ല്ല
പകരം തന്നു , ഉർവ്വര ചന്ദ്രക്കലാപ്രദേശത്തെ* ആദിമഫലം:
എന്റെ ഗർഭപാത്രം

നീ എന്നെ അയല്പക്കത്തെ മറ്റെല്ലാ കുട്ടികളോടുമൊപ്പം
ഉറങ്ങാൻ സമ്മതിച്ചു
എന്റെ ദുഃഖം പുതിയ വിപ്ലവകാരിക്കു
ജന്മം കൊടുക്കാനെന്നപോലെ
നിന്റെ മനസ്സിന്റെ മാറാപ്പിൽ നിന്ന്
ഏദൻതോട്ടത്തിലെ ഒരു വിത്തു കണ്ടെത്താമെന്നും
ഋതുക്കൾ കൈവിട്ട എന്റെ ഹൃദയത്തിൽ
അതു നട്ടുമുളപ്പിക്കാമെന്നും ഞാൻ കരുതി
പകരം
നീ എനിക്കായി കരുതിവച്ചു
തെളിയാത്തൊരു കുട്ടിയുടെ പേരു വായ്ത്തലയിൽ കൊത്തിവച്ച
ഒരു ഉറയില്ലാ വാൾ
എന്നിലെ എല്ലാ പൊഴികളും
എല്ലാ ചിന്നലുകളും
തുറന്നു
ഒരു ഉറ
ഞാൻ വാളെന്റെ നെഞ്ചിലാഴ്ത്തി
എന്നാൽ ചുവരിനത് ഉൾക്കൊള്ളാനായില്ല
ഞാനതെന്റെ ശ്വാസകോശത്തിൽ തറച്ചു
എന്നാൽ കിളിവാതിലുകൾക്കത് പെട്ടിയിലൊതുക്കാനായില്ല
ഞാനതെന്റെ അരക്കെട്ടിലാഴ്ത്തി
എന്നാലാ പാർപ്പിടം തീരെ ചെറുതായിരുന്നു
അതു തെരുവിലേക്കു നീട്ടി
ഔദ്യോഗിക ഒഴിവുദിന അലങ്കാരങ്ങളെ
ഇനി വരുന്ന വിരുന്നുകാല ഋതുക്കളെ വിളിച്ചറിയിക്കുന്ന
നിലം മെഴുകിയ കീലുവരെ
പൊളിച്ചുകളഞ്ഞു
അമ്മേ,
ഇന്ന്, നീയെനിക്കു തന്ന പാരമ്പര്യ വസ്തുക്കൾ പിടിച്ചുവാങ്ങാ‍ൻ അവർ വന്നു
അവർക്ക് കുട്ടികളുടെ വിരലടയാളങ്ങൾ വായിക്കാനായില്ല
എന്റെ ഹൃദയധമനികൾക്കും
അമ്മവയറ്റിലെ കുട്ടികളെയെല്ലാം ഊട്ടുന്ന
പൊക്കിൾക്കൊടിക്കും ഇടയിലായി പരന്നു കിടക്കുന്ന
വഴികളിലൂടെ നടക്കാനവർക്കായില്ല
അയൽ‌പ്രദേശങ്ങളിലെ കുഞ്ഞുങ്ങളെ മുഴുവൻ
അവർ ചോദ്യം ചെയ്യാനായി തടഞ്ഞു വച്ചു
അവർക്കു കുട്ടികളുടെ നിഷ്കളങ്ക നോട്ടങ്ങളെ കുറ്റപ്പെടുത്താനായില്ല
അവരെന്റെ കീശകൾ തപ്പി
എന്റെ ഉടുപ്പൂരി
തൊലിപൊളിച്ചു
പക്ഷേ എന്റെ മാറിലെ
ഇരട്ടപ്രാവുകൾ
കൂടുകെട്ടിയിരിക്കുന്ന
മിന്നും നൂലുകളിലെക്കെത്താൻ
അവർക്കു കഴിഞ്ഞില്ല

നീ മാത്രം

കുവൈറ്റ് 


നീ മാത്രമാണ്.......... എന്റെ ചരിത്രം നിയന്ത്രിക്കുന്നത്
എന്നിട്ട് ആദ്യതാളിൽ നിന്റെ പേരെഴുതുന്നു
മൂന്നാമത്തേതിലും , പത്താമത്തേതിലും,
അവസാനത്തേതിലും

നിനക്കുമാത്രമാണ് എന്റെ ദിവസങ്ങൾ വച്ചു കളിക്കാനനുവാദമുള്ളത്
എന്റെ ജനനത്തിന്റെ ആദ്യ നൂറ്റാണ്ടുമുതൽ
സ്നേഹത്തിനു ശേഷമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടുവരെ
നിനക്കുമാത്രമാണ് നിന്റെ ഇഷ്ടത്തിനനുസരിച്ച്
എന്റെ ദിവസങ്ങളിലേക്കു കൂട്ടിച്ചേർക്കാനും
നിന്റെ ഇഷ്ടത്തിനനുസരിച്ച് നീക്കം ചെയ്യാനുമാവുക
ചരിത്രം മുഴുവനും നിന്റെ കൈവള്ളയിൽ നിന്നൊഴുകുന്നു
നിന്റെ കൈവെള്ളയിലേക്കൊഴുകുന്നു

Wednesday, June 17, 2015

ഉടലിന്റെ ആഘോഷം


 നിക്വരാഗെ
ഒരു ജീവിതം ജീവിച്ച എന്റെ ഉടലിനെ ഞാൻ സ്നേഹിക്കുന്നു
വെള്ളം പോലെ നനുത്ത അതിന്റെ മൺകൂജാ അതിർവരകളെ
എന്റെതലയോട്ടിയിൽ നിന്നു തുള്ളിത്തെറിച്ചു നിൽക്കുന്ന മുടിയിഴകളെ
തോളുകളിൽ നിന്നും പൂണെല്ലിൽ നിന്നും ഉയർന്ന്
ലോലമായ തണ്ടിലുറച്ച എന്റെ സ്ഫടികഗോളമായ മുഖത്തെ


പ്രാചീന നക്ഷത്രങ്ങൾ പതിഞ്ഞിരിക്കുന്ന
എന്റെപിൻഭാഗത്തെ ഞാൻ സ്നേഹിക്കുന്നു
എന്റെ മുലകളുടെ തെളിഞ്ഞ മുഴപ്പിനെ
പാലിന്റെ ഉറവയെ, നമ്മുടെ വംശത്തിന്റെ ആദ്യ ആഹാരത്തെ
നിവർന്നു നിൽക്കുന്ന വാരിയെൽക്കൂടിനെ

എന്റെ വഴങ്ങുന്ന അരയെ
എന്റെ വയറിന്റെ ഇളം ചൂടിനേയും നിറവിനേയും
നിരവധി ഗർഭധാരണങ്ങൾ ആകൃതിവയ്പ്പിച്ച
എന്റെ അരക്കെട്ടിന്റെ അമ്പിളിക്കല വളവിനെ
ഞാൻ സ്നേഹിക്കുന്നു

എന്റെ നിതംബത്തിന്റെ വിസ്താരമേറിയ തിരച്ചുരുളിനെ
കോവിലിന്റെ അടിത്തറയും താങ്ങുമായ
കാൽ‌വണ്ണയെയും കാൽ‌പ്പത്തിയേയും
 ഒരു കുടന്ന ഇരൂണ്ട ഇതളുകളെ ,
പറുദീസയുടെ നിഗൂഡമായ അതിരുകാക്കുന്ന കമ്പിളിരോമങ്ങളെ
നിണവും ജീവജലവുമൊഴുകുന്ന
നനഞ്ഞ പൊത്തിനെ
ഞാൻ സ്നേഹിക്കുന്നു

എന്റെയീ ഉടലിനു മുറിവേൽക്കാൻ കഴിയും
ജ്വരപ്പെടാനും
ആ നീരൊലിപ്പുകൾ, ചുമ , വിയർപ്പ്,
രഹസ്യഭാവങ്ങൾ  , മലം , ഉമിനീർ
ക്ഷീണമാവുന്നു, പഴയതും പിഞ്ഞിയതുമാവുന്നു

ജീവശ്ശരീരം, ശരീരത്തിന്റെ അവസാനിക്കാത്ത ചങ്ങലയിലെക്കുള്ള
ഒരു ഉറച്ച കണ്ണി
പവിത്രമായ മണ്ണിനാൽ തീർത്ത
ഈ ഉടലിനെ ഞാൻ സ്നേഹിക്കുന്നു
വിത്ത്, വേര്, നീര്, പൂവ് കായ്



Celebration of the body (Daisy Zamora)

I love this body of mine who has lived life,
contour of amphora, its smoothness of water,
the spurt of hair that crowns my skull,
Glass cup face, her delicate base
amounting neat from shoulders and clavicles.

I love my back pringada muted constellations,
my translucent hills, springs chest
giving the first living species.
Protruding ribs, mobile waist,
heaping bowl and warm in my belly.


I love the moon curve of my hips
modeled by alternating pregnancies,
roundness of the vast wave of my buttocks
and my legs and feet, foundation and support of the temple.


I love handful of dark petals, the hidden fleece
keeping the mysterious threshold of paradise,
wet cavity where blood flows
and flows living water.



This suffering my body gets sick,
draining, coughing, transpires,
secret moods and feces and saliva,
and weary, it runs out, it withers.


Living body, which ensures link
the endless chain of successive bodies.
I love this body made with the purest mud:
seed, root, sap, flowers and fruits.

പ്രണയസങ്കീർത്തനം


കൊളംബിയ
നീയൊരിക്കലും മറക്കാത്ത ഒരപരാ‍ഹ്നത്തിൽ
അവൻ നിന്റെ വീട്ടിൽ വരും
എന്നിട്ടാ മേശക്കരികിലിരിക്കും
പതുക്കെ പതുക്കെ അവന് എല്ലാ മുറികളിലും ഒരു ഇടമുണ്ടാവും
ചുവരിലും വീട്ടുപകരണങ്ങളിലും അടയാളങ്ങൾ ശേഷിപ്പിക്കും
കിടക്ക കുഴച്ചുമറിക്കും, തലയിണയിൽ ഒരു തുളയുണ്ടാക്കും
പുസ്തകഅലമാരയിൽ, വർഷങ്ങളായുള്ള വിലപ്പെട്ട വിന്യാസം
അവന്റെ രുചിക്കും കാഴ്ചയ്ക്കുമനുസരിച്ച് പുതിയ ഇടങ്ങൾ നേടും
പഴയ ഫോട്ടോകളും ഇവിടുന്നു മാറി അവിടെയിരിക്കും
മറ്റു കണ്ണുകൾ നിന്റെ രീതികളെ നോക്കും
ചുവരുകൾക്കും കെട്ടിപ്പിടുത്തങ്ങൾക്കുമിടയ്ക്കുള്ള
നിന്റെ പോക്കുവരവുകളെ.
പിന്നെ ദിവസേനയുള്ള ഒച്ചകളും മണങ്ങളും വ്യത്യസ്തമാവും
നീയൊരിക്കലും മറക്കാത്ത അപരാഹ്നങ്ങളിലൊന്നിൽ
അവൻ, നിന്റെ വീട് അലങ്കോലപ്പെടുത്തിയവൻ ,
നിന്റെ വസ്തുക്കളിലെല്ലാം കുടിയേറിപ്പാർത്തവൻ,
ഒരു യാ‍ത്രാമൊഴിപോലും പറയാതെ ഇറങ്ങിപ്പോകും
നിനക്കു നിന്റെ വീട് വീണ്ടുമൊരുക്കണം
വീട്ടുസാമാനങ്ങൾ യഥാസ്ഥാനത്തു വയ്ക്കണം
ചുവരുകൾ വൃത്തിയാക്കണം, പൂട്ടുകൾ മാറ്റണം, ഛായാപടങ്ങൾ കീറണം
ജീവിതം തുടരുവാനായി എല്ലാം തൂത്തുവാരണം



Ode to love (María Mercedes Carranza )


On an afternoon you’ll never forget
he will come to your house and sit at the table.
Bit by bit he will have a place in every room,
on the walls and the furniture he will leave traces,
he will unmake the bed and make a hollow in the pillow.



The books in the bookcase, that precious texture of years
will take new places according to his taste and looks,
old photos will also change from here to there.


Other eyes will look at your customs,
your comings and goings between walls and embraces,
and everyday noises and odors will be different.


On one of these afternoons that you’ll never forget
he who unmade your house and inhabited your things
will go out through the door without saying goodbye.



You will have to begin redoing your house,
putting the furniture in its place, cleaning the walls
changing the lock, tearing up portraits,
sweeping everything to go on living.

