എന്റെ അറബിനാവിനെ പറയാനനുവദിക്കൂ
അവരെന്റെ ഭാഷയിലും കയറിത്താമസിക്കുന്നതിനുമുൻപ്
എന്നെ എന്റെ മാതൃഭാഷപറയാനനുവദിക്കൂ
അവരവളുടെ ഓർമ്മയിലും കോളനിവ്ത്കരണം നടത്തും മുൻപ്
ഞാനൊരു കറുത്ത അറബി പെണ്ണ്
ഞങ്ങൾ രോഷത്തിന്റെ എല്ലാ നിറപ്പകര്‍ച്ചകളോടെയും വരുന്നു
എന്റെ എല്ലാ മുത്തച്ഛന്മാരും എന്നും ആഗ്രഹിച്ചത്
ജാഫയ്ക്കും ഹൈഫയ്ക്കും ഇടയിലൊളിഞ്ഞിരിക്കുന്ന ഒരു ഗ്രാമത്തിൽ
പ്രഭാതത്തിലുണരാനും മുട്ടുകുത്തിപ്രാർത്ഥിക്കുന്ന അമ്മൂമ്മയെ കാണാനും
എന്റെ അമ്മ ജനിച്ചത് ഇപ്പോളെന്റേതല്ലെന്നു അവർ പറയുന്ന
ഒരു ഒലീവ് മരത്തിനു കീഴെയുള്ളമണ്ണിൽ
പക്ഷെ ഞാനവരുടെ വേലികൾ
അവരുടെ പരിശോധനാ സ്ഥലങ്ങൾ
അവരുടെ നശിച്ച വർണ്ണവിവേചന ചുവരുകൾ മറികടക്കും
എന്നിട്ട് എന്റെ മാതൃരാജ്യത്തേക്ക് തിരിച്ചു വരും
ഞാനൊരു കറുത്ത അറബി പെണ്ണ്
ഞങ്ങൾ രോഷത്തിന്റെ എല്ലാ നിറപ്പകര്‍ച്ചകളോടെയും വരുന്നു
നിങ്ങൾ കേട്ടോ എന്റെ സഹോദരി ഇന്നലെ അലറിക്കരയുന്നത്
അവളൊരു പരിശോധനാ സ്ഥലത്ത് പ്രസവിക്കുമ്പോൾ
ഇസ്രേയൽ പട്ടാളക്കാർ അവളുടെ കാലിന്നിടയ്ക്ക്
അവരുടെ അടുത്ത ജനസംഖ്യഭീഷണിക്കായി നോക്കുമ്പോൾ
അവളുടെ പെൺകുഞ്ഞിനെ ജനീനെന്നു വിളിച്ചത്
നിങ്ങൾ കേട്ടോ അംനി മോന അലറിക്കരയുന്നത്
അവളുടെ തുറങ്കിലെ അഴികൾക്കു പിന്നിൽ
കണ്ണീർവാതകം തുറന്നു വിട്ടപ്പോൾ
"ഞങ്ങൾ പാലസ്തീനിലേക്ക് തിരിച്ചു വരുന്നു!" എന്ന്.
ഞാനൊരു കറുത്ത അറബി പെണ്ണ്
ഞങ്ങൾ രോഷത്തിന്റെ എല്ലാ നിറപ്പകര്‍ച്ചകളോടെയും വരുന്നു
പക്ഷെ നീ പറയുന്നു , എന്റെ ഉള്ളിലെ ഭ്രൂണം
നിന്റെ അടുത്ത ഭീകരനെ മാത്രമേ കൊണ്ടുവരുള്ളൂ എന്ന്
താടിവച്ച്, തോക്ക് വീശി, തൂവാലത്തൊപ്പിത്തലയുമായി ഒരു മണൽ നീഗ്രോ
നീ എന്നോട് പറയുന്നു , ഞാനെന്റെ കുഞ്ഞുങ്ങളെ കൊല്ലാനായി പറഞ്ഞയക്കുന്നെന്ന്
പക്ഷേ നിന്റെ കോപ്റ്ററുകളാണത്, നിന്റെ F 16 ആണ് ഞങ്ങളുടെ ആകാശത്ത്
നമുക്കൊരു നിമിഷം ഈ ഭീകരവാദ ഇടപാടിനെക്കുറിച്ചു സംസാരിക്കാം
ഈ സിഐഎ അല്ലെ അലെൻഡെയെം ലുമുംബയെയും കൊന്നത്
അവരല്ലെ ഒസാമയെ ആദ്യം പരിശീലിപ്പിച്ചത്
വെള്ള കയ്യില്ലാക്കുപ്പായവും തലയില്‍ വെളുത്ത കൂർമ്പൻ തൊപ്പിയുമായി കറുത്തവരെ കയ്യേറ്റം ചെയ്ത്
എന്റെ മുതുമുത്തച്ഛന്മാർ കോമാളികളെപ്പോലെ ഓടിനടന്നില്ല
ഞാനൊരു കറുത്ത അറബി പെണ്ണ്
ഞങ്ങൾ രോഷത്തിന്റെ എല്ലാ നിറപ്പകര്‍ച്ചകളോടെയും വരുന്നു
“അപ്പോളാരാണാ തവിട്ടു പെണ്ണ് പ്രദർശനത്തിന്നിടയിൽ അലറിക്കരയുന്നത്?”
ക്ഷമിക്കണം, ഞാൻ അലറിക്കരയരുതല്ലെ?
ഞാൻ മറന്നു നിന്റെ എല്ലാ പൌരസ്ത്യ സ്വപ്നവുമാവാൻ
ഞാൻ കുപ്പിയിലെ ജിന്ന്, അരക്കിട്ടിളക്കുന്ന നർത്തകി, ഹാറം പെൺകുട്ടി, മൃദുവായി സംസാരിക്കുന്ന അറബിപെണ്ണ്
അതെ യജമാന, അല്ല യജമാന
നന്ദി നിന്റെ F16 ഇൽ നിന്നു ഞങ്ങളിലേക്ക് പെയ്യുന്ന
ഈ പീനട്ട് ബട്ടറിനും സാൻഡ് വിച്ചിനും
അതെ എന്റെ വിമോചകർ ഇവിടെ എന്റെ കുട്ടികളെ കൊല്ലുന്നു
എന്നിട്ടവരതിനെ വിളിക്കുന്നു അറിയാതെ സംഭവിച്ച നാശനഷ്ടം
അതിനാൽ ഞാൻ നിന്നോടിതൊന്നു പറഞ്ഞോട്ടെ
എന്റെയുള്ളിലെ ഭ്രൂണം നിനക്ക് നിന്റെ അടുത്ത വിമതനെ തരും
അവളുടെ ഒരുകയ്യിൽ ഒരു കല്ലുണ്ടാവും മറുകയ്യിൽ പാലസ്തീൻ പതാകയും
ഞാനൊരു കറുത്ത അറബിപെണ്ണ്
സൂക്ഷിച്ചോ!എന്റെ രോഷത്തെ സൂക്ഷിച്ചോ .
