കോസ്റ്റാറിക്ക
തുറക്കൂ ജനനേന്ദ്രിയമേ
സമ്മതമുള്ളൊരു പൂവുപോലെ
നിന്റെ ഏകാന്തവാസത്തിൻ തഴുതുകൾ തുറക്കൂ
മുങ്ങിത്താഴുന്ന നീന്തൽക്കാരനെ രക്ഷപ്പെടാൻ അനുവദിക്കൂ
നിർത്തൂ, പിടിച്ചുവയ്ക്കരുത്
നിന്റെ ലോലമായ കുതിപ്പിനെ
ധൈര്യമായി തുറക്കൂ
ഒരു കാറ്റിലേക്കു ഉയർന്നു നിൽക്കുന്ന
ഒരു മുകപ്പ് പോലെ
എന്നിട്ടതിലെ ജെറേനിയങ്ങളെ കാണിച്ചു കൊടുക്കൂ
വെളിവാക്കൂ
ആ നിഴൽ വീണ കിണറിനെ, നിന്റെ നിഗൂഡതയെ
അതിന്റെ ജലയാത്രാ പര്യടനങ്ങള്‍ക്കു തടയിടരുത്
വടക്കന്‍കാറ്റുപോലെ
നിന്റെ വിടചൊല്ലൽ വടക്കന്‍കാറ്റുപോലെ
നിന്നെ തുളച്ചുകയറിയാലും
ഒരു മഞ്ഞുകിരണം നിന്റെ ഇടുപ്പിൽ
അതിന്റെ കനലുകൾ താവളമുറപ്പിച്ചാലും പ്രശ്നമില്ല
തുറക്കൂ ജനനേന്ദ്രിയമേ
നീ ഒരു ജലപാതമായി മാറൂ
നിന്റെ ദുഖങ്ങൾ മറക്കൂ
നിന്റെ പകല്‍സ്വപ്നങ്ങളിലെ
കുഞ്ഞിനായതു തുറന്നിരിക്കട്ടെ
ധൈര്യമായി തുറക്കൂ
നിന്റെ ചൂടുജലദ്വാരങ്ങള്‍
ഈ മധുവൂറുന്ന തണുത്തകൂമ്പിലേക്ക്
ഒരു കാറ്റിനേപ്പോലെ മുരളുന്ന
ഈ മൃഗത്തിലേക്ക്
രോഷത്തോടേ വെളിച്ചത്തിൽ സ്വയം മുങ്ങിമരിക്കുന്ന
ഈ ചുളിഞ്ഞഫലത്തിലേക്ക്
ഒരു കണ്ണുപൂട്ടിയമാനിനെപ്പോലെ
തിരയാൻ
കാറ്റിന്റെ മുലക്കണ്ണുകൾക്കും ,
ദിവസത്തിന്റെ രണ്ടു മുലകൾക്കുമായി.