പ്രാർത്ഥന



പാകിസ്ഥാന്
ആ സ്ഥലം മുഴുവൻ ഭക്തന്മാരാണ് എന്ന് 
 പുറത്തു കുന്നുകൂടിക്കിടക്കുന്ന
ചെരുപ്പുകളിൽ നിന്നതു പറയാനാവും
ഉടമയുടെ അടയാളങ്ങൾ
തുകലിൽ, റബറിൽ പ്ലാസ്റ്റിക്കിൽ അണിഞ്ഞവ
അവരുടെ മുഖത്തേക്കാൾ തെളിഞ്ഞ ചിത്രം
ചേർത്തു വച്ചിരിക്കുന്നു,
ഒരുതരം മൌലികതയോടെ,
പുരികങ്ങളും കണ്ണുകളും, കവിളിൽ നിന്നു താടിയിലേക്കുള്ള ചരിവ്



എന്തു പ്രാ‍ർത്ഥനയാണ് അവർ മന്ത്രിക്കുന്നത്?
ഓരോരുത്തരും ഒരു അടയാളം ശേഷിപ്പിക്കുന്നുണ്ട്
ആവശ്യത്തിന്റെ ഏറ്റവും മികച്ച ക്രമം
കാല്പത്തിയും ഉപ്പൂറ്റിയും കാൽ‌വിരലുകളും
ഇരുളിൽ, വളഞ്ഞ ഏപ്പുകൾ,
ഉപ്പൂറ്റി താഴേക്ക് തുളഞ്ഞിരിക്കുന്നു,
വാറ് പിഞ്ഞിയിരിക്കുന്നു, പലപ്രാവശ്യം തുന്നിക്കുത്തിയിരിക്കുന്നു


കുഴച്ചുമറിച്ച നിരവധി പ്രതീക്ഷകൾ
അടയാളം വയ്ക്കാനായുള്ള ചതയലുകൾ
വിശുദ്ധഗ്രന്ഥങ്ങളുടെ താളുകൾ പോലെ തെളിവാർന്നത്
അക്ഷരങ്ങൾക്കു ചുറ്റും സ്വർണ്ണത്തിളക്കത്താൽ
ഒളിവീശുന്നത്

അവരെന്താണു മന്ത്രിക്കുന്നത്?
വെളിയിൽ, വെയിലത്ത്
ഇത്തരമൊരു ശാന്തമായ
ചെരുപ്പിൻ കൂട്ടം
ദൈവത്തിന്റെ ചുവരിൽ ഒന്നിച്ചു തല്ലിവെളുപ്പിക്കുന്ന
ആയിരക്കണക്കിനു പ്രാ‍ർത്ഥനകൾ പോലെ

Prayer

 
 
The place is full of worshippers.
You can tell by the sandals
piled outside, the owners’ prints
worn into leather, rubber, plastic,
a picture clearer than their faces
put together, with some originality,
brows and eyes, the slant
of cheek to chin.
What prayer are they whispering?
Each one has left a mark,
the perfect pattern of a need,
sole and heel and toe
in dark, curved patches,
heels worn down,
thongs ragged, mended many times.
So many shuffling hopes,
pounded into print,
as clear as the pages of holy books,
illuminated with the glint
of gold around the lettering.
What are they whispering?
Outside, in the sun,
such a quiet crowd
of shoes, thrown together
like a thousand prayers
washing against the walls of God.
 

Thursday, June 11, 2015

അടയ്ക്കാൻ തുടങ്ങുന്ന നേരം

ജപ്പാൻ

അടയ്ക്കാൻ തുടങ്ങുന്ന നേരം
ഒരു കാപ്പിക്കടയ്കക്കു മുന്നിൽ
നഗ്നമായ പാദങ്ങളും
തുറന്ന തോളുകളുമായി ഒരു പെൺകുട്ടി
അരമുള്ള വെള്ളിവീണ ശബ്ദത്തിൽ
ഒരു പഴയ നഴ്സറിപ്പാട്ട് പാടാൻ തുടങ്ങി

ഇടത്തുകൈയിൽ ചെരുപ്പ് തൂക്കിയിട്ട്
വലിയ കണ്ണീർത്തുള്ളികൾ പൊഴിച്ച് അവളുടെ അമ്മ
അവളുടെ വായ് പൊത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു

അവൾ കതറി മാറി
തന്റെ പാട്ടിനെ അമ്മയുടെ കയ്യിൽ നിന്ന്
രക്ഷിക്കാൻ ശ്രമിക്കുമ്പോൾ
സ്റ്റോപ്പ് ലൈറ്റിന്റെ പച്ച പ്രതിഫലിച്ച്
അവളുടെ മുലകൾ കുലുങ്ങി

സൗമ്യസുഗന്ധമുള്ള
ഒരു കൂട്ടം വസ്തുക്കളുടെ പൊട്ടിത്തെറിയ്ക്കലിനെ
ലോകത്തേയ്ക്ക് തുറന്നുവിട്ടുകൊണ്ട്
അവർക്കു ചുറ്റും രാത്രിയുടേ അനവധി നീണ്ട കൈയുകൾ
നിശ്ശബ്ദമായി പടർന്നു.

മരിച്ചപക്ഷികളുടെ ശരീരമുൾക്കൊള്ളുന്ന
നിശ്ശബ്ദതകൊണ്ടു നിറഞ്ഞു കവിയുന്ന ഭൂമിപോലെ -
ആർക്കറിയാം രാത്രി അത്തരം സുഗന്ധങ്ങളുടെ സമയമാണോ എന്ന്?

അതിന്റെ മടക്കുകളിൽ
പൊതിഞ്ഞിരിക്കുന്നവർക്ക്
അശ്രദ്ധമാകുന്നതിന്റെ ദുഖം

Wednesday, June 10, 2015

യഥാർത്ഥ പ്രേമം



പോളണ്ട്
യഥാർത്ഥ പ്രേമം
അതു സാധാരണമാണോ? ഗൗരവമുള്ളത്‌, നടപ്പാവുന്നത്‌?
തങ്ങളൂടേതായ ഒരു ലോകത്ത്‌ നിലകൊള്ളുന്ന രണ്ടുപേരിൽ നിന്നു ലോകത്തിനെന്താണു ലഭിക്കുക?

ഒരു കാര്യവുമില്ലാതെ ഒരേ താങ്ങില്‍ നിലനിന്ന്
മുന്നൊരുക്കങ്ങളില്ലാതെ അനേകങ്ങളിൽ നിന്നു പിന്‍വലിച്ച്‌
പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് വിശ്വസിപ്പിച്ച്‌-
എന്തിനു പകരമായി?
ഒന്നിനുമല്ല.
വെളിച്ചം ഒരിടത്തുനിന്നും അരിച്ചിറങ്ങുന്നില്ല
എന്തുകൊണ്ട് മറ്റാരിലുമല്ലാതെ ഈ രണ്ടുപേര്‍ക്കുമേൽ മാത്രം?
ഇത്‌ നീതിയെ കയ്യേറ്റം ചെയ്യലല്ലേ? അതെ. അതുതന്നെ
ഇത്‌ വേദനയോടെ ഉയർന്നുനിൽക്കുന്ന തത്വങ്ങളേ ഭേദിക്കുകയല്ലേ?
ഗുണപാഠങ്ങളെ തുഞ്ചത്തുനിന്നു തള്ളിയിടുകയല്ലേ?
അതേ. രണ്ടുകണക്കിലും
ആ സന്തുഷ്ടരായ ഇണകളെ നോക്കൂ
അവർക്കതൊന്ന് ഒളിപ്പിക്കാൻ ശ്രമിച്ചൂകൂടേ?
അവരുടെ കൂട്ടുകാരെയോർത്തെങ്കിലും ഒരു കള്ളവിഷാദം നടിച്ചുകൂടേ?
അവർ പൊട്ടിച്ചിരിക്കുന്നതു കേൾക്കൂ- അതൊരു നിന്ദയാണ്‌
അവരുപയോഗിക്കുന്ന ഭാഷ- വഴിതെറ്റിക്കുന്നത്ര ശുദ്ധമാണ്‌
അവരുടെ ചെറിയ ആഘോഷങ്ങൾ, ആചാരങ്ങൾ,
വിപുലമായ പരസ്പരശീലങ്ങൾ-
സംശയം വേണ്ട അത്‌ മനുഷ്യകുലത്തെ പുറകോട്ടുവലിക്കാനുള്ള ഗൂഢാലോചനയാണ്‌!
കാര്യങ്ങൾ ഏതുവരെ പോകുമെന്ന് ഊഹിക്കാൻ പ്രയാസമാണ്‌
ആളുകൾ അവരെ മാതൃകയാക്കാൻ തുടങ്ങിയാൽ.
മതത്തിനും കവിതയ്ക്കും എന്തിനെ അവലംബമാക്കാൻ കഴിയും?
എന്തോർമ്മിക്കപ്പെടും?എന്ത്‌ നിരാകരിക്കും?
കെട്ടുപാടുകൾക്കുള്ളിൽ കഴിയാൻ ആർക്കു താത്പര്യം?
യഥാര്‍ത്ഥപ്രേമം അത്‌ ശരിക്കും അത്യാവശ്യമാണോ?
കൗശലവും സാമാന്യബോധവും അതു നിശ്ശബ്ദമായി കൈമാറാൻ പറയുന്നു,
ജീവിതത്തിന്റെ ഉന്നതവൃത്തങ്ങളിലെ ഒരു അപവാദകഥപോലെ.
എല്ലാം തികഞ്ഞ നല്ല കുട്ടികൾ അതിന്റെ സഹായമില്ലാതെ ജനിക്കുന്നു
അതിന് ഈ ഗ്രഹത്തിൽ കോടാനുകോടികൊല്ലംകൊണ്ടും പെരുകുവാൻ സാധിക്കില്ല
അതു വളരെ അപൂർവ്വമായേ വരൂ
ഇതുവരെ ശരിയായ പ്രേമം കണ്ടെത്താത്തവർ
അങ്ങനെയൊന്നില്ല എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കട്ടെ
അവരുടെ വിശ്വാസം അവരെ എളുപ്പത്തിൽ ജീവിക്കാനും മരിക്കാനും കഴിയുന്നവരാക്കും.

എന്റെ അവസാനത്തെ രതിക്കവിത


.
കാനഡ
ആർക്കാണ് കേൾക്കേണ്ടത്
പൂന്തോട്ടപ്പുരയിൽ കൃമികീടങ്ങൾക്കിടയിലെ
ബ്യൂക്കിന്റെ പിൻസീറ്റിലേയ്ക്ക്
രണ്ട് പഴഞ്ചൻ കീഴ്ശ്വാസങ്ങൾ പോകുന്നത്

അടുക്കളയിൽ നമ്മൾ ഓവൽടിൻ കുടിക്കുന്നതും
പറ്റില്ല എന്നുപറയുന്നതും? ആർക്കണ് കേൾക്കേണ്ടത്
26 കൊല്ലത്തെ കുത്തിക്കേറ്റലിനെക്കുറിച്ച്
ഒരിക്കലും ചന്തമില്ലാതിരുന്ന മാംസം
ഇപ്പോൾ ചുടാത്ത പിസ്സാമാവ് പോലെ അയഞ്ഞ്
കൈകൾക്കിടയിൽ അമ്മാനമാടുന്നതിനു മുൻപ് തൂങ്ങുന്നതിനെക്കുറിച്ച്?

ആർക്കാണ് കേൾക്കേണ്ടത് രണ്ട് വൃദ്ധപ്രണയികൾ
ചളി, വെള്ളത്തിലെന്നപോലെ ഒന്നിച്ചു കൊട്ടുന്നത്
വേണ്ടാത്തിടത്ത് രോമം
വേണ്ടിടത്ത് ഒരിത്തിരി

എന്റെ കുഴിനഖം കുത്തിയ കാൽ വഴുതുന്നു
നിന്റെ എല്ലുപിടിച്ച കാൽവണ്ണയിൽ

നിന്റെ പരുത്ത കയ്യുകൾ താഴുന്നു
എന്റെ വയറിന്റെ വേഗനിരക്കത്തിൽ

നമ്മുടെ വഞ്ചകരായ പൃഷ്‌ഠങ്ങൾ
പടപടശബ്ദമുണ്ടാക്കുന്നു , കുഴഞ്ഞു വീണോ?

താഴെയുള്ളത് കാണാൻ നമ്മൾക്ക് കണ്ണട വയ്ക്കണം
നിനക്കെന്താ വേണ്ടതെന്ന് നീ പിറുപിറുക്കുന്നത്എനിക്ക് കേട്ടൂടാ

എന്നാാലും എങ്ങനെയെങ്കിലും അത് ചെയ്യ്,
ഒരു വിധത്തിൽ ശരിയാക്കു, നേരിടൂ

ചില രാത്രികളിൽ നമ്മൾ
ഹാഗൻ -ഡാസ് ഐസ്ക്രീംബാർ തിന്നും
അല്ലെങ്കിൽ കാണാൻ നമ്മളേക്കാൾ മോശമായ
നിക്ക് നോൽട്ട് നടിക്കുന്ന സിനിമകാണും

ചിലരാാത്രികളിൽ നമ്മൾ പൂച്ചകളെ തലോടും
ആർക്കാണറിയേണ്ടത് നമ്മളതെല്ലാം ചെയ്യുന്നുണ്ടോ എന്ന്

നമമൾ വേഗതകൂട്ടുന്നു , ആദ്യമായി ആത്ർമാർത്ഥമായിട്ടെന്നപോലെ
ആദ്യത്തെതവണപോലെ,
നമ്മൾക്കത് ഓർക്കാനായാൽ മാത്രം
നമ്മളുടെ പഴകിയ ശരീരങ്ങൾ ചെയ്യുന്നതെന്തെന്ന് അറിയുമോ
തേഞ്ഞ് , സുന്ദരമായ , നാണം മറന്ന ശരീരങ്ങൾ ചെയ്യുന്നത്



Tuesday, June 9, 2015

പ്രയാണം


സിറിയ

മഞ്ഞിന്റേയും തീയ്യിന്റേയും
ജീവിതം പകുത്തെടുക്കാൻ
ഞാൻ അലഞ്ഞു

എന്നാൽ തീയ്യോ മഞ്ഞോ എന്നെ
കൂട്ടത്തിൽ കൂട്ടിയില്ല
അതുകൊണ്ടു ഞാൻ ശാന്തമായിത്തന്നെയിരുന്നു.
പൂക്കളേപ്പോലെ കാത്തിരുന്നു
കല്ലുകളെപ്പോലെ നിലകൊണ്ടു
പ്രണയത്തിലെനിക്ക്‌ എന്നെത്തന്നെ
നഷ്ടപ്പെട്ടു
ഞാൻ പൊട്ടിത്തകർന്നു

ഞാൻ നോക്കിയിരുന്നു
ഒരു തിരപോലെ ഞാൻ സ്വപ്നം കണ്ട ജീവിതത്തിനും
ഞാൻ ജീവിച്ച മാറിമറിയപ്പെട്ട സ്വപ്നത്തിന്നുമിടയ്ക്‌
ഉലയുന്നത്‌

നിരാകരണം


അമേരിക്ക

പ്രിയപ്പെട്ടവനെ,
മറ്റേതെല്ലാം ജന്മത്തിൽ, ഇടങ്ങളിലാവാം
ഞാൻ നിന്റെ ചുണ്ടുകളറിഞ്ഞിട്ടുണ്ടാവുക
നിന്റെ കയ്യുകൾ
നിന്റെ ധൈര്യമുള്ള ചിരി
പുച്ഛം നിറഞ്ഞത്‌
ആ മധുരമുള്ള ആധിക്യത്തെ
ഞാൻ ആരാധിക്കുന്നു

എന്തുറപ്പാണുള്ളത്‌
നമ്മളിനിയും കണ്ടുമുട്ടുമെന്നതിന്‌.
മറ്റൊരു ലോകത്ത്‌
ഭാവിയിൽ തീയതി നിശ്ചയിക്കപ്പെടാത്ത ഒരു സമയത്ത്‌.

ഞാനെന്റെ ഉടലിന്റെ തിക്കിതിരക്കലിനെ
നേരിടാം
മറ്റൊരു മധുരമായ കണ്ടുമുട്ടലിന്റെ വാഗ്ദാനമില്ലാതെ
ഞാൻ മരണത്തിനു വഴങ്ങിക്കൊടുക്കുകയില്ല.





കവിത കേൾക്കാം

ഉയിർത്തെഴുന്നേൽപ്പ്

ചിലി
ഒരു മുങ്ങൽ വിദഗ്ദ്ധൻ നദിയിലേക്കെന്ന പോലെ
കവിത സ്വപ്നത്തിലേക്കു വഴുതുന്നു
കവിത, മറ്റാരേക്കാളും ധൈര്യശാലി
ലോച്ച്നെസ്സ് പോലെ അനന്തമായൊരു തടാകത്തിലേക്കോ
കലങ്ങിമറിഞ്ഞതും അവ്യക്തവുമായ ബാള്‍ട്ടണിലേക്കോ എന്നപോലെ
കുത്തനെ വീഴുകയും മുങ്ങുകയും ചെയ്യുന്നു
അതിന്റെ താഴെനിന്നൊന്നു നോക്കൂ:
ഒരു മുങ്ങൽ വിദഗ്ദ്ധൻ
നിഷ്കളങ്കൻ
ആഗ്രഹത്തിന്റെ തൂവലിൽ പൊതിഞ്ഞവൻ.
കവിത സ്വപ്നത്തിലേക്കു തെന്നുന്നു
ദൈവത്തിന്റെ കണ്ണിൽ മരിച്ച ഒരു മുങ്ങൽ വിദഗ്ദ്ധനെപ്പോലെ

കുടുംബചിത്രം




ബ്രസീൽ

അതെ , ഈ കുടുംബചിത്രം
ഇത്തിരി പൊടിപിടിച്ചതാണ്
അച്ഛന്റെ മുഖം ശരിക്കും കാണിക്കുന്നില്ല
അദ്ദേഹം എത്ര പണം സമ്പാദിച്ചെന്ന്.

അമ്മാവന്റെ കൈകൾ വെളിപ്പെടുത്തുന്നില്ല
അവ രണ്ടും കൂടി നടത്തിയ പ്രയാണങ്ങൾ
അമ്മൂമ്മയുടേത്‌ മിനുങ്ങിയും മഞ്ഞച്ചും
അവർ ഏകാധിപത്യം മറന്നിരിക്കുന്നു

കുട്ടികൾ, അവരെത്രമാത്രം മാറി
പീറ്ററിന്റെ മുഖം ശാന്തം
അതണിഞ്ഞിരിക്കുന്നു
ഏറ്റവും നല്ല സ്വപ്നങ്ങൾ
ജോൺ ഇനി ഒരു നുണയനേയല്ല

പൂന്തോട്ടം മനോഹരമായിത്തീര്‍ന്നിരിക്കുന്നു.
പൂക്കൾ ചാര അടയാളങ്ങളാകുന്നു
മണ്ണാവട്ടെ, മരിച്ചകാലുകൾക്കടിയിൽ
മഞ്ഞിന്റെ ഒരു കടല്‍.

കൈയുള്ള കസേരകളുടെ അർദ്ധവൃത്തങ്ങളിൽ
പ്രത്യേകമായ ഒരനക്കം ശ്രദ്ധയിൽ പെട്ടു.
കുട്ടികൾ സ്ഥലം മാറുന്നു
പക്ഷേ ഒച്ചയില്ലാതെ! ഇതൊരു പടമാണ്.

ഇരുപതു കൊല്ലം ഒരു നീണ്ടകാലമാണ്
അതിനെന്തു ഛായയും രൂപപ്പെടുത്താനാവും
ഒരു മുഖം മായാൻ തുടങ്ങുമ്പോള്‍
മറ്റൊന്നു സ്വയം തെളിയും, ചിരിതൂകിക്കൊണ്ട്‌.

ഈ ഇരിക്കുന്നവരെല്ലാം അപരിചിതരാണ്,
എന്റെ ബന്ധുക്കൾ? ഞാനിത് വിശ്വസിക്കുന്നില്ല
അപൂർവ്വമായി തുറക്കുന്ന ഒരു സല്ല്ലാപശാലയിലെ
സ്വയം അത്ഭുതപ്പെടുത്തുന്ന അതിഥികളാണവർ

കുടുംബലക്ഷണങ്ങൾ ദേഹങ്ങളുടെ കളിയിൽ
നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു.
പക്ഷേ ധ്വനിപ്പിക്കാൻ വേണ്ടുവോളമുണ്ട്.
ഒരു ശരീരം മുഴുവൻ അത്ഭുതങ്ങളായതിനാൽ.

ഈ കുടുംബചിത്രത്തിന്റെ പുറംചട്ട
അതിന്റെ ശ്രേഷ്ഠവ്യക്തികളെ പിടിച്ചുവയ്ക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു
അവർ അവർക്കിഷ്ടമുള്ളിടത്ത് സ്ഥാനം പിടിച്ചിരിക്കുന്നു
അവർക്കറിയാമായിരിക്കും - ആവശ്യം വന്നാൽ‌-പറക്കാൻ

മുറിയുടെ ഇരുൾവെളിച്ചവീഴ്ച്ചകളിൽനിന്ന്
അവര്‍ക്കു സ്വയം തെളിഞ്ഞുവരാനായേക്കും
വീട്ടുപകരണങ്ങൾക്കുള്ളിൽ ജീവിക്കാൻ
അല്ലെങ്കിൽ പഴയ കൈയില്ലാക്കുപ്പായങ്ങളുടെ കീശകളിൽ.

വീടിനു നിരവധി വലിപ്പുകളുണ്ട്
കടലാസുകൾ, നീണ്ട ഗോവണികൾ
കാര്യങ്ങൾ അലസോരപ്പെടുമ്പോൾ
ദ്രോഹചിന്തകൾ ആർക്കറിയാം?

ചിത്രം ഉത്തരം തരില്ല്ല.
അത് തുറിച്ചു നോക്കും, എന്റെ മങ്ങിയകണ്ണുകളിൽ
അത് സ്വയം ധ്യാനിക്കും
ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ബന്ധങ്ങൾ.

ചില്ലിൽ പെരുകുന്നത്
ഞാൻ അവയെ തിരിച്ചറിയില്ല
നിലനിൽക്കുന്നതില്‍നിന്നും പൊയ്പ്പോയവയെ.
ഞാൻ ഇതു മാത്രംതിരിച്ചറിയും
കുടുംബത്തിന്റെ അപരിചിതമായ ആശയം

മാംസത്തിലൂടെ സഞ്ചരിക്കുന്നത്.

ചുമർച്ചിത്രം

റൊമേനിയ
നരകത്തിൽ പാപികളെ
പരമാവധി ഉപയോഗപ്പെടുത്തും

ചവണകൊണ്ട് ബ്രൂച്ചുകളും മുടിപ്പൂക്കളും മോതിരങ്ങളും
ചണത്തുണിയും കിടക്കവിരികളും പെണ്ണുങ്ങളുടെ തലയിൽ നിന്നു വേർതിരിച്ചെടുക്കും
എന്നിട്ടവരെ തിളക്കുന്ന കുട്ടകങ്ങളിലേക്ക് എറിയും
ഗന്ധകം തിളച്ചുമറിഞ്ഞു പുറത്തേക്കൊഴുകുന്നുണ്ടോ
എന്നു ശ്രദ്ധിക്കാനായി

പിന്നെ ചിലർ അത്താഴപാത്രങ്ങളായി
പാകപ്പെടും
അതിൽ അടിത്തൂൺ പറ്റിയ പിശാചുക്കളുടെ വീടുകളിലേക്ക്
ചൂടൻ പാപങ്ങൾ നിറച്ച്‌ കൊടുത്തുവിടും

ആണുങ്ങൾ ആണ് കനപ്പെട്ട ജോലിക്ക് നിയോഗിക്കപ്പെടുക
തലമുടിയധികമുള്ളവരെ അതിൽ നിന്നൊഴിവാക്കും
അവരെ പുതുമവിടാതെ നൂറ്റെടുത്ത്
ചവിട്ടികളാക്കി മാറ്റും

ചിതറിപ്പോയ സമ്മേളനം

സ്വീഡൻ
1

നമ്മള്‍ തയ്യാറായിട്ട് നമ്മുടെ വീടുകള്‍ കാണിച്ചുകൊടുത്തു.
സന്ദര്‍ശകര്‍ വിചാരിച്ചു: നീ നന്നായി ജീവിക്കുന്നു
ചേരി നിന്റെ ഉള്ളിലായിരിക്കും

2

പള്ളിക്കുള്ളില്‍ , തൂണുകളും കമാനങ്ങളും
വെളുത്ത പ്ലാസ്റ്റര്‍ പോലെ,
വിശ്വാസത്തിന്റെ ഒടിഞ്ഞകയ്യില്‍
പൊത്തിവച്ചിരിക്കുന്നപോലെ

3

പള്ളിക്കുള്ളില്‍ ഒരു പിച്ചപ്പാത്രമുണ്ട്
അതു പതുക്കെ നിലത്തുനിന്നുയരുന്നു
എന്നിട്ടു ചാരുബഞ്ചുകളിലേക്ക് ഒഴുകുന്നു

4

പക്ഷെ പള്ളിമണികളെല്ലാം പാതാളത്തിലേക്ക് പോയിരിക്കുന്നു
അവ മലിനജലക്കുഴലുകളില്‍ തൂങ്ങിക്കിടക്കുന്നു
നമ്മള്‍ ഓരോ അടിവയ്ക്കുമ്പോഴും അവ മുഴങ്ങുന്നു

5

നിക്കൊഡെമസ് എന്ന ഉറക്കസഞ്ചാരി
മേല്‍വിലാസത്തിലേക്കുള്ള അവന്റെ യാത്രയിലാണ്
ആര്‍ക്കാണ് മേല്‍വിലാസമറിയുന്നത്?
അറിയില്ല. പക്ഷെ നമ്മള്‍ അവിടേക്കാണോ പോകുന്നത്?

പുഴ


 ജപ്പാൻ

അമ്മേ
ഈ പുഴയെന്തിനാ ചിരിക്കുന്നേ?
എന്താന്നൊ, സൂര്യൻ പുഴയെ ഇക്കിളികൂട്ടീട്ടാ

അമ്മേ
ഈ പുഴയെന്തിനാ പാടുന്നേ?
അതേ, വാനമ്പാടി പുഴയുടെ ശബ്ദത്തെ പുകഴ്ത്തിപ്പറഞ്ഞിട്ടാ

അമ്മേ,
ഈ പുഴയ്ക്കെന്താ തണുപ്പ്?
ഒരിക്കൽ മഞ്ഞ് അതിനെ സ്നേഹിച്ചിരുന്നത് ഓർത്തിട്ടാ

അമ്മേ,
ഈ പുഴയ്ക്കെത്രവയസ്സായി?
അതിനു എന്നെന്നുമുള്ള വസന്തത്തിന്റെ അതേപ്രായമാ

അമ്മേ,
ഈ പുഴയെന്താ ഒരിക്കലും വിശ്രമിക്കാത്തെ?
അതോ, അത് അമ്മക്കടൽ പുഴ വീട്ടിൽ തിരിച്ചുചെല്ലുന്നതും കാത്തിരിക്കയല്ലെ

ലൂപ്പെ




ചിലി
അവൾ ഗുറേരോയിൽ ജോലി ചെയ്തു,
ജൂലിയന്റേതില്‍നിന്നു കുറച്ചു തെരുവുകൾക്കു താഴെ
അവൾക്കു പതിനേഴായിരുന്നു പ്രായം
ഒരു മകന്‍ മരിച്ചുപോയിരുന്നു

ഹോട്ടൽ ട്രെബോളിലെ
വിശാലവും ഇരുണ്ടതുമായ
കുളിമുറിയും ശൗചാലയവുമുള്ള
കുറച്ചു കൊല്ലങ്ങൾ സുഖമായി താമസിക്കാവുന്ന
മുറിയിൽ
ആ ഓർമ്മ അവളെ കരയിച്ചു
കെട്ടിച്ചമച്ച ഓർമ്മകളുടെ ഭീകരകവിതകൾ ഉള്ള
ഒരു പുസ്തകമെഴുതാൻ ഉത്തമമായ ഒരിടം

ലൂപ്പെ മെലിഞ്ഞതായിരുന്നു
ലോലമായ കാലുകളും അതിന്മേൽ
പുള്ളിപ്പുലികണക്കെ കുത്തുകളും ഉണ്ടായിരുന്നു
ആദ്യത്തെ തവണ എനിക്ക് ഉദ്ധാരണംപോലും ഉണ്ടായില്ല:
എനിക്ക് ഉദ്ധാരണം ആവശ്യമുണ്ടായിരുന്നില്ല.
ലൂപ്പെ അവളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു
അവൾക്കെന്താണോ സന്തോഷം അതിനെക്കുറിച്ച്

ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ വീണ്ടും കണ്ടു.
മറ്റു ചെറിയ കൗമാരവേശ്യകൾക്കൊപ്പം ഒരു മൂലയോട് ചേർന്ന്
ഒരു പഴയ കാഡിലാക്കിന്റെ മറയും ചാരി
ഞാനവളെ കണ്ടു
ഞാൻ വിചാരിച്ചു ഞങ്ങൾ പരസ്പരം കണ്ടാൽ സന്തോഷിക്കുമെന്ന്.

അപ്പോൾ മുതൽ അവൾ അവളുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങി,
ചിലപ്പോൾ കരഞ്ഞ്, ചിലപ്പോൾ ഭോഗിച്ച്, മിക്കവാറും കിടക്കയിൽ നഗ്നരായി,
മച്ചിലേക്ക് തുറിച്ചു നോക്കി, കയ്യിൽ കൈചേർത്ത്

അവളുടേ മോൻ രോഗിയായാണ് ജനിച്ചത്
ലൂപ്പെ വിശുദ്ധകന്യകയോട് പ്രതിജ്ഞ ചെയ്തു
അവളുടെ കുട്ടിക്ക് സുഖമായാൽ അവളുടെ ഈ ഇടപാട് നിർത്തുമെന്ന്
അധികം വൈകാതെ അവളുടെ മകൻ മരിച്ചു
ലൂപ്പെ പറഞ്ഞു തെറ്റ് അവളുടേതാണ്
വിശുദ്ധകന്യകയുമായുള്ള വിലപേശൽ അവൾ തുടർന്നില്ല.
വിശുദ്ധകന്യക കൊച്ചുമാലാഖയെ എടുത്തു,
വാഗ്ദാനലംഘനത്തിന്റെ പ്രതിഫലമായി

എനിക്കെന്താ പറയേണ്ടതെന്നറിഞ്ഞുകൂടായിരുന്നു.
എനിക്ക് തീർച്ചയായും കുട്ടികളെ ഇഷ്ടമാണ്
പക്ഷെ എന്റെ മുന്നിൽ ഇനിയും വർഷങ്ങളുണ്ട്
ഒരു മകനുണ്ടായാൽ എങ്ങനെയാവുമെന്നറിയാൻ
അതിനാൽ ഞാൻ നിശ്ശബ്ദനായി കിടന്നു
ആ ഹോട്ടലിലെ നിശ്ശബ്ദതയിൽ നിന്നുയരുന്ന
ഭയാനകമായ അനുഭവത്തെക്കുറിച്ച് ഓർത്തുകൊണ്ട്.
ഒന്നുകിൽ ചുമരുകൾ നല്ല കനമുള്ളതായിരിക്കണം
അല്ലെങ്കിൽ നമ്മൾ മാത്രമായിരുന്നിരിക്കണം അന്തേവാസികൾ
അതുമല്ലെങ്കിൽ മറ്റുള്ളവർ ഒന്നു വിലപിക്കുവാൻ പോലും വായ തുറന്നിരിക്കില്ല

ലൂപ്പെയെ സവാരിചെയ്യിക്കാൻ എളുപ്പമാണ്
ഒരാണായി തോന്നുവാനും
പിന്നെ കൊള്ളരുതാത്തവനാായി തോന്നുവാനും.
അവളെ നമ്മുടെ താളത്തിലേക്ക് കൊണ്ടുവരാനും എളുപ്പമാണ്
ബുകറേലി തിയറ്ററിൽ അടുത്തിടെ കണ്ട ഭീകരസിനിമയെക്കുറിച്ചുള്ള
പുലമ്പൽ കേട്ടുകിടക്കാനും എളുപ്പമാണ്

അവളുടെ പുള്ളിപ്പുലിക്കാല് എന്റെ അരക്കെട്ടിനെ ചുറ്റിവരിയുന്നു
എന്റെ മുലക്കണ്ണോ ഹൃദയമിടിപ്പോ തിരഞ്ഞ്
അവൾ അവളുടെ തല എന്റെ നെഞ്ചിൽ പൂഴ്ത്തുന്നു
നിന്റെ ഈ ഭാഗമാണ് എനിക്ക് വലിച്ചുകുടിക്കേണ്ടത്
ഒരു രാത്രിഎന്നോടവൾ പറഞ്ഞു
എന്താണ് ലൂപ്പെ? നിന്റെ ഹൃദയം

ഒടുക്കവും തുടക്കവും






പോളണ്ട്

എല്ലാ യുദ്ധത്തിനു ശേഷവും
ആരെങ്കിലും വൃത്തിയാക്കുവാൻ വേണം
എന്തൊക്കെയായാലും
കാര്യങ്ങളൊന്നും തനിയെ നേരെയാവില്ല ,

ആരെങ്കിലും പൊളിഞ്ഞുവീണതെല്ലാം
വഴിയുടെ ഓരത്തേക്ക് തള്ളിനീക്കണം
എന്നാലല്ലേ ശവം നിറച്ച വണ്ടികൾക്ക്
കടന്നുപോകാനാവൂ

ആരെങ്കിലും പൂണ്ടുകിടക്കണം,
ചെളിയിലും ചാരത്തിലും ,
സോഫയുടെ സ്പ്രിങ്ങിൽ
ചില്ലിന്റെ ചീളിൽ
ചോരത്തടുക്കിൽ

ചുമരു താങ്ങിനിർത്താൻ
ആരെയെങ്കിലും ഒരു തൂണിലേക്ക്
വലിച്ചു കെട്ടണം
ആരെങ്കിലും ജനലൊക്കെ തുടച്ചുമിനുക്കണം
വാതിലുകൾ വീണ്ടും ചട്ടത്തിൽ ചേർക്കണം

ശബ്ദപ്പൊട്ടുകളോ , ചിത്രം പിടിക്കാനുള്ള അവസരമോ ഇല്ല
അതിനിനി കൊല്ലങ്ങളെടുക്കും
കാമറകളെല്ലാം മറ്റൊരു
യുദ്ധത്തിനായി പോയിരിക്കുന്നു

നമുക്കെല്ലാവർക്കും
പാലം തിരികെ വേണം
പുതിയ തീവണ്ടിയാപ്പീസുകളും
ഷർട്ടിന്റെ കയ്യുകളെല്ലാം
മുകളുലേക്ക് തെറുത്തു വച്ചാൽ
കീറി തുണ്ടുതുണ്ടാവും

ചൂലുകയ്യിലുള്ള ആരോ
ഇന്നുമോർക്കുന്നു അതു നടന്നത്
മറ്റാരോ കേൾക്കുന്നു
ചിതറിത്തെറിക്കാത്ത തലയാട്ടുന്നു.
പക്ഷെ ഉത്സാഹിച്ചു ചുറ്റും കൂടിയ ചിലർ
ഇത് മടുപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്നു

കാട്ടുപൊന്തകൾക്കു പുറത്തു നിന്ന് ആരോ
തുരുമ്പിച്ചു തീർന്ന വാഗ്വാദങ്ങൾ കുഴിച്ചെടുക്കുന്നു
എന്നിട്ടത് കുപ്പത്തൊട്ടിയിലേക്ക് ചുമക്കുന്നു

ഇവിടെ എന്തു നടക്കുന്നു എന്നറിയാവുന്നവർ
അറിയാത്തവർക്ക് വഴിതുറന്നുകൊടുക്കണം
പിന്നെ അതിലും കുറച്ചറിയാവുന്നവർക്ക്
അവസാനം ഒന്നുമറിയാത്തവർക്ക്

കാരണത്തിനും ഫലത്തിനും മീതെ
വളർന്നു മുറ്റിയ പുല്ലിൽ
ആരെങ്കിലും നിവർന്ന് കിടക്കണം
വായിൽ പുല്ലിന്റെ വായ്ത്തലകളോടെ
മേഘങ്ങളെ ഉറ്റുനോക്കിക്കൊണ്ട്

മഴ






                                     ക്ലാരിബെല്‍ അലെഗ്രിയാ 
                               നിക്കരാഗ്വേ

പെയ്യുന്നമഴ
കല്ലുകൾക്കിടയില് ഇറ്റുവീഴുമ്പോലെ
ഓർമ്മകൾ കുമിളയിടുന്നു
മഴഎന്റെ നെറ്റി തുളച്ചപോലെ

ഒഴുകി
കുഴഞ്ഞുമറിഞ്ഞൊഴുകി
ഓർമ്മകൾ വരുന്നു

പണിക്കാരിയുടെ കുഞ്ഞുശബ്ദം
എന്നോട് പ്രേതകഥകൾ പറയുന്നു
അവർ എന്റെ അടുത്തിരിക്കുന്നു
പ്രേതങ്ങൾ
കിടക്ക വിണ്ടുകീറി
ആ ഇരുണ്ട ഊതനിറമുള്ള അപരാഹ്നത്തിൽ
നീ പോകുകയാണെന്നു ഞാനറിഞ്ഞപ്പോൾ
തിളങ്ങുന്ന ഒരു വെള്ളാരംകല്ല്
നിരന്തരമായ ഉരസൽകൊണ്ട്
ഒരു വാൽനക്ഷത്രമായി തീർന്നു

മഴപെയ്യുന്നു
പെയ്യുന്നു
ഓർമ്മകൾ നിറഞ്ഞൊഴുകുന്നു
അവർ എന്നെ കാണിച്ചുതന്നു
ഒരു വിവേകശൂന്യമായ ലോകം
അത്യാർത്തിനിറഞ്ഞ ലോകം
പടുകുഴിയായ
ഒളിയാക്രമണത്തിന്റെ
ചക്രവാതത്തിന്റെ
ഉത്തേജനത്തിന്റെ
ലോകം

പക്ഷെ ഞാനതെല്ലാം ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
എന്തെന്നാൽ എനിക്കിഷ്ടമായിരുന്നു
എന്തെന്നാൽ എന്റെ അഞ്ചിന്ദ്രിയത്താൽ
എന്തെന്നാൽ എന്റെ വിസ്മയത്താൽ
എന്തെന്നാൽ എല്ലാ പുലർച്ചയിലും
എന്തെന്നാൽ എന്നന്നേക്കും
ഞാനതിനെ സ്നേഹിച്ചിട്ടുണ്ട്
എന്തിനെന്നറിയാതെ



 കവിത കേൾക്കാം

ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു




റഷ്യ
ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു
കറുത്തു തിളയ്ക്കുന്ന കാറിനുള്ളിൽ
അവളുടെ കണ്ണിലെ വെളുപ്പു മാത്രം തിളങ്ങുന്നു
അവളുടെ കാലുകൾ മേൽക്കട്ടിയെ മെതിക്കുന്നു
ഒരു ഭ്രാന്തൻ പരിശോധനാവിളക്കിന്റെ കിരണംപോലെ

ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു
ഇത്തരത്തിലാണ് അടിമകൾ പ്രഹരിക്കപ്പെടുന്നത്
ക്രുദ്ധയായി, അവൾ വാതിൽ ഇളക്കിത്തുറക്കുന്നു
എന്നിട്ട് ആ വഴിയിലേക്കെടുത്തു ചാടുന്നു

ബ്രേക്കുകൾ നിലവിളിക്കുന്നു
ആരോ അവളുടെ അടുത്തേക്ക് ഓടിയെത്തുന്നു
അവളെ പ്രഹരിക്കുന്നു, വലിച്ചിഴക്കുന്നു, മുഖം കമിഴ്ന്ന്,
ചൊറിയണം ചാട്ടചുഴറ്റുന്ന പുല്ലിലൂടെ

ദുഷ്ടൻ, എത്ര സൂക്ഷ്മമായിട്ടാണ് അവൻ അവളെ തല്ലുന്നത്
തന്തയില്ലാത്തവൻ, മഹാനായ നായകൻ
അവന്റെ സമർത്ഥമായ ഇസ്തിരിപ്പെട്ടിപോലെ കൂർത്ത ഷൂ
അവളുടെ വാരിയെല്ലിൽ കുത്തിക്കേറുന്നു

ഇതെല്ലാമാണ് ശത്രുസൈന്യത്തിനെ സന്തോഷങ്ങൾ
പിന്നെ ഇതെല്ലാമാണ് കർഷകരുടെ മൃഗീയമായ ശുദ്ധീകരിക്കൽ
കാലുകൊണ്ട് നിലാവണിഞ്ഞ പുല്ലിനെ മെതിക്കൽ
ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു

ഏതോ ഒരുത്തനൊരു പെണ്ണിനെ തല്ലുന്നു
നൂറ്റാണ്ടുകൾ നൂറ്റാണ്ടുകളായി, ഇതിനൊരു അന്ത്യമില്ല്ല,.
ചെറുപ്പക്കാരികളാണ് തല്ലുകൊള്ളുന്നത്,
ശോകസാന്ദ്രമായി നമ്മുടെ വിവാഹമണികൾ അപായം മുഴക്കിത്തുടങ്ങുന്നു
ഏതോ ഒരുത്തനെ പെണ്ണിനെ തല്ലുന്നു

കവിളിന്റെ മൂശയിലെ തീയാളും
ചുവന്ന തിണർപ്പുകളെപറ്റി എന്തു പറയുന്നു?
ഇതാണ് ജീവിതം എന്നു നീ
നീ എന്നോടാണോ പറയുന്നത്?
ഏതോ ഒരുത്തൻ ഒരു പെണ്ണിനെ തല്ലുന്നു

പക്ഷെ അവളുടെ വെളിച്ചം ആളാത്തതാണ്
ലോകം അവസാനം ഇല്ലാത്തതും
അവിടെ മതമില്ല
വെളിപ്പെടലുകളും
അവിടെ പെണ്ണുങ്ങളുണ്ട്

വെള്ളം പോലെ വിളർത്ത് അവിടെ കിടക്കുന്നു
അവളുടെ കണ്ണുകൾ നിറഞ്ഞടഞ്ഞും നിശ്ചലമായും
അവനവളുടേതല്ല
കാടിന്റെ അഗാധതയിലെ ഒരു പുല്‍ത്തകിടിയില്‍ക്കവിഞ്ഞ് ഒന്നുമല്ല

പിന്നെ നക്ഷത്രങ്ങൾ? ആകാശത്തു ചിലമ്പുന്നു
കറുത്തചില്ലിൽ മഴത്തുള്ളികൾ എന്നപോലെ താഴേക്ക് പതിക്കുന്നു
അവളുടെ വ്യഥനിറഞ്ഞ പനിക്കും നെറ്റിയെ തണുപ്പിച്ചുകൊണ്ട്

അലക്കുകാരി


മെക്സിക്കോ
അവൾക്കവളുടെ കൈകൾ മീനിനെപോലെ ചെതുമ്പലുള്ളതായ് തോന്നി
കുരുടൻ മത്സ്യം പാറയിൽ ചെന്നിടിച്ചപോലെ
വർഷങ്ങളോളം നിരന്തരം പാറയിൽ ചെന്നിടിച്ചപോലെ
അവൾ കണ്ണുകൾകൊണ്ട് തുളഞ്ഞുകീറിയ രാത്രിയെ നോക്കുന്നു
നനഞ്ഞ വഴുക്കുന്ന നോട്ടങ്ങൾ
നിശ്ശബ്ദമായ മുഖമാറ്റങ്ങൾ, അപ്രത്യക്ഷമാകലുകൾ
പെൺകിടാങ്ങളുടെ സമർത്ഥമായ നോട്ടങ്ങൾ
തളർന്ന അമ്മമാരുടെ പരിഭ്രാന്തമായ നോട്ടങ്ങൾ

ദിവസം അവസാനിക്കുന്നു
ആളുകൾ അവരുടെ വീടുകളിലേക്ക് തിരിച്ചു വരുന്നു
ഓവിൽ നിന്നു വെള്ളം ഏകതാനമായ പാട്ടുപോലെഒഴുകി
വെള്ളത്തിനു കുഴലുകളുടെ ആകൃതി നഷ്ടപ്പെട്ടു
മലയിലെ ഉറവയുടെ ഓർമ്മ നഷ്ടപ്പെട്ടു
അതിന്റെ ഒഴുക്കിൽ നിന്നു കുതിച്ചുമാറി
തടസ്സങ്ങളാൽ പൊറുതിമുട്ടി
കാലുകളേപ്പോലെ , കണ്ണുകളെപ്പോലെ, കൈകളെപ്പോലെ

ആളുകൾ വലിച്ചുകൊണ്ടുപോകുന്ന നിഴലുകളിലേക്കവൾ നോക്കുന്നു
ചുമരിലെ നിഴലുകൾ, മൂലകളിലെ, തെരുവിലെ
ഒഴിഞ്ഞവഴികളിലെ ഒളിച്ചോടുന്ന മഷിയടയാളങ്ങൾ
ആശയറ്റ വഴികൾ, ദുർഘടമായ
ഒന്നുമാത്രം നോക്കുന്നു ,ഒരുപക്ഷേ ഒരു വിശ്വസ്തത

പിയാത്ത




പോളണ്ട്

വീരപുരുഷൻ ജനിച്ച പട്ടണത്തിൽ
നിങ്ങൾ സ്മാരകത്തിലേക്ക് നോക്കിയേക്കാം
അതിന്റെ വലുപ്പത്തെ പുകഴ്ത്തിയേക്കാം

രണ്ട് കോഴിക്കുഞ്ഞുങ്ങൾ ഒഴിഞ്ഞ മ്യൂസിയത്തിന്റെ പടിക്കെട്ടുകളിൽ
അവന്റെ അമ്മയുടെ വിലാസം ചോദിക്കുക
മുട്ടുക, വിണ്ടവാതിൽ തള്ളിത്തുറക്കുക

അവളുടെ നടത്തം നിവർന്നത്, അവളുടെ മുടി നീണ്ടത്, അവളുടെ നോട്ടം തെളിഞ്ഞത്
നിങ്ങൾ അവളോട് പറഞ്ഞേക്കാം നിങ്ങൾ പോളണ്ടിൽനിന്ന് എത്തിയേഉള്ളു എന്ന്
നിങ്ങൾക്ക് അവരെ അഭിവാദ്യം ചെയ്യാം
നിങ്ങളുടെ ചോദ്യം തെളിച്ച് ഉച്ചത്തിലാക്കുക
അതെ, അവൾ അവനെ വളരെ സ്നേഹിച്ചിരുന്നു
അതെ, അവൻ അങ്ങനെയുണ്ടായി
അതെ ,അവൾ ആ രാവിലെ ജയിൽഭിത്തിക്കടുത്തു നിൽക്കുകയായിരുന്നു
അതെ , അവൾ ആ വെടിയൊച്ചകേട്ടു

നിങ്ങൾ ഒരു കാമറ അല്ലെങ്കിൽ ഒരു ടേപ്പ് റിക്കാർഡർ കൊണ്ടുവരാത്തതിനു പരിതപിക്കും
അതെ അവൾ അത്തരം സാധനങ്ങൾ ഒക്കെ കണ്ടിട്ടുണ്ട്

അവൾ അവന്റെ അവസാനത്തെ കത്ത് റേഡിയോയിൽ വായിച്ചിട്ടുണ്ട്
അവനു പ്രിയപ്പെട്ട താരാട്ടുകൾ അവൾ ടിവിയിൽ ഒരിക്കൽ പാടിയിട്ടുണ്ട്

ഒരിക്കൽ അവൾ ഒരു സിനിമയിൽ വരെ അഭിനയിച്ചിട്ടുണ്ട്
ജ്വലിക്കുന്ന വെളിച്ചത്തിൽ കണ്ണുനിറച്ചുകൊണ്ട്
അതെ ആ ഓർമ്മ ഇപ്പോളും അവളുടെ മനസ്സിളക്കുന്നു

അതെ , ഇപ്പോൾ ഇത്തിരി തളർച്ചയുണ്ട്, അതെ അതിപ്പൊ മാറും
നിങ്ങൾക്ക് എണീൽക്കാം
അവളോടു നന്ദി പറയൂ
പിന്നെകാണാം എന്നു പറയൂ
തിരിച്ചുപോരൂ
തളത്തിലേക്ക് വരുന്ന പുതിയവരെ കടന്നു പോരൂ

എതിർസങ്കീർത്തനം





സെർബിയ

എന്നെ വിരൂപമാക്കൂ നാഥാ , എന്നിൽ കരുണകാണിക്കൂ

എന്നെ അനാഥത്വത്താൽ പൊതിയൂ
വ്രണങ്ങൾ കൊണ്ടെനിക്ക് പാരിതോഷികം തരൂ
കണ്ണീരിന്റെ ഉറവകളിൽ നിന്ന് പഴുപ്പിന്റേയും ചോരയുടേയും ഒരു അരുവി തുറക്കൂ
എന്റെ വായ കീഴ്മേൽ മറിക്കൂ.
എനിക്കൊരു കൂനു തരൂ
എന്നെ കൗശലക്കാരനാക്കൂ
മറുകുകൾ എന്റെ മാംസത്തിൽ പൊത്തുകൾ തീർക്കട്ടെ
എന്റെ ദേഹത്തിലൂടെ ചോരയൊലിക്കട്ടെ
അതങ്ങനെയാവട്ടെ
ശ്വസിക്കുന്നവയെല്ലാം എന്നിൽ നിന്നു ശ്വാസമെടുക്കട്ടെ
കുടിക്കുന്നവയെല്ലാം എന്റെ കോപ്പയിൽ നിന്നു ദാഹം ശമിപ്പിക്കട്ടെ
എല്ലാ ക്ഷുദ്രജീവികളും എന്നിലേക്ക് തിരിയട്ടെ
എന്റെ ശത്രുക്കളെല്ലാം എന്റെ ചുറ്റുംകൂടി
ആമോദം കൊണ്ട് നിന്നെ വാഴ്ത്തട്ടെ

എന്നെ വിരൂപമാക്കൂ പ്രഭൂ, എന്നിൽ കരുണകാണിക്കൂ
എന്റെകാൽചിലങ്കയിൽ എല്ലാ പാപവും കെട്ടിവയ്ക്കൂ
ആനന്ദമൂർച്ഛയും ശബ്ദവും കൊണ്ടെന്നെ ചെകിടനാക്കൂ
എല്ലാ ദുരന്തത്തിനും മേലെ എന്നെ താങ്ങിനിർത്തൂ
ഭീതിയും വിനിദ്രയും കൊണ്ടെന്നെ അതിശക്തനാക്കൂ
എന്നെ വലിച്ചുകീറൂ
ഏഴുമുദ്രകളും തുറക്കൂ, ഏഴു കാടന്മാരേയും സ്വതന്ത്രരാക്കൂ
ഓരോരുത്തരും എന്റെ രാക്ഷസതലച്ചോറിൽ കേറി മേയട്ടെ
എന്നിലെല്ലാ തിന്മകളും കുടികൊള്ളട്ടെ, എല്ലാ വ്യഥയും
എല്ലാ ദുരിതവും, ഓരോതവണ നീ ഭയപ്പെടുത്തുമ്പോളും
എന്റെ നേരേ വിരൽ ചൂണ്ടൂ
അങ്ങനെ അങ്ങനെ എന്റെ നാഥാ
എന്റെ ശത്രുക്കളെല്ലാം എന്റെ ചുറ്റുംകൂടി ആമോദം കൊണ്ട്
നിന്നെ വാഴ്ത്തട്ടെ

പാമ്പുപേടി





കാനഡ


പാമ്പിനു അതിന്റെ നിഴലിൽ നിന്നു
സ്വയം വേർപെടാൻ കഴിയും
വെളിച്ചത്തിന്റെ നാടകളിൽ നീങ്ങാൻ കഴിയും
വായുവും
പകലും പകലറുതിയും
വസ്തുക്കളുടെ നെഞ്ചിലെ ഇരുട്ടും
രുചിക്കാം
ഞാനോർക്കുന്നു എന്റെ പാമ്പുപേടിയിൽ
നല്ലൊരു പങ്ക് പോയത്
അതിപ്പോളെന്റെ പുറകിൽ ഒരു
പഴംപടം പോലെ വീണുകിടക്കുന്നു
സ്വിഫ്റ്റ് കറന്റിൽ* ആൺപിള്ളേർ
ഒരു വലിയപാമ്പിനെ പിടിച്ച് എന്റെ പുറകേ
ആ കുന്നിഞ്ചെരിവിലൂടെ ഓടിവന്നു
ലാറി മൊയിൻ അതിനെ ഒരു പച്ചച്ചൂട്ട് പോലെ പിടിച്ചിരുന്നു
മറ്റുള്ളവർ അലറിവിളിച്ചു, അവളുടെ പുറത്തേക്കിടതിനെ!
നട്ടെല്ലിന്റെ ഒഴുക്കുകളിൽ അതു ഒലിച്ചിറങ്ങുന്നതു ഞാൻ പേടിച്ചു
( ലാറി,ഊഞ്ഞാലിൽ വച്ച് എന്റെ കാലുകൾക്കുൾവശം തൊട്ടവൻ,
മുതിർന്നവൻ ,
ഞങ്ങൾക്കറിയാമായിരുന്നു ഞങ്ങളുടെ കുട്ടിയുടുപ്പുൾകൊണ്ട്
നനുത്ത തൊലികൊണ്ട് വേണ്ടത്ര അടുക്കാനാവില്ലെന്ന്)
എന്റെ ചേട്ടൻ പറഞ്ഞു അവൾ പൊയ്ക്കോട്ടേ
ഞാനും കിലുക്കാംപെട്ടിച്ചെടികൾക്കിടയിലേക്ക് പതുങ്ങി
ലാറി പാമ്പിനെയൊരു ടെലിഫോൺ പോസ്റ്റിൽ
ആണിയടിച്ചു വയ്ക്കുന്നതുകണ്ടു
അത് വെളിച്ചത്തിന്റെ ഇരട്ടബിന്ദുക്കളിൽ പിണഞ്ഞു
അതിന്റെതന്നെ വേദനയിൽ നിന്നു ഇഴയാനാവതെ
വായ് തുറന്ന്
ചുവന്നനാക്ക് അതിന്റെ തന്നെപേടിയെ രുചിച്ച്
ഞാനപ്പോളതിനെ സ്നേഹിച്ചു, ആ പാമ്പിനെ
മണിബന്ധത്തിൽനിന്നു
ചാഞ്ചാടുന്ന വിഡ്ഡിക്കൈകളുമായി
ആൺപിള്ളേരവിടെ നിന്നിരുന്നു
സുന്ദരമായ പച്ചവായ തുറന്ന്
ഒരു അസഹ്യമായ ഇരുണ്ട 0
ആർക്കും കേൾക്കാനാവാത്തത്

* ഒരു കനേഡിയൻ നഗരം



കവിത കേൾക്കാം 

ഫ്രഞ്ച്കാരി






സ്പെയിൻ
ഒരു ബുദ്ധിമതിയായ സ്ത്രീ
ഒരു സുന്ദരിയായ സ്ത്രീ
എല്ലാ വ്യതിയാനങ്ങളെയും സാധ്യതകളെയും കുറിച്ച് അവള്‍ക്കറിയാം
ഡുഷാമ്പിന്റെ സുഭാഷിതങ്ങളുടെയും ഡിഫോയുടെ കഥകളുടെയും വായനക്കാരി
വിഷണ്ണയായിരിക്കുമ്പോളും മദ്യപിച്ചിരിക്കുമ്പോളും ഒഴികെ
പൊതുവേ അസൂയാവഹമായ ആത്മനിയന്ത്രണം പുലര്‍ത്തുന്നവള്‍
ചിലപ്പോളത് രണ്ടുമൂന്നു ദിവസം നീണ്ടുനിന്നേക്കാം
വീഞ്ഞിന്റേയും മരുന്നിന്റേയും
കോച്ചിപ്പിടിക്കുന്ന പിന്തുടര്‍ച്ചയായി
പതിവുപോലെ
പതിനഞ്ചും പതിനെട്ടും വയസ്സിന്നിടയ്ക്ക്
അവള്‍ക്കെന്തു സംഭവിച്ചു എന്ന കഥപറയാന്‍ തുടങ്ങും
ഒരു ഭീകരരതിചിത്രം
തുണിയഴിച്ച ശരീരങ്ങള്‍ പിന്നെ നിയമവാഴ്ചയുടെ അങ്ങേയതിരില്‍ നടക്കുന്ന ഇടപാടുകള്‍
തൊഴില്‍പരമായി നടിയായിരിക്കെത്തന്നെ വിചിത്രമായ ദുരാഗ്രഹങ്ങളുള്ള ഒരു പെണ്‍കുട്ടി
ഞാനവളെ കാണുമ്പോള്‍ അവള്‍ക്ക് ഇരുപത്തിയഞ്ച് തികഞ്ഞിട്ടേയുണ്ടായിരുന്നുള്ളു
പ്രശാന്തമായിരുന്ന ഒരു കാലത്ത്
അവള്‍ വാര്‍ദ്ധക്യത്തേയും മരണത്തേയും ഭയപ്പെട്ടിരുന്നു എന്ന് എനിക്കു തോന്നുന്നു
അവള്‍ക്ക് വാര്‍ദ്ധക്യമെന്നാല്‍ മുപ്പതുവയസ്സായിരുന്നു
മുപ്പതുകൊല്ലങ്ങളുടെ യുദ്ധം
ധര്‍മ്മോപദേശം ചെയ്യാന്‍ തുടങ്ങിയ യേശുവിന്റെ മുപ്പതാംകൊല്ലം
മറ്റേതുവയസ്സും പോലെതന്നെയാണത്
മെഴുകുതിരിവെട്ടത്തില്‍ അത്താഴത്തിനിടയില്‍
ഈ ഗ്രഹത്തിലെ ഏറ്റവും സാഹിതീയമായ പുഴയുടെ ഒഴുക്കു നോക്കിക്കൊണ്ട്
ഞാനവളോടു പറഞ്ഞു
പക്ഷെ ഞങ്ങളെ സംബന്ധിച്ച് ഇടം മറ്റെവിടേയോ ആയിരുന്നു
പതികാലത്തില്‍ പിടിമുറുക്കിയ കൂട്ടുകെട്ടുകളില്‍,
അപൂര്‍വ്വ സുന്ദരമായ പതിഞ്ഞ ആംഗ്യങ്ങളില്‍
ഭയത്താല്‍ അലങ്കോലപ്പെട്ട ഇരുണ്ടകിടക്കകളില്‍
ശൂന്യമായ കണ്ണാടിച്ചുവരുകളുടെ ആവര്‍ത്തിത പ്രതിഫലനങ്ങളില്‍
യാഥാര്‍ത്ഥ്യങ്ങളുടെ ഗര്‍ത്തത്തില്‍
ഞങ്ങളുടെ കേവലത
ഞങ്ങളുടെ വോള്‍‍ട്ടയര്‍
ഞങ്ങളുടെ കിടപ്പുമുറികളുടേയും ചമയമുറിയുടേയും സങ്കല്പങ്ങള്‍
നേരത്തെ പറഞ്ഞപോലെ അസാധാരണമായ മുന്‍കാഴ്ചകളുള്ള,
ബുദ്ധിമതിയായ പെണ്‍കുട്ടി
(ഞങ്ങള്‍ ലാറ്റിനമേരിക്കകാരില്‍ അതു വിരളം)
കൊലയാളികള്‍ക്കു പോലും പാസ്ബുക്കുള്ള
അവളുടെ രാജ്യത്ത് അതു വളരെ സാധാരണം
അവളും ഒട്ടും പിന്നിലാവാന്‍ പോകുന്നില്ല.
ഒരു പാസ്ബുക്കും ഒരു ട്രിസ്റ്റിന്‍ കാര്‍ബലിന്റെ ഫോട്ടോയും
നാം ജീവിക്കാത്ത എന്തിനെയോ കുറിച്ചുള്ള ഗൃഹാതുരത്വം
മരിക്കുന്ന സൂര്യനെ ആ മഹാനദി വലിച്ചിഴക്കുമ്പോള്‍
അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഇടതടവില്ലാതെ ഒഴുകി
എനിക്കു മരിക്കണ്ട,
കിടപ്പറയുടെ കുത്തിത്തുളയ്ക്കുന്ന ഇരുട്ടില്‍
പാരമ്യതയിലേക്ക് കുതിക്കുന്നതിന്നിടക്ക് അവള്‍ മന്ത്രിച്ചു
എനിക്കെന്താണു ചെയ്യേണ്ടതെന്നറിഞ്ഞുകൂടായിരുന്നു,
എനിക്ക് സത്യമായും എന്താ ചെയ്യേണ്ടതെന്നറിഞ്ഞുകൂടായിരുന്നു,
അവളെ തഴുകുകയും
ജീവിതം പോലെ ഉയര്‍ന്നുതാഴുമ്പോള്‍
ചേര്‍ത്തുപിടിക്കുകയുമല്ലാതെ,
നിഷ്കളങ്കരും പീഡിതരുമായ
ഫ്രാന്‍സിലെ കവികളെപ്പോലെ ഉയര്‍ന്നും താണും,
അവള്‍ ഭൂമിയിലേക്കു തിരിച്ചെത്തുംവരെ,
പിന്നെ അവളുടെ ചുണ്ടുകളില്‍ നിന്നു പൊട്ടിമുളച്ചു
അവളുടെ താരുണ്യകാണ്ഡങ്ങള്‍
മെട്രോയിലെ ചലിക്കും ഗോവണികളില്‍നിന്നുള്ള കരച്ചിലിന്റെ മാറ്റൊലികള്‍
ഒരേസമയം രണ്ടുപേര്‍ക്കൊപ്പം രതിയിലേര്‍പ്പെടുന്നതിന്റെ മാറ്റൊലികള്‍
അത് ഞൊടിയിടകൊണ്ട്
ഞങ്ങളുടെ കിടപ്പറനിറച്ചു.
അഴുക്കുഭാണ്ഡങ്ങള്‍ക്കും
അതില്‍ ഉപേക്ഷിക്കപ്പെട്ട കൈത്തോക്കുകള്‍ക്കും മീതെ
പുറത്തു മഴപെയ്തപ്പോള്‍
ഓര്‍മ്മയും കാരണവുമൊഴിച്ച്
എല്ലാത്തിനേയും അത് ഒലിച്ചിറക്കി
നിങ്ങളെ വട്ടാക്കുന്ന
അവളെ വട്ടാക്കുന്ന
ഉടുപ്പുകള്‍ , തുകലാവരണങ്ങള്‍, ഇറ്റാലിയന്‍ ബൂട്ടുകള്‍, അടിവസ്ത്രങ്ങള്‍
ഞങ്ങളുടെ മിന്നുന്ന വിങ്ങുന്ന കിടപ്പുമുറിയില്‍ അവ വന്നും പോയുമിരുന്നു.
അടുപ്പം കുറഞ്ഞ സാഹസങ്ങളുടെ മിന്നലാട്ടങ്ങള്‍
ഈയാമ്പാറ്റകണക്കെ അവളുടെ മുറിവേറ്റകണ്ണുകളില്‍ മിന്നിത്തിളങ്ങി
ഒരു പ്രണയവും അവസാനം വരെ നിലനില്‍ക്കുന്നില്ല
പക്ഷെ മറക്കാനാവാത്തതെന്ന് അന്തിമമായി തെളിയിക്കും
അതാണവള്‍ ജനാലപ്പടിയില്‍ ഇരുന്നുകൊണ്ട് പറഞ്ഞത്
സമയത്തില്‍ ഞാന്നുകിടക്കുന്ന അവളുടെ മുഖം,
അവളുടെ ചുണ്ടുകള്‍ : ഒരു പ്രതിമയുടെ ചുണ്ടുകള്‍
ഒരു മറക്കാനാവാത്ത പ്രണയം
മഴയ്ക്കു താഴെ
ആന്റിനകളാല്‍ രോമാഞ്ചപ്പെട്ട്,
ഇരുപതാംനൂറ്റാണ്ടിന്റെ പ്രാവിന്‍കാഷ്ഠവുമായി സഹവസിക്കുന്ന
പതിനേഴാംനൂറ്റാണ്ടിലെ മേടകള്‍ ഉയര്‍ന്നുനില്‍ക്കുന്ന
ആകാശത്തിനുതാഴെ
അതിനു നടുക്ക്
വേദനയുണ്ടാക്കാനുള്ള
അണയ്ക്കാനാവാത്ത എല്ലാ കഴിവുകളും
വര്‍ഷങ്ങളായി തോല്‍പ്പിക്കാനാവാത്തത്
പ്രണയങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനാവാത്തത്
മറക്കാനാവാത്തത്
അതെ അങ്ങനെതന്നെയാണവള്‍ പറഞ്ഞത്
ചെറുതും മറക്കാനാവാത്തതുമായ പ്രണയം,
ഒരു ചുഴലിക്കാറ്റുപോലെ?
അല്ല, ഒരു പ്രണയം
വെട്ടിമാറ്റപ്പെട്ട ഒരു ശിരസ്സിന്റെ ചുരുങ്ങിയ നിശ്വാസം പോലെ,
ഒരു രാജാവിന്റെ അല്ലെങ്കില്‍ ബ്രെട്ടണ്‍ ഗണത്തിന്റെ ശിരസ്സുപോലെ,
സൗന്ദര്യം പോലെ ചുരുങ്ങിയത്,
സൂക്ഷ്മമായ സൗന്ദര്യം,
അതില്‍ ഈ ലോകത്തിന്റെ മുഴുവന്‍ ഗാംഭീര്യവും ദുരിതവും ഉള്‍ക്കൊണ്ടിരുന്നു
സ്നേഹിക്കുന്നവര്‍ക്കു മാത്രമേ അതു കാണാനാവൂ

Friday, June 5, 2015

ആന

ജപ്പാൻ


ഞാൻ ഒരു ആനയെ സ്വപ്നം കണ്ടു


സൂചിപോലത്തെ രോമങ്ങളും
നീണ്ടു ഞൊറിവുകളുമുളള തുമ്പിക്കൈ കൊണ്ട്
അതെന്റെ കഴുത്തിൽ മഫ്ളർ പോലെ ചുറ്റി
ഞാൻ യദൃച്ഛയാ പരിചയപ്പെടാനിടയായ
ഒരു പെൺകുട്ടിയുമൊത്ത്
വായിച്ച പുസ്തകങ്ങൾ വിൽക്കുന്ന
ഇരുണ്ട ഒരു കടയിൽ പോയി

ചെറുപ്പക്കാരനായ അതിന്റെ ഉടമ
ഉത്സാഹത്തോടെ കണ്ണടച്ചില്ലുകൾ തുടച്ച്
താഴ്മയോടെ സ്വാഗതം ചെയ്തു
ആ വയസ്സനാന മാത്രം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു

ഉണർന്ന് ഒരു നിമിഷത്തിനുള്ളിൽതന്നെ
ഞാനാ പെൺകുട്ടിയുടെ മുഖവും
ആ പുസ്തകക്കടയിലേയ്ക്കുള്ള വഴിയും
പൂർണ്ണമായും മറന്നിരുന്നു.
പക്ഷെ ഒരു മടിച്ചിപ്പുഴപോലെയുള്ള
ആ ആനയുടെ നിശ്വാസത്തിന്റെ മണം
ഇപ്പൊക്കൊടുത്തൊരു വാഗ്ദാനം പോലെ
എന്നിൽ തെളിഞ്ഞു നിന്നു

അതിരാവലത്തെ കുളിരുള്ള ക്ലാസ് മുറിയിൽ
ഒറ്റയ്ക്ക് , ചെപ്പിലടച്ച ചായയും കുടിച്ചുകൊണ്ടിരുന്നപ്പോൾ
എന്റെ വയറ്റിൽ ആനയുടെ ആകൃതിയിലൊരു ഇളംചൂട്
നിറയുന്നതായി എനിക്ക് തോന്നി

നിങ്ങൾ ഒരിക്കലുമറിയില്ല
ഈ ജനലിനപ്പുറത്തുള്ള ആകാശം
ഈ മണിക്കൂറിന്റെ അവ്യക്തമായ വെണ്മയെ
ഒരിക്കലും നഷ്ടപ്പെടുത്താതെ പതുക്കെ അവസാനിച്ചേക്കാം.
അതു സംഭവിക്കുമെന്ന്
മങ്ങിയ പ്രതീക്ഷയോടെ

എനിക്കു തോന്നി

നിങ്ങൾ ഒരിക്കലുമറിയില്ല

പെണ്ണുങ്ങൾക്കെന്താണ് വേണ്ടത്?



അമേരിക്ക


എനിക്കൊരു ചുവന്ന ഉടുപ്പ് വേണം
അത് നേർത്തതും വിലക്കുറഞ്ഞതുമാവണം
അത് നല്ല ഇറുക്കമാവണം,
ആരെങ്കിലും കീറിപ്പറിയ്ക്കുംവരെ എനിക്കതിടണം
അത് കയ്യില്ലാത്തതും പുറകില്ലാത്തതുമാവണം
അപ്പോ ആർക്കും അതിന്നടിയിലെന്തെന്ന്
ഊഹിക്കേണ്ടിവരില്ല
എനിക്ക് തെരുവിലൂടെ നടന്ന്
പണമിടപാട് സ്ഥാപനം കടന്ന്,
ജനാലയിൽ തിളങ്ങുന്ന താക്കോലുകൾ ഉള്ള ആക്രിക്കട കടന്ന്,
ഒരു ദിവസം പഴക്കമുള്ള ഡോനട്ട് വിൽക്കുന്ന
വോങ്ങ് ദമ്പതിമാരുടെ ചായക്കടകടന്ന്,
ഗ്വേറാാ സഹോദരന്മാർ ലോറിയിൽ നിന്ന്
കൈവണ്ടിയിലേക്ക് പന്നികളെ തൂക്കിയെടുക്കുന്ന
അവയുടെ വഴുവഴുത്ത മോന്ത ചുമലിലൂടെ
ഉയർത്തിപ്പിടിക്കുന്ന സ്ഥലം കടന്ന്,
നടക്കണം
ഈ ലോകത്തെ ഒരേയൊരു പെണ്ണ് ഞാനാണെന്ന മാതിരി
എനിക്കെന്റെ തിരഞ്ഞെടുപ്പുകളുണ്ടെന്ന മാതിരി
എനിക്കാ ചുവന്നുടുപ്പ് കിട്ടിയേ തീരു
നിനക്ക് എന്നിലുള്ള ഏറ്റവും ചീത്തപേടി ഉറപ്പിക്കുവാനായി എനിക്കതു വേണം
നിന്നെ ഞാനെത്ര നിസ്സാരമായേ കണക്കാക്കുന്നുള്ളു എന്നു കാണിക്കാൻ
അത് കണ്ടെത്തുമ്പോൾ
ഞാനത് കൊളുത്തിൽ നിന്ന് വലിച്ചെടുക്കും
ഈ ലോകത്തേക്ക് എന്നെ വഹിക്കാൻ
ഒരു ദേഹത്തെ തിരഞ്ഞെടുക്കുന്ന പോലെ
പിറവിക്കരച്ചിലിനും സ്നേഹക്കരച്ചിലിനും ഒപ്പവും
അസ്ഥിയെന്നപോലെ, തൊലിയെന്നപോലെ ധരിക്കും
ആ നശിച്ച ഉടുപ്പിലായിരിക്കും അവരെന്നെ അടക്കുന്നത്



കവിത കേൾക്കാം

മുത്തച്ഛൻ പറയുന്നു

അമേരിക്ക
"എന്റെ കയ്യിലിരിക്കൂ"
എനിക്കന്ന് പത്തുവയസ്സാണ്
എനിക്ക് ഇരുട്ടിൽ അദ്ദേഹത്തെ കാണാൻ കഴിയണില്ല
പക്ഷെ ശ്വാസം വലിക്കണതു കേൾക്കാം
ഇത് അത്താഴത്തിനു ശേഷമുള്ള കളിസമയമാണ്
ഞങ്ങൾ പുറത്താണ്
മരങ്ങൾക്കും വള്ളിപ്പടർപ്പുകല്ക്കും ഇടയിൽ മറഞ്ഞിരിക്കയാണ്
അദ്ദേഹം ഇതിനെ ഒളിച്ചുകളിയെന്ന് വിളിക്കുന്നു
എന്നാൽ എന്റെ കുഞ്ഞനിയത്തിമാത്രം ഞങ്ങളെ അന്വേഷിക്കുന്നു
ഞങ്ങൾ ഒളിക്കുമ്പോൾ
അവൾ ഞങ്ങളെ കാണുന്നേയില്ല
മുത്തച്ഛൻ എന്നെ പൊക്കിയെടുക്കുന്നു
എന്നിട്ട് കൈകൊണ്ട് എന്റെ കാലിന്നിടയിൽ തിരുമ്മുന്നു
എനിക്കെന്റെ ബോധത്തിന്റെ അറ്റത്ത്
ഒരു അവ്യക്തമായ ഇളക്കൽ മാത്രം അനുഭവപ്പെടുന്നു
എനിക്കതെന്തെന്നറിയില്ല
പക്ഷെ ഇഷ്ടമാണ്
എനിക്കതു പറഞ്ഞുതരാനാവാത്ത
സുഖം തരുന്നു
അതു മിഠായി തിന്നുമ്പോലെയല്ല
പക്ഷെ അതു ചീത്തയാണ്
നീ അവിടെ എന്തു ചെയ്യുകയാണെന്നു ചോദിക്കുമ്പോൾ
എനിക്കെന്റെ അമ്മൂമ്മയോട് നുണപറയണം
ഞാൻ പറയും , ഒളിച്ചുകളിക്കുകയായിരുന്നു
അവരെന്നെ തറപ്പിച്ചു നോക്കി
എന്നിട്ടു പറഞ്ഞു: "ഇത് അവസാനത്തെ തവണയാണ്
ഞാനീക്കളി നിർത്താൻ പോകുന്നു"
അങ്ങനെ അത് അവസാനിച്ചു , ഞാൻ മറന്നു
കൊല്ലം പത്തു കഴിഞ്ഞു, മുപ്പത്തഞ്ചുകഴിഞ്ഞു
ഞാൻ പഴയകാലം പുതുക്കിപ്പണിയാൻ തുടങ്ങി
എന്തുകൊണ്ടാണ് ഞാൻ എന്നെ നിരാശപ്പെടുത്തുന്ന ആണുങ്ങളിലേക്ക്
ആകർഷിക്കപ്പെടുന്നതെന്ന് എന്നോട് തന്നെ ചോദിച്ചു
അപ്പോൾ ഞാൻ സമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ചു
ഇരുണ്ട കനപ്പെട്ട ശ്വാസഭാഗങ്ങളിലേക്ക്
ഞാൻ വിചാരിച്ചു അവയെല്ലാം പോയെന്ന്
പക്ഷെ അതെല്ലാം കാഴ്ച്ചയിൽ നിന്ന്
മനസ്സിന്റെ ചൊരിമണലിലേക്ക് പൂണ്ടുപോയതേയുള്ളു
അതെന്നെ താഴേക്ക് പിടിച്ചുവലിക്കുന്നു
അവിടെ ഞാൻ കണ്ടു മുത്തച്ഛനെന്നെ കാത്തിരിക്കുന്നു
അയാൾ എന്നെ പൊക്കിയെടുക്കാൻ കയ്യുകൾ വിടർത്തിയിരിക്കുന്നു
അയാൾ കയ്യുരസിയിടം
ഉടുപ്പില്ലാതെ നനഞ്ഞ്
ഞാൻ നിനക്കെന്തു വേണമെങ്കിലും ചെയ്തു തരാം ,
അയാൾ കാതിൽമൂളുന്നു
"പക്ഷെ വെറുതെ വിടില്ല"
ഞാൻ കരഞ്ഞുപറഞ്ഞു "ശരി", പിന്നെപ്പറഞ്ഞു "വേണ്ട"
നിങ്ങൾക്കെങ്ങനെ എന്നോടിത് ചെയ്യാൻ തോന്നുന്നു
എനിക്ക് പത്തു വയസ്സേയുള്ളു"
അയാൾ പറഞ്ഞു, "അറിയാനുള്ള പ്രായമൊക്കെയായി"

ആർത്തവത്തെ പ്രകീർത്തിച്ചൊരു കവിത

ആഫ്രോ അമേരിക്കൻ
ഇതിനേക്കാൾ മനോഹരമായൊരു നദിയുണ്ടെങ്കിൽ
ചന്ദ്രന്റെ ചോരച്ചുവപ്പാർന്ന വക്കിനോളം തിളക്കമാർന്നത്
ഇതിനേക്കാൾ വിശ്വസ്തയായൊരു നദിയുണ്ടെങ്കിൽ
ഓരോമാസവും അതേ തുരുത്തിലേക്ക്
തിർകെയൊഴുകുന്നത്
ഇതിനേക്കാൾ സാഹസികയായൊരു നദിയുണ്ടെങ്കിൽ
അഭിനിവേശത്തിന്റെ , വേദനയുടെ തിരതള്ളലിൽ
കുതികുതിച്ചെത്തുന്നത്
ഇതിനെക്കാൾ പുരാതനമായൊരു നദിയുണ്ടെങ്കിൽ
ഹവ്വയുടെ പുത്രി
കായേനിന്റേയും ആബേലിന്റേയും മാതാവ്
ഈ പ്രപഞ്ചത്തിൽ ഇങ്ങനെയൊരു നദിയുണ്ടെങ്കിൽ
ഇവിടെവിടെയെങ്കിലും ഇറ്റു ജലമുണ്ടെങ്കിൽ
ഈ വന്യജലത്തേക്കാൾ ഊറ്റമുള്ളത്
പ്രാർത്ഥിക്കൂ
അത്
മൃഗങ്ങളിലൂടെ
സൗന്ദര്യത്തിലൂടെ
വിശ്വസ്തതയിലൂടെ
പ്രാചീനതയിലൂടെ
പെണ്മയിലൂടെ
ധീരതയിലൂടെ
ഒഴുകാൻ

പെൺപണി

അമേരിക്ക
എനിക്ക് നോക്കാൻ പിള്ളേരുണ്ട്
തയ്ക്കാൻ തുണികളുണ്ട്
തുടയ്ക്കാൻ നിലമുണ്ട്
ഭക്ഷണം വാങ്ങാനുണ്ട്
പിന്നെ കോഴിയുണ്ട് പൊരിക്കാൻ
കുഞ്ഞുണ്ട് തുവർത്താൻ
കളപറയ്ക്കാൻ തോട്ടമുണ്ട്
തേയ്ക്കാൻ ഷർട്ടുണ്ട്
ചെറിയതൊന്നുണ്ട് ഒരുക്കാൻ
ചൂരലുണ്ട് ഒടിക്കാൻ
എനിക്ക് ഈ കുടിലുണ്ട് മെഴുക്കാൻ
രോഗിയുണ്ട് പരിപാലിക്കാൻ
പഞ്ഞിയുണ്ട് പെറുക്കാൻ

വെയിലേ വന്നെന്നിൽ തിളങ്ങൂ
മഴയേ വന്നെന്നിൽ തൂവൂ
പുലർമഞ്ഞേ വന്നെന്നിൽ പതിക്കൂ
എന്റെ മൂർദ്ധാവ് കുളിർപ്പിക്കൂ
കൊടുംകാറ്റേ വന്നിവിടെയടിക്കൂ
നിന്റെ തീക്കാറ്റൂതൂ
ആകാശത്തിൽ ഞാനൊന്നു താളംതല്ലട്ടെ
ഞാൻ തളരും വരേയ്ക്കും
പതുക്കെവീഴൂ മഞ്ഞിൻകണമേ
വെള്ളയാലെന്നിട്ടെന്നെമൂടൂ
തണുത്തയുമ്മകൾ വയ്ക്കൂ
ഈരാവിൽഞാനൊന്നിളവേൽക്കട്ടെ
സൂര്യാ, മഴയെ, താഴുന്ന ആകാശമേ
മലകളേ സമുദ്രങ്ങളേ ഇലകളേ കല്ലുകളേ
വെയിലെ നിലാവേ
എന്റേതെന്നുപറയാൻ എനിക്ക് നിങ്ങളൊക്കെയേയുള്ളൂ


കവിത കേൾക്കാം 

ഏഴാമത്തെ ദിവസം

കാനഡ
ഒന്നാമത്തെ ദിവസം ദൈവം പറഞ്ഞു
വെളിച്ചമുണ്ടാകട്ടെ, അങ്ങനെ അവിടെ വെളിച്ചമുണ്ടായി.
രണ്ടാമത്തെ ദിവസം ദൈവം പറഞ്ഞു
അവിടെ കൂടുതൽ വെളിച്ചമുണ്ടായി
നിങ്ങളെന്തായീ കാണിക്കുന്നത്?
ഒരു മനോരാജ്യക്കാരനാണെന്നു അറിഞ്ഞു കൊണ്ട്
ദൈവത്തിന്റെ ഭാര്യ ചോദിച്ചു
നിങ്ങൾ ഇന്നലെ വെളിച്ചം സൃഷ്ടിച്ചു
ഞാൻ മറന്നു പോയി , ദൈവം പറഞ്ഞു
ഇതും വച്ച് ഞാൻ ഇനി എന്തു ചെയ്യും?
ഒന്നും ചെയ്യാനില്ല ,ഭാര്യപറഞ്ഞു
ഇനിയെങ്കിലും ശ്രദ്ധിക്കൂ!
അവൾ ഒരു മുഷിച്ചിലോടേ വീട്ടുപണിചെയ്യാൻ പോയി
സ്വർഗ്ഗത്തിൽ പൊടിപിടിക്കാത്ത മുറികളാണെങ്കിലും
ഒരു ഭാര്യയ്ക്ക് പിടിപ്പതു പണികളുണ്ട്
മൂന്നാമ്മത്തെ ദിവസം ദൈവം പറഞ്ഞു
വെളിച്ചമുണ്ടാകട്ടെ.
ഇതുതന്നെ നാലും അഞ്ചും ദിവസങ്ങളിലും
(ഭാര്യ അമ്മയെ കാണാൻ വീട്ടിൽ പോയിരിക്കുകയായിരുന്നു)
അവൾ തിരിച്ചു വന്നപ്പോൾ
ആറാമത്തെ ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ
വെളിച്ചം കണ്ണഞ്ചിച്ച് കാഴ്ച നഷ്ടപ്പെടുത്തുന്നതായിരുന്നു
ദൈവത്തിനു ആകാശം പിന്നേം പിന്നേം വലിച്ചു നീട്ടേണ്ടി വന്നു
അങ്ങനെ ആകാശം മുഴുവൻ സ്ഥലവുമെടുത്തു
അത് ദൈവത്തിനു സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലുതായിരുന്നു
വേഗം അതിനെ താങ്ങിനിർത്താൻ എന്തെങ്കിലും ചെയ്യ്
ദൈവം മോങ്ങി, ഭൂമിയുണ്ടാകട്ടെ !
ലോകത്തിലെ നീലമുഴുവനും തന്റെ പുറത്തേറ്റി ഒരു പാമ്പിഴയൂന്ന പോലെ
മണ്ണിന്റെ ഒരു നേർത്ത വര ആകാശത്തിന്റെ മേലെ ചെന്നു തട്ടി
ഏഴാമത്തെ ദിവസം പതിവുപോലെ ദൈവം വിശ്രമിച്ചു .
ഉവ്വ്, വിശ്രമം എന്നല്ല ശരിയായ വാക്ക്
ഏഴാമത്തെ ദിവസം ദൈവം
തന്റെ പഠനമുറിയിൽ ചെന്നിട്ട്
തന്റെ വാർത്താപത്രികയിൽ
വളവുകളും തിരിവുകളും Tയ്ക്ക് വലിയ വെട്ടുകളും കൊടുത്തുകൊണ്ട്,
കാര്യങ്ങളൊക്കെ മാറ്റി മറച്ചുകൊണ്ട് ,
തീർച്ചയായും ആണിന്റെ വാരിയെല്ലിൽ നിന്ന്
പെണ്ണിനെപ്പോലും സൃഷ്ടിച്ചുകൊണ്ട്,എഴുതി
എന്തിനു അലസോരപ്പെടണം ? അവൾ ആലോചിച്ചു.
ആരാ ഇത് വിശ്വസിക്കാൻ പോകുന്നത്?
എന്തായാലും അവൾക്ക് അവളുടെ പണികളുണ്ട്.
അയാൾ മറന്നതെല്ലാം അവൾക്ക് സൃഷ്ടിക്കണം,
ആകെ ഒരു ദിവസം ബാക്കിയുണ്ട്.
നഖങ്ങൾ നഖങ്ങളായി
ഇലകൾ ഇലകളായി
ഈരണ്ടുവീതം
പിന്നെ ഇനി ഒന്നും
അനശ്വരമാകരുത്
പോയി പെറ്റുപെരുകൂ
അതെ , അവൾക്കതുപറയേണ്ടിവന്നു
എന്നെന്നേക്കുമായി
ആകാശമൈതാനത്തിനു കീഴെ
ഭൂമിയുടെ ചെറുതുണ്ടിൽ
വളരെകുറച്ച് സ്ഥലമേ
അവസാനമില്ലാത്ത ജീവിതത്തിനുണ്ടായിരുന്നുള്ളൂ

മാറ്റഫിലൊ പിനം



മാര്‍ഷെല്‍ ഐലന്‍ഡ്



(2014 സെപ്റ്റംബര്‍ 23 നു യു എന്‍ സെക്രട്ടറി ജനറലിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ കാത്തി അവതരിപ്പിച്ച കവിതയാണ് ഡിയര്‍ മാറ്റഫിലെ പിനം ) .
*****************************************************************

പ്രിയപ്പെട്ട മാറ്റഫിലെ പിനം,
നീ ഏഴുമാസം പ്രായമുള്ള തൊണ്ണകാട്ടിച്ചിരികളുടെ സൂര്യോദയം
നിന്റെ തല മുട്ടപോലെ, ബുദ്ധന്റെ തലപോലെ മിനുത്തതാണ്
നീ ഇടിവാളിന്‍ തുടകള്‍, ഇടിമിന്നല്‍ കരച്ചില്‍
വാഴപ്പഴങ്ങള്‍, കെട്ടിപ്പിടുത്തം
ലഗൂണുകളെകടന്നുള്ള പ്രഭാതനടത്തം
ഇതിലൊക്കെ നീ ആവേശം കൊള്ളുന്നു
പ്രിയപ്പെട്ട മാറ്റെഫിലെ പിനെം
ഞാന്‍ നിന്നോട്
സൂര്യപ്രകാശത്തില്‍ തെളിഞ്ഞ ,
ഉറക്കം തൂങ്ങുന്ന, അലസനായ
ആ ലഗൂണുകളെക്കുറിച്ച് പറയാം
ചിലയാളുകള്‍ പറയുന്നു
ഒരു ദിവസം നിന്നെ ആ ലഗൂണുകള്‍ നശിപ്പിക്കുമെന്ന്
അവര്‍ പറയുന്നു അത് ആ തീരങ്ങളെ കരണ്ടെടുക്കുമെന്ന്
നിനക്ക് പാപ്പം തരുന്ന മരങ്ങളുടെ വേരു ചവച്ചിറക്കുമെന്ന്
കടല്‍ഭിത്തിയെ മിഴുങ്ങിക്കളയുമന്ന്
നിന്റെ ദ്വീപിന്റെ ചിതറിയ എല്ലുകളെ ഞെരിച്ചുകളയുമെന്ന്
അവര്‍ പറയുന്നു , നീ, നിന്റെ മകള്‍,
നിന്റെ കൊച്ചുമകള്‍ , എല്ലാവരും
വേരുകളില്ലാതെ അലയുമെന്ന്
വീടെന്നു പറയാനൊരു പാസ്പോര്‍ട്ടുമാത്രമായി
പ്രിയപ്പെട്ട മാറ്റഫിലെ പിനെം
കരയല്ലെ
അമ്മ ഉറപ്പുപറയുന്നു
ആരും വന്ന് നിന്നെ ഉപദ്രവിക്കില്ല
ഒരു ആര്‍ത്തിപിടിച്ച പെരുംമീനും ഈ രാഷ്ട്രീയക്കടലിലൂടെ വന്ന് തട്ടിപ്പറിക്കില്ല
ഒരു സദാചാരമില്ലാത്ത കച്ചവടക്കായല്‍ മുട്ടാളനും
കണ്ണുംപൂട്ടിവന്ന് ഒരു ഉദ്യോഗസ്ഥമേല്‍ക്കോയ്മയും
ഈ കടലമ്മയെ ഭ്രാന്തിയാക്കാന്‍ പോവുന്നില്
ആരും മുങ്ങുന്നില്ല മോളേ
ആരും അനങ്ങുന്നില്ല
ആരുടേയും പിറന്നമണ്ണ് നഷ്ടപ്പെടുന്നില്ല
ആരും കാലാവസ്ഥാ മാറ്റത്തിന്റെ
അഭയാര്‍ത്ഥിയാകാന്‍ പോകുന്നില്ല
അല്ലെങ്കില്‍ ഞാന്‍ പറയണോ
പാപ്വാ ന്യൂ ഗിനിയ യിലെ കാര്‍ട്ടറെറ്റ് ദ്വീപ് വാസികള്‍
അല്ലെങ്കില്‍ ഫിജിയിലെ ദ്വീപുകാര്‍
ഇവരൊന്നുമല്ലാതെയെന്ന്

ഈ നിമിഷം ഞാന്‍ നിന്നോട്
മാപ്പ് ചോദിക്കാനായി എടുക്കുന്നു
നമ്മള്‍ ഇവിടെ ഒരു വരവരയ്ക്കാന്‍ പോവുന്നു
എന്തെന്നാല്‍ നമ്മള്‍ പൊരുതാന്‍ പോവുകയാണ്
നിന്റെ അമ്മ, അച്ഛന്‍,ചെക്കന്‍, ജിമ്മ നിന്റെ രാജ്യം , പ്രസിഡണണ്ടും കൂടെ
നമ്മളെല്ലാരും പൊരുതും
പ്ലാറ്റിനം തലക്കെട്ടുകള്‍ക്ക് പുറകില്‍ ഒളിച്ചിരിക്കുന്ന
അവരെല്ലാം അവിടെയുണ്ടെങ്കിലും
നമ്മളൊന്നും നിലനില്‍ക്കുന്നേയില്ലെന്ന്
ഭാവിക്കുന്നവര്‍
ആ മാര്‍ഷല്‍ ദ്വീപ്
തുവാലു
കിരിബാതി
മാലിദ്വീപുകള്‍
ഫിലിപ്പീനിലെ ഹൈയ്യാന്‍ കൊടുങ്കാറ്റ്
പാക്കിസ്ഥാനിലെ, അള്‍ജീരിയിയയിലെ
കൊളംബിയയിലെ വെള്ളപ്പൊക്കം
ചുഴലിക്കാറ്റ്, ഭൂകമ്പം, വേലിയേറ്റത്തിരകള്‍
ഇന്നും
ചിലരുണ്ട്
നമ്മളെ കാണുന്നവര്‍
കൈനീളുന്നു
മുഷ്ടി ചുരുളുന്നു
കൊടികള്‍ പാറുന്നു
ഉച്ചഭാഷണികള്‍ ഒച്ചവയ്ക്കുന്നു
നമ്മള്‍ കല്‍ക്കരിക്കപ്പലിനെ
തടയുന്ന കൊതുമ്പുവള്ളങ്ങള്‍
നമ്മള്‍ സൂര്യഗ്രാമങ്ങളു|ടെ തേജസ്സ്
നമ്മള്‍
കര്‍ഷകരുടെ ഭൂതകാലത്തിന്റെ ശുദ്ധസമ്പുഷ്ടമായ മണ്ണ്
നമ്മള്‍ കൗമാരക്കാരുടെ വിരലില്‍ മൊട്ടിടുന്ന പരാതികള്‍
നമ്മള്‍
ചുറ്റിയടിക്കുന്ന , പുതുക്കപ്പെടുന്ന, പുനരുപയോഗപ്പെടുന്ന കുടുംബം
സ്വപ്നം കാണുന്ന , രൂപകല്‍പ്പന ചെയ്യുന്ന , നിര്‍മ്മിക്കുന്ന എഞ്ചിനീയര്‍മാര്‍
ആലേഖനം ചെയ്യുന്ന ,നൃത്തം ചെയ്യുന്ന , എഴുതുന്ന കലാകാരന്മാര്‍
നമ്മള്‍ ലോകത്തില്‍ വ്യാപിക്കുന്നു
അവിടെ തെരുവുകളില്‍ ആയിരങ്ങള്‍ ഉണ്ട്
ചിഹ്നങ്ങളുമായി കവാത്തുനടത്തുന്ന
കൈകോര്‍ത്ത് പിടിച്ച്
മാറ്റം ഇപ്പോള്‍ എന്ന്
മന്ത്രിക്കുന്നവര്‍
അവര്‍ നിനക്ക് വേണ്ടി പടയോട്ടം നടത്തുന്നു മോളെ
അവര്‍ നമ്മള്‍ക്ക് വേണ്ടി കവാത്ത് നടത്തുന്നു
കാരണം നമ്മള്‍ അതിജീവനത്തിനപ്പുറം അര്‍ഹിക്കുന്നുണ്ട്
നമ്മള്‍ അഭിവൃദ്ധി അര്‍ഹിക്കുന്നുണ്ട്
പ്രിയപ്പെട്ട മാറ്റഫിലെ പിനെം
നിന്റെ കണ്ണുകള്‍
ഉറക്കഭാരത്താല്‍ തൂങ്ങുന്നു
കണ്ണടച്ചോളൂ മോളേ
സുഖമായുറങ്ങൂ

നിന്നെ ഞങ്ങള്‍ നിരാശപ്പെടുത്തില്ല
നീയതറിയും


കവിത കേൾക്കാം

ഭീകരവാദി


ടിബറ്റ്
ഞാനൊരു ഭീകരനാണ്
എനിക്ക് കൊല്ലാനിഷ്ടമാണ്
എനിക്ക് കൊമ്പുകളുണ്ട്
രണ്ട് ദംഷ്ട്രകളുണ്ട്
പിന്നെയൊരു തുമ്പിവാലും
എന്റെ വീട്ടിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ട്
ഞാൻ ഭയത്തിൽ നിന്ന് മറഞ്ഞ്
എന്റെ ജീവൻ കാത്ത്
വാതിലുകൾ മുഖത്തേയ്ക്ക് കൊട്ടിയടച്ച്
നീതി തുടർച്ചയായി നിഷേധിക്കപ്പെടുന്നു
ക്ഷമ പരീക്ഷിക്കപ്പെട്ട്
റ്റെലിവിഷനിൽ ,
നിശ്ശബ്ദഭൂരിപക്ഷത്തിനു മുന്നിൽ ഇടിച്ചുതകർത്ത്
വഴിയെല്ലാമടച്ച്
ആ അന്ത്യസ്ഥാനത്തിൽ നിന്ന്
ഞാൻ തിരിച്ചു വന്നിരിക്കുന്നു
ഞാനാണ്
നീ പരന്നമൂക്ക് കൊണ്ട് ഒതുക്കിവച്ച
നെടുവീർപ്പുകളുടെ അപമാനം
ഞാനാണ്
നീ ഇരുട്ടത്ത് മറവ് ചെയ്ത
നാണക്കേട്
ഞാനാണ് ഭീകരൻ
എന്നെവെടിവച്ചിടൂ
ഭീരുത്വവും പേടിയും
ഞാൻ താഴ്‌വാരത്തിൽ
മോങ്ങുന്ന പൂച്ചകൾക്കും
ചുരുളുന്ന നായകൾക്കുമിടയ്ക്ക്
ഉപേക്ഷിച്ച് പോന്നു
ഞാനൊറ്റയ്ക്കാണ്
എനിക്ക് ഒന്നുമില്ല-
നഷ്ടപ്പെടാൻ
ഞാനൊരു വെടിയുണ്ടയാണ്
ഞാൻ ചിന്തിക്കുന്നില്ല
തകരക്കൂട്ടിൽ നിന്ന് ഞാൻ
ആ രണ്ട്നിമിഷത്തെ
രോമാാഞ്ചം കൊള്ളിക്കുന്ന ജീവിതത്തിനു
വേണ്ടി കുതിച്ചുചാടുന്നു
എന്നിട്ട് മരണപ്പെടുന്നവരോടൊപ്പം
മരിക്കുന്നു
ഞാൻ നീ പിന്നിൽ
ഉപേക്ഷിച്ച ജീവിതമാണ്

കൂലിപ്പണിക്കാരി അമ്മ

ഗയാന

ജസ്മതി ബാറ്റയുടെ ഷൂപ്പെട്ടിയോളം വലുപ്പമുള്ള
കീറിപ്പൊളിഞ്ഞൊരു വീട്ടിൽ താമസിക്കുന്നു
തുണിയലക്കുന്നു, കളപറയ്ക്കുന്നു, വിറക് കീറുന്നു, കോഴിയെതീറ്റുന്നു
ഈ ദേഹത്തിനു ആ ദേഹത്തിനു എല്ലാ പൊട്ടിത്തകർന്ന ദേഹത്തിനും
വെള്ളം കോരുന്നു, എല്ലാദിവസവും ,
പതുക്കെയൊഴുകുന്ന കാഞ്ചെ നദി ദൈവം സൃഷ്ടിച്ചത്
ഇവളുടെ ഒരു തൊട്ടിവെള്ളത്തിനെന്നപോലെ

അവളുടെ കാൽവെള്ള കീറുന്നവരെ, കയ്യ് മുറിയുന്ന വരെ
പ്രാക്കുകളുടെ ചോണനുറുമ്പുകൾ വായിൽ കൂട്ടം കൂടുന്നവരെ
അവൾ നിലത്ത് ചോരകക്കും, പക്ഷെ അതിനെ തട്ടിമൂടും
എന്തെന്നാൽ ജസ്മതിയുടെ ഹൃദയം കഠിനമാണ്, അവൾടെ മനസ്സുറച്ചതാണ്
ഒരു വിധം ഉന്തിത്തള്ളി അവൾ ഒറ്റയൊറ്റപൈസയായി സൂക്ഷിക്കുന്നു
ആ ഒറ്റയൊറ്റക്കാശുകൊണ്ട് അവളുടെ മകൻ ഹരിലാലിന്
കാഞ്ചെപ്പുഴയുടെ അണമുറിച്ചുകടക്കാം
ജോർജ് ടൗൺ സ്കൂളിൽ പോവാം
കഞ്ഞിമുക്കിയ ഉടുപ്പിടാം , അല്ലെങ്കിൽ അവർ അവനെ കളിയാക്കിച്ചിരിക്കും
കാലിൽ തുകൽ ചെരിപ്പിന്റെ പട്ടമുറുക്കാം, പുസ്തകം വായിക്കാം
നന്നായി സംസാാരിക്കാൻ പഠിക്കാം, പരീക്ഷയെഴുതാം ,
ഇംഗ്ലണ്ട് സർവ്വകലാശാലയിൽ പോവാം
അവന്റെ ചാമർതന്തയെപ്പോലെ കള്ളുകുടിയൻ ആവാതിരിക്കാം