Wednesday, September 30, 2015

ഞാൻ നിന്നെക്കാണുമ്പോൾ

                                                                           
ബെഞ്ചു ശർമ്മ
നേപ്പാൾ

ഞാൻ നിന്നെക്കാണുമ്പോൾ എനിക്കിങ്ങനെ തോന്നുന്നു
ഉറഞ്ഞ ഓർമ്മയുടെ ഒരു കെട്ട്
അതിന്റെ നീരൊഴുക്ക് തുടങ്ങുന്നതായ്
അകാശത്തിലെ നനുത്തമേഘങ്ങൾ
കെട്ടഴിഞ്ഞ് ദൂരേക്കലയുന്നതായ്
പൂ വിരിയും‍മുമ്പേ മൊട്ടു
താഴെക്കു കൊഴിയാന്‍ തുടങ്ങുന്നതായ്
ധ്യാനം തെറ്റിയ തടാകക്കണ്ണുകൾ
ഇമചിമ്മി തുറിച്ചുനോക്കുന്നതായ്


 അതിജീവിച്ച മനസ്സിൽ , ഭൂകമ്പം
ഞാൻ നിന്നെ കാണുമ്പോൾ
എനിക്കിങ്ങനെ തോന്നുന്നു
പുരാതനമായ ഒരു സെമിത്തേരിയിൽ നിന്ന്
ഒരു ശവശരീരം സ്വയം ഉയിർക്കുന്നതായ്

പെട്ടന്നൊരു ദിശാമാറ്റം
ആത്മാവതിന്റെ ആത്മാവില്ലാതിരച്ചിൽ തുടങ്ങും(പ്രാണൻ)
മരിച്ച ശരീരം/മരിച്ച മനസ്സ്/മരിച്ച ആത്മാവ്
പൂർത്തിയാക്കാത്ത കാമനകൾ , പൂർത്തിയാക്കാത്ത ആഗ്രഹങ്ങൾ
പതുക്കെ എന്റെ വിലാപങ്ങളിൽ പൈശാചികകളമൊരുക്കും


ഞാൻ നിന്നെക്കാണുമ്പോൾ എനിക്കിങ്ങനെ തോന്നുന്നു
ഒരു ചൂടന്‍ മിന്നായം ഒരുദ്വേഗനിമിഷം
പശ്ചാത്താപത്തിനുള്ള ഒരു വ്യഗ്രത

നിന്നെക്കാണുമ്പോളെനിക്കിങ്ങനെ തോന്നുന്നു
ഒപൊട്ടിത്തകര്‍ന്ന ഒരു ജീവിതത്തിന്റെ ചരിത്രം
അതിന്റെ എണ്ണമെടുപ്പു തുടങ്ങുന്നു
പൊട്ടിപ്പരക്കുന്ന ഓര്‍മ്മയില്‍ കരഞ്ഞുതീര്‍ത്ത രാത്രികള്‍
കാത്തിരിക്കുന്ന തളര്‍ന്ന കണ്ണുകള്‍ ദ്യോതിപ്പിക്കുന്നു
ഞാൻ നിന്നെ കണ്ടിട്ടില്ലായിരുന്നെങ്കിലെന്നാശിക്കുന്നു
ഞാൻ നിന്നെ കണ്ടിട്ടേയില്ലായിരുന്നെങ്കിൽ എന്നാശിക്കുന്നു

Tuesday, September 29, 2015

ആത്മകഥ



അർമേനിയ

എന്റെ മുത്തച്ഛൻ
ഒരു മന്ത്രിയായിരുന്നു
രാവിലെ 9 മുതൽ വൈകീട്ട് 6 വരെ
അദ്ധേഹം ദൈവത്തിൽ വിശ്വസിച്ചു
രാത്രിയിൽ
വിശ്രമക്കയാവും

എന്റെ അച്ഛൻ ഒരു
ഭൌതികശാസ്ത്രജ്ഞനായിരുന്നു
രാവിലെ 9 മുതൽ 6 വരെ
അദ്ധേഹം ദൈവത്തെ അവഗണിച്ചു
6 നു ശേഷം രഹസ്യമായി വിശ്വസിച്ചു

എന്റെ അമ്മായി
അവളുടെ എല്ലാ പ്രേമലേഖനങ്ങളും
ബൈബിളിൽ സൂക്ഷിച്ചു
എന്നിട്ട് രണ്ടും ഒരേ മുഴുകിയനോട്ടത്തോടെ
വായിക്കും. താക്കോൽ‌പ്പഴുതിലൂടെ
അവരെ നൊക്കിയിരിക്കുമ്പോൾ
എനിക്കു പറയാനാവില്ലായിരുന്നു
ഏതു മുക്തിയാണവര്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന്

ഞാൻ അമ്മയുടെ കാര്യം പറയാൻ‌തന്നെ 
വിട്ടുപോയി
അവൾ വിശ്വസിക്കാനും
അവിശ്വസിക്കാനും കഴിയാത്തത്ര തിരക്കിലായിരുന്നു
ഓരോന്നുണ്ടാക്കിയും ചുട്ടെടുത്തും
ദിവസം മുഴുവൻ അവർക്ക് തിരക്കായിരുന്നു

വധു




അഥീന  പപഡകി 
ഗ്രീസ്



 പതുക്കെ ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങുന്നു

ആദ്യം കിന്നരികൾ
പിന്നെ ചില്ലകൾ
നൂറാമത് മുത്ത്
മൂടുപടം ശ്രദ്ധയോടെ ഉയർത്തി


എന്റെ ഇടത്തായി നരച്ച നീലനിറത്തിലുള്ള കുതിരകൾ
അനുസരണയുള്ള പാന്‍ഡ്രോസ്സസ്സിന്റെ
പ്രത്യക്ഷപ്പെടല്‍ വരെ
എന്റെ പേരു പശുക്കള്‍ക്കിടയിലായിരുന്നു


മനസ്സ് പരുത്തിയും കാബേജും
കൃഷി ചെയ്യുന്നു
മറ്റേ ഭാഷ
ചോരയിലെ കളിമണ്ണ്


ബദാമിന്റെ പടിക്കെട്ടുകളിൽ
കതാഫി അതിന്റെ സ്വർണ്ണമുടി ചുഴറ്റുന്ന
വിപുലമായൊരു  പ്രദേശത്തെ പെൺകുട്ടി


വയലിനാവട്ടെ
ചുവന്നനഖമുള്ള രാജാവ്
രാത്രിയിലെക്ക്  ചൂണ്ടുന്നു

അവളുടെ ചായക്കൂട്ടുതാലത്തിൽ
ബൈബിൾ ചിന്തിക്കുന്നു
കല്പനകളില്‍ വലത്തുണികള്‍
ഒട്ടേറെ.

ഞാൻ ജീവിക്കും
വീഞ്ഞുപാടങ്ങളിൽ
പഴം‌ചൊല്ലുകളിൽ്
വിരിപ്പിൽ
ഹൃദയത്തിൽ
താരാട്ടിൽ
സ്ത്രീധനത്തിൽ
നിഴലിൽ
മാലിന്യത്തിൽ
ഞാൻ കുടുംബ വീട്ടിൽ താമസിക്കും
രാജ്യങ്ങൾ ആദരവോടെ
തലതിരിക്കും വരെ

ഞാൻ ഒരു കന്യകയാണ്
കള്ളിമുള്ളിനേക്കാൾ കടുത്തത്
എന്റെ ദേഹം രാത്രി നിന്റെ ദേഹമാഗ്രഹിച്ചു
രാവിലെ എന്റെ ആത്മാവുകൊണ്ടു നിന്നെത്തേടി

കുളിമുറി



മസായോ കൊയ്കേ 

ജപ്പാൻ

രാത്രിയുടെ വൈകിയ സമയത്ത്  ഡൈകോകുയയുടെ കുളിമുറി നിശ്ശബ്ദമാണ്
തളർന്നവശയായ ഒരു വൃദ്ധ
നഗ്നയായി അഴുക്ക് നീക്കാനാവാൻ പോലുമാവാതെ
വാതിലിൽ തട്ടുന്നു
അകത്തു വരുന്നു
ടാപ്പ് ഇളകിയിരിക്കുന്ന ഷവറിന്റെ തുളയിൽ നിന്നു
വെള്ളം ഇറ്റുവീഴുന്ന ശബ്ദമുണ്ടാക്കുന്നു


നഗ്നപാദയായി രാത്രിക്കുളിർ മൃദുവായി ഒളിഞ്ഞുകടക്കുൻന്മു
മുകളിൽ നിന്നുള്ള നാട്ടുവെളിച്ചത്തിൽ
വെള്ളം ചാഞ്ചാടുന്നു
കുളിത്തൊട്ടിയുടേ വക്കിൽ തുളുമ്പുന്നു
ഞാൻ
ഒരു വിധിയും തീർപ്പാക്കിയില്ല
ഒരു മരക്കഷ്ണം പോലെ
ആ പെൺശരീരം നോക്കിയിരുന്നു
ഞാൻ കണ്ടു
നഗ്നമായ പുറം, അര, പിൻഭാഗം
സ്വകാര്യഭാഗങ്ങൾ

വെള്ളമവരുടെ ശരീരത്തിലൂടെ ഒഴുകുന്നു
തലമുടിയിൽ വീഴുന്നു
പെൺശരീരത്തിലെ നിരവധിഈടുക്കുകളിലൂടെ
വെള്ളമവിടെ തടം‌‌‌പിടിക്കുന്നു
തുള്ളിയിടുന്നു
വളരെ വളരെ വർഷങ്ങളായി ഞാനിതു നോക്കിനിൽക്കുകയാണെന്ന്
എനിക്ക് തോന്നുന്നു
ഞാൻ ആൺകുളിമുറിയും പെൺകുളിമുറിയും വേർതിരിക്കുന്ന ചുമർ കണ്ടു
ഞാനവശ്യമായത്രയും സമയമെടുത്തു
ഒരു കാട്ടുമൃഗത്തെപ്പോലെ
അമ്പരന്ന്
ആ‍രും ആണുങ്ങളുടെുളിമുറിയിൽ നിന്നു പെൺകുളിമുറിയിലേക്ക്  , തിരിച്ചും, കയറിവരുന്നില്ലെന്നു ഉറപ്പാക്കാൻ

Saturday, September 26, 2015

പുതിയ വീട്


മാസിഡോനിയ

ഈ വീടിനൊരു മുൻ‌ചരിത്രവുമില്ല്ല
ഞങ്ങൾക്ക് മുൻപ് ഇതാരുടേതുമായിരുന്നില്ല
ആധാരമില്ല, പ്രേതങ്ങളില്ല, പൂർവ്വികരില്ല്ല
കാർബൺ ഡയോക്സൈഡ് വമിച്ചു കൊണ്ട് മൂലകളിൽ ആരുടേയും പ്രജ്ഞയില്ല
ആരുടേയും നിഴൽ കോണിപ്പടികൾക്കുമേൽ മങ്ങിത്തെളിയുന്നില്ല
നടപ്പുരയിൽ ഒന്നും ആരേയും മണക്കുന്നില്ല
ഓരോ വലിപ്പിന്റെ പുറകിലും ഒരു പാതാളം വാപിളർക്കുന്നു
കുത്തിത്തിരുകിയ കത്തുകൾ എത്തിനോക്കുന്നില്ല, കുറിപ്പുകളോ പടങ്ങളോ ഇല്ല
താക്കോൽ‌പ്പഴുത് ഒരു പുതുപുത്തൻ ശബ്ദം മുണ്ടാക്കുന്നു
ഇതുവരെയാരും തറ കിലുക്കുകയോ മൂളിക്കികയോ ചെയ്തില്ല
ഇത് ഇപ്പോളും പൊതുസ്ഥലമാണ്, ഇതിന്റെ ജീനുകൾ ഇപ്പോളും പുതിയതാണ്
സന്തോഷം പാരമ്പര്യമല്ല, പക്ഷെ സന്താപം അങ്ങനെയാണ്
നമുക്ക് മാത്രമേ ഇവിടുത്തെ ആദ്യ ഭാഗ്യഹീനരാവാനാവൂ
കുട്ടികൾ എല്ലായ്പോഴും എല്ലാ വീടുകളും വിട്ടകലുന്നു
അപ്പോൾ വീട് പുതിയ കുട്ടികളെ ദത്തെടുക്കുന്നു
പക്ഷെ ഈ വീട്തന്നെ ദത്തെടുത്തതാണ്
നമുക്ക്മുൻപുള്ള സമയത്ത് വളരെ വിലപിടിച്ച ഒരു ഓപ്പൺ ടിക്കറ്റ് പോലെ
.
നമ്മൾ ഓരൊ രാത്രിയും വ്യത്യസ്ത മുറിയിലുറങ്ങുമ്പോൾ
പതുക്കെ യാഥാർത്ഥ്യം അതിന്റെ പിടിയയക്കുന്നു
നമ്മൾ റേഡിയേറ്ററിലെ താപനില പോലെ വിലമായ്ക്കാത്ത കിടക്കയിൽ വീഴുന്നു
നീങ്ങുന്ന വീടിന്റെ ഓവിലൂടെ ശുദ്ധമായ അഴുക്കു ചാലിലേക്കു നമ്മളൊഴുകുന്നു
ഒരു സൈനികൻ വീട്ടിൽ വരാനുണ്ടെന്നപോലെ ഇപ്പോഴത്തെ ദിവസങ്ങളെ നമ്മൾ അടയാളപ്പെടുത്തുന്നു
വീടിന്, കടന്നു പോകുന്ന ഓരോ ദിനവും ഓർമ്മകൾ നിറയ്ക്കുന്ന ഓരോ സംഭരണിയാണ്
അവിടേക്ക് കടന്നു വരുന്ന ഓരോ ആളും ഭാവിയുടെ വിമോചകൻ
മ്മുടെ സഞ്ചികളും പെട്ടികളും തുറന്നുവച്ചിരിക്കുന്നു
വീട്ടുസാമാനങ്ങൾ മനുഷ്യവസ്തുക്കളുടെ ശ്വാസം കൊണ്ട് നിറയുന്നു
നമ്മുടെ സ്വന്തം മണം പതുക്കെ തളത്തിൽ ആവാസമുറപ്പിക്കുന്നു
നമ്മൾ പലവട്ടം വാതിൽ തുറക്കുന്നു
ശൂന്യസ്ഥലം നമ്മുടെ ശരീരത്തിന്റെ ആകൃതിയെടുക്കുന്നു
നമ്മുടെ ഉപ്പൂറ്റി നിലം തൊടുന്നു, മരനിലം വിണ്ടുകീറുന്നു
മേശക്കടിയിൽ റൊട്ടിത്തുണ്ടുകൾ, കിടക്കയ്ക്കടിയിൽ ഒരു പാവയുടെ കൈ
വാതിൽ‌പ്പടിയിൽ ഒരു കടലാസ്, മറ്റേതൊരു വീട്ടിലേയും പോലെ ഒരു കുപ്പത്തൊട്ടി
അലാമിനു പകരം-- ജീവിതവും മരണവും കാവൽ നിൽക്കുന്നു
ഞാൻ അകത്തേക്കുള്ളതല്ലാതെ പുറത്തേക്കുള്ള വഴി നോക്കിയെയില്ല
ഇതൊരു കാറ്റോട്ടമില്ലാത്ത അകത്തളമാണെന്നറിയാതെ,
ഉറഞ്ഞ കണ്ണാടിയെന്നറിയാതെ,
പുതപ്പിൽ പുതഞ്ഞ ഒരു കുഞ്ഞിന്റെ ശാന്തത,
നിത്യസംഭവങ്ങൾ കൊണ്ട് വഴിഞ്ഞൊഴുകുന്ന ജീവിതം
വീട് pHനിക്ഷ്പക്ഷമായ ചരിത്രം

Tuesday, September 22, 2015

ഞാൻ പിറന്നതിന്റെ ഏഴാം നാൾ



ടുണീഷ്യ


പിറന്നതിന്റെ ഏഴാം നാൾ
ഞാൻ പിന്നിട്ടുപോന്നിരിക്കാവുന്ന ലോകത്തിലെ ഭാഷ
ഞാൻ സംസാരിച്ചു
ഒരു നിഴലിനു സാക്ഷിയായി
ആരും കാണാത്ത മറ്റൊരു വെളിച്ചത്തിന്റെ നിഴല്‍.


ഞാൻ ജനിച്ചതിന്റെ ഏഴാം മാസം
എന്റെ വായൊരു ശൂന്യസ്ഥലത്തിൻ ആകൃതിയായി
സത്യം പറയാനായി ഞാൻ കരഞ്ഞു
എന്നെ ഭാവിയുടെ ഭൂതകാലത്തെക്കുറിച്ച് പഠിപ്പിച്ച വര്‍ത്തമാനകാലത്തെപ്പറ്റിയാണത്.
പക്ഷെ ആരും കേട്ടില്ല


ഞാൻ ജനിച്ചതിന്റെ ഏഴാം കൊല്ലം
ലോകത്തിന്റെ വരയിട്ടപുസ്തകത്തിലുള്ളതിനെ
ഞാൻ സ്വപ്നം കണ്ടു
ഞാന്‍ ഓരോ അക്ഷരംതോറും പിന്തുടര്‍ന്നു
എന്നെത്തന്നെ ഓർമ്മിപ്പിക്കാൻ
ഞാൻ എന്താണു മറക്കേണ്ടതെന്നും എന്നിൽ എന്താണ്
ഇതിനകം മരിച്ചുകൊണ്ടിരിക്കുന്നത് എന്നും

നോഹക്കും ഹെഗലനും



ലെബനീസ്

ഭൂമിക്കത്രയും ഉയരമുണ്ടയിരുന്ന സമയത്ത്
പെണ്ണുങ്ങൾ മേഘങ്ങളും നനച്ചതുണികളും ഒരേ അഴയിൽ തോരാനിടുമായിരുന്നു
മാലാഖമാർ അവരുടെ പാവാടകൾ അലഞ്ഞുതിരിയുന്ന ആത്മാക്കളിൽ നിന്നു ഒതുക്കിപ്പിടിച്ചു


 വെള്ളം നിറഞ്ഞിരിക്കുന്ന എന്തിനും ഒരു ആത്മാവുണ്ടായിരുന്നു
മൺകൂജ, ചുരയ്ക്ക, താലം ,
കിണറിന്റെ നിര്‍വികാരതയില്‍ കെട്ടിക്കിടന്ന
ഓരോന്നിനെയും പുറത്തെടുത്തു, ബക്കറ്റുകൾ


എല്ലാ അനങ്ങുന്ന നിഴലുകളും ഒരു മായാരൂപിയുടെ
രേഖാചിത്രം വരച്ചു
ഓരോ പ്രഭാതവും  ഓരോ നിമിത്തമായി
ഒരു ജനനമറിയിപ്പുകാരന്‍ വെള്ളച്ചാട്ടത്തേക്കാളൊച്ചയിൽ സംസാരിച്ചു
എന്നാൽ വീടിന്റെ അകംപുറങ്ങളെ പരിചരിക്കുന്ന
കാറ്റിനേക്കാൾ സൌമ്യമായി
നിസ്സാരതയുടെ വയലുകളെ വീർപ്പിച്ചു
ചക്രവാളത്തെ ഒരേക്കറായി ചുരുക്കി
അപ്പോൾത്തന്നെ വീടുകൾ ഒരു കൂടിനോളം ചുരുങ്ങി

ബുദ്ധിയുള്ള മനുഷ്യൻ അത് മുറിച്ചേറാൻ തുനിഞ്ഞില്ല്ല
അത് നിനക്കായുള്ളൊരാളെ അതിന്റെ മുട്ടിന്മേല്‍വച്ച്
ഒരു വൈക്കോല്‍പോലെ ഒടിച്ചേക്കും.

വികാരാധീനം

നെതർലാൻഡ്





അവർ ട്രാഫിക്ജാമിൽ പെട്ട് 
കാറിൽ ഇരിക്കുകയാണ്
റേഡിയോ പ്രവർത്തിക്കുന്നുണ്ട്
പുറംതള്ളുന്ന പുകയും സംഗീതവും
അവനു നല്ലതെന്നു കരുതുന്ന  ഒരു പാട്ട്
തീ പാറുന്ന വയലിനുകളെയും
പ്രേമത്തിന്റെ അവസാനം വരെ ചെന്നെത്തുന്ന
ഒരു നൃത്തത്തെയും പറ്റി

പാട്ടല്ല അവൻ പറയുന്നതാണ് 
അവൾക്ക്‌ അവന്റെ മുഖത്തു നോക്കാനാവാതാക്കുന്നത് .
ഇപ്പോൾ കാറിലേക്കു മറ്റെന്തോ കടന്നു വരുന്നു
പാട്ടും പുറംതള്ളുന്ന പുകയും പിന്നെ നാണവും


നാണം, കാരണം
പ്രണയത്തിന്റെ അന്ത്യത്തോളമെത്തിക്കുന്ന നൃത്തംതന്നെ ധാരാളം, വളരെ ധാരാളം
കഴിഞ്ഞകാലത്തേക്ക്‌  വ്യാപിക്കുന്നു
വളരെയധികം,
വളരെമുന്നിലേക്ക് ,
അവന്റെ ആത്മാവ്
പെട്ടന്ന് അരക്ഷിതമായി വിങ്ങുന്നു, വല്ലാതെ അരക്ഷിതമായി
അവൾ ഇത്രമാത്രം പറയുന്നു: വികാരാധീനം
 അതെ അവൻ പറയുന്നു , വികാരാധീനം

അവള്‍ക്കൊരിക്കലും അറിയാനാവില്ല
അവളാ വാക്കിനെ എങ്ങനെ കീഴ്പ്പെടുത്തിയെന്ന്
അവനറിഞ്ഞുവോ എന്ന്

അവനൊരിക്കലും അറിയാനാവില്ല അവൾക്കെന്തു മനസ്സിലായെന്ന്
എത്രത്തോളം എത്രത്തോളം എന്ന്
അവള്‍ക്കൊരിക്കലും അറിയാനാവില്ല
അവനു പെട്ടന്നു സംഭവിച്ചതു അവൾക്ക് മനസ്സിലായെന്ന്
അവനു മനസ്സിലായെന്ന് 
ഒരാൾ , ഒരു പക്ഷേ പിന്നീടൊരു ചരിത്രകാരൻ,
ആളുകളും ട്രാഫിക് ജാമും റേഡിയോകളുമൊക്കെയായി
അതു നടന്ന മട്ടില്‍ത്തന്നെ 
അതിനെ പുനര്‍നിർമ്മിച്ചില്ലെങ്കില്‍

തുറക്കൂ ജനനേന്ദ്രിയമേ



കോസ്റ്റാറിക്ക



തുറക്കൂ ജനനേന്ദ്രിയമേ
സമ്മതമുള്ളൊരു പൂവുപോലെ


നിന്റെ ഏകാന്തവാസത്തിൻ തഴുതുകൾ തുറക്കൂ
മുങ്ങിത്താഴുന്ന നീന്തൽക്കാരനെ രക്ഷപ്പെടാൻ അനുവദിക്കൂ


നിർത്തൂ, പിടിച്ചുവയ്ക്കരുത്
നിന്റെ ലോലമായ കുതിപ്പിനെ

ധൈര്യമായി തുറക്കൂ
ഒരു കാറ്റിലേക്കു ഉയർന്നു നിൽക്കുന്ന
ഒരു മുകപ്പ് പോലെ
എന്നിട്ടതിലെ ജെറേനിയങ്ങളെ കാണിച്ചു കൊടുക്കൂ

വെളിവാക്കൂ
ആ നിഴൽ വീണ കിണറിനെ, നിന്റെ നിഗൂഡതയെ

അതിന്റെ ജലയാത്രാ പര്യടനങ്ങള്‍ക്കു തടയിടരുത്
വടക്കന്‍കാറ്റുപോലെ

നിന്റെ  വിടചൊല്ലൽ വടക്കന്‍കാറ്റുപോലെ
നിന്നെ തുളച്ചുകയറിയാലും 
ഒരു മഞ്ഞുകിരണം നിന്റെ ഇടുപ്പിൽ
അതിന്റെ കനലുകൾ താവളമുറപ്പിച്ചാലും  പ്രശ്നമില്ല

തുറക്കൂ ജനനേന്ദ്രിയമേ
നീ ഒരു ജലപാതമായി മാറൂ
നിന്റെ ദുഖങ്ങൾ മറക്കൂ

നിന്റെ പകല്‍സ്വപ്നങ്ങളിലെ
കുഞ്ഞിനായതു തുറന്നിരിക്കട്ടെ

ധൈര്യമായി തുറക്കൂ
നിന്റെ ചൂടുജലദ്വാരങ്ങള്‍
ഈ മധുവൂറുന്ന തണുത്തകൂമ്പിലേക്ക്
ഒരു കാറ്റിനേപ്പോലെ മുരളുന്ന 
ഈ മൃഗത്തിലേക്ക്
രോഷത്തോടേ വെളിച്ചത്തിൽ സ്വയം മുങ്ങിമരിക്കുന്ന 
ഈ ചുളിഞ്ഞഫലത്തിലേക്ക്
ഒരു കണ്ണുപൂട്ടിയമാനിനെപ്പോലെ
തിരയാൻ
കാറ്റിന്റെ മുലക്കണ്ണുകൾക്കും ,
ദിവസത്തിന്റെ രണ്ടു മുലകൾക്കുമായി.

മിഠായി



പോർച്ചുഗൽ

അവളാ ഫോട്ടോ താഴേയിട്ടു
ഒരു അപരിചിതൻ പുറകേവന്ന്
അവൾക്കതു എടുത്തുകൊടുക്കാൻ മുതിർന്നപ്പോൾ
അവളതു തൊടാൻ കൂട്ടാക്കിയില്ല

പക്ഷേ നിങ്ങളിതു താഴേയിട്ടു മിസ്സ്
എനിക്കതു താഴെയിടാനാവില്ല
കാരണം അതെന്റേതല്ല

അവൾക്കാരും,
പ്രത്യേകിച്ചൊരു അപരിചിതൻ
അവളും ഫോട്ടൊയും തമ്മിലെന്തെങ്കിലും
ബന്ധമുണ്ടോ എന്നു സംശയിക്കുന്നത്
ഇഷ്ടമായില്ല

അത് പക്ഷേ ഒരു ചോരയിൽ കുതിർന്ന തൂവാല പോലെ അവൾ താഴേയിട്ടു
കാരണം ആ ഫോ‍ട്ടോയിലുള്ള ആള്‍ അവളായിരുന്നു

ചോരയേക്കാളേറേ നമുക്കൊന്നും സ്വന്തമായില്ല
അതുകൊണ്ടാണ് എല്ലാരും വിരൽ മുറിയുമ്പോൾ
വിരൽ വായിലിട്ടു രക്തം വലിക്കാൻ ഈമ്പുന്നത്

ആ പടം നിന്റേതാണെന്നു മിസ്സ്

അത് ചിലപ്പോൾ എന്നെപ്പൊലുള്ള മറ്റാരുടേതെങ്കിലുമാവാം
എന്റേതല്ല

അപരിചിതനൊരു ദയയുള്ള മനുഷ്യനായിരുന്നു
അയാൾ നിർബന്ധിച്ചില്ല


ഭിക്ഷക്കാർക്കു ഫോട്ടോ എടുക്കാൻ പണമില്ലെന്ന്
അയാൾക്കറിയാവുന്നതുകൊണ്ട്
അയാൾ ആ ഫോട്ടോ ഒരു ഭിക്ഷക്കാരനു നൽകി
അയാളത് ഒരു മിഠായി പോലെ തിന്നു.

ഞാനെന്റെ കുഞ്ഞുകുഞ്ഞുകുഞ്ഞുപേരമകളെപ്പോലാണ്

  


 Latvia 

ഞാനെന്റെ കുഞ്ഞുകുഞ്ഞുകുഞ്ഞുപേരമകളെപ്പോലാണ് 
കറുത്ത ഉടുപ്പിടാൻ ഇഷ്ടം
പഴയ സിനിമകൾ കാണാനിഷ്ടം
ഇപ്പോഴും ചെരുപ്പില്ലാതെ നടക്കാ‍നാവുന്ന ചില വഴികളിലൂടെ
അങ്ങനെ നടക്കാനിഷ്ടം

എനിക്കവളെക്കുറിച്ചധികമൊന്നുമറിയില്ല
സമയത്തിന്റെ ചില്ലിനിരുവശത്തും പൊടിപിടിച്ചിരിക്കുന്നു
എന്നാലും ചിലരൂപങ്ങളൊക്കെ ഊഹിക്കാം
എന്നെപ്പോലെ തന്നെ , അവൾക്കിരുട്ടിനെ പേടിയില്ല
പിന്നെ എങ്ങനെ സന്തോഷമായിട്ടിരിക്കാമെന്നറിയുകയുമില്ല

അവൾ പറയുന്ന ഭാ‍ഷ എനിക്ക് കേൾക്കാനോ മനസ്സിലാക്കാനോ വയ്യ
ആരാണ് പറഞ്ഞത് എന്റെ കണ്ണിൽ ഒരു അപരിചിതമായ നോട്ടമുണ്ടെന്ന്?

എന്റെ കുഞുകുഞ്ഞുകുഞ്ഞുപേരമകൾ ഇന്നു രാവിലേമുതൽ
നോക്കിയിരിക്കുന്ന ഒരു പഴഞ്ചൻ പുകപിടിച്ച കണ്ണാടിയാണു ഞാൻ

ഒരു മാലാഖയുടെ ജനനം


ബാർബറ കോറൻ 
സ്ലോവേനിയ

ഞാനെന്റെ മാറിലെഒരു മുഴപ്പില്‍നിന്ന് ജന്മം കൊടുത്തു, എന്റെ മൂന്നാം മുല, സ്കാർഫുകളും ഷാളുകളും കൊണ്ട് വളരെനാളായി മറച്ചിരുന്നത്. അത് പുറത്തു വന്നപ്പോൾ നൊന്തു . അവൻ അവന്റെ വിരിഞ്ഞകൈകൾ കൊണ്ട് എന്നെ സഹായിച്ചു. അവൻ ആത്മാവിന്റെരൂപങ്ങൾ ഉരിഞ്ഞുകളഞ്ഞവൻ. ഞാനൊരു ചെറുജീവിയെകണ്ടു, മുഷ്ടിയോളം പോന്നത്,ഒട്ടുന്ന വെളുത്ത തൂവലുകളിൽ പൊതിഞ്ഞ്. ആദ്യം നീയിതുണക്കണം അവൻ പറഞ്ഞൂ. അവന്റെ വലിയ വിരലുകൾക്കിടയിൽ അതിനെ ഉണക്കുമ്പോൾ അത് അതിനേക്കാൾ വലിയ ചിറകുകളിൽ പൊതിഞ്ഞിരിക്കുകയാണെന്ന് എനിക്ക് കാണാ‍ാനായി. അത് ജീവിക്കില്ല, അതിനാവില്ല, അത് ജീവിക്കേണ്ടതില്ല. മായക്കഴ്ച്ച, കടൽ‌പ്പത, അത് നമ്മുടെ കൈകളിലിരുന്ന് ഉരുകി

Monday, September 21, 2015

ഭൂപടത്തിൽ നിന്നപ്രത്യക്ഷമായ പേരുകൾ


ലിങ് യൂ 
തായ്‌വാൻ


പെങ്ങ് മല
ഇനിയുമൊത്തിരി ദൂരമുണ്ട് പെങ്ങ് മലയിലെക്ക്

സ്വപ്നങ്ങൾ മണ്ണിലൂടേ നടക്കുന്നു
ജാലകകൂട്ടങ്ങൾക്കരികിലൂ‍ടെ പറന്നകലുന്നു

വലിയൊരു കൂട്ടം അഭയാർത്ഥികൾ 
പെങ്ങ്മലയിലേക്ക് കുതിക്കുന്നു

ശരത്കാലത്തിന്റെ അവസാനത്തിൽ
വേട്ടയാടപ്പെട്ട നീലപ്പക്ഷികളെ
ഒരു ചെറുമരത്തിന്റ തായ്ത്തടിത്തുണ്ടിന്മേൽ
ഇരുമ്പുപാളിയില്‍ കയറ്റിവച്ചിരിക്കുന്നു.
അ- അതിന്റെ രണ്ടു കുഞ്ഞിക്കാലടയാളങ്ങള്‍
അവന്റെ നെഞ്ചില്‍ മുദ്ര പതിപ്പിച്ചിരിക്കുന്നു-
ഒരു കുഞ്ഞിക്കുതിരയോളം
വേഗമുള്ള തീനാളം

നീലപക്ഷി, അതിന്റെ ചിറകുകളാണ് ആദ്യം മരിച്ചത്
പിന്നെ രണ്ടുകണ്ണുകൾ പിന്നെയതിൻ ചിലപ്പ്

ഒരു മുളകുകടവില്‍നിന്ന്, പെങ് മല അധികം ദൂരത്തല്ല

ആളുകൾ അവരുടെ യാത്രകളിൽ
ഓരോ മഴക്കൂടുകളും ഏറ്റെടുക്കാൻ ശ്രദ്ധവയ്ക്കുന്നു

അങ്ങനെ സ്വപ്നം നീങ്ങുന്നു
നീലപക്ഷി അതിന്റെ ചിറകുകൾ വിടർത്തി 
കാട്ടിൽനിന്നു പറന്നകലുമെന്നും
തിരിഞ്ഞുനോക്കി സ്വപ്നത്തോടു സംസാരിക്കുമെന്നും 
സ്വപ്നം കാണുന്നു

Friday, September 18, 2015

കൊലചെയ്യപ്പെട്ട സ്ഥലത്ത്




ഡൊമനിക്കൻ റിപബ്ലിക്ക് 

അഭാവത്തിന്റെ അടഞ്ഞകൺപീലിക്കടിയിലെ
നിശ്ശബ്ദമാം ഇളംകാറ്റിൽ നമ്മൾ മറവുചെയ്യപ്പെടും
സ്വാതന്ത്ര്യത്തിന്റെ കണ്ണുകൾക്കിടക്ക് നിലയുറപ്പിച്ചിട്ടുള്ള നിറങ്ങളിൽ,
നഷ്ടമായ ശാന്തിയുടെ ഉലയുന്ന കീറത്തുണിയിൽ
പരാജിതനായ സൂര്യനിലേക്കു നീളുന്ന മുഖങ്ങളുമായി.
വാക്കുകൾ വറ്റിത്തീർന്ന നമ്മുടെ വായകളുമായി

കിളികളുടെ പാട്ട് നിലക്കുമ്പോൾ നാം മരിച്ചിരിക്കും
ബലികാക്കകൾ യുദ്ധഭൂവിൽ വിരുന്നുണ്ണാൻ വരും
അമർഷത്തിന്റെ മുളയിട്ടവിത്തുകൾ പുഷ്ടിപ്പെടും
ശ്മശാനങ്ങൾ നമ്മുടെ അനിശ്ചിതത്വത്തിനു വിലചോദിക്കും

നമ്മൾ ഭൂതകാലത്തിൽ നഷ്ടപ്പെട്ടേക്കാം
അന്ധതയിലേക്ക് വിജയിക്കാതെ വാൾചുഴറ്റി
നിഴലുകളിൽ നമ്മൾക്കു നഷ്ടപ്പെട്ടവനെ ഓർത്ത്
നമ്മുടെ മുറിഞ്ഞ ചിറകുകൾ തുന്നിക്കെട്ടാൻ
കനപ്പെട്ടകരമടച്ച്

Thursday, September 17, 2015

മീൻ നന്നാക്കുന്നവൻ



കെനിയ
.
മീ‌ൻ‌കാരന്റെ  അടുത്തു നിന്നു ഞാൻ
മടങ്ങിയെത്തും വരെ അവൻ ആ പുരയ്ക്കു സമീപം ചുറ്റിപറ്റി നിന്നു
എന്നിട്ടവൻ എന്റെ സമീപത്ത് ഒച്ചയില്ലാതെ ഇരിപ്പുറപ്പിച്ചു

ഓരോ ആഴ്ച്ചയും ഓരോ ആളാണെങ്കിലും
ഇന്നത്തെ മുഖം ഒട്ടും പാകമാവുന്നില്ല-
കവിളെല്ലിനു മുകളിൽ കണ്ണിനടുത്തായി
ഒരു വലിയ ഉരഞ്ഞപാടുണ്ട്

പച്ചമീനിന്റെ ദശപോലെ
ഇളംചുവപ്പുതൊലിപ്പുറം തുറന്നുകാട്ടുന്ന
ആ പൊറ്റ ഈയിടെ പൊളിച്ചു മാറ്റി

എനിക്കൊരു ഭീകര വെളിപാടുണ്ട്
ഞാൻ രാത്രി വെള്ളമെടുക്കാൻ ചെല്ലുമ്പോൾ
അവന്റെ പകുതി കല്ലിച്ച മുഖം ഫ്രിഡ്ജിലെ മീനിൽ നിന്നെത്തിനോക്കുന്നു.

ഞാൻ ഞെട്ടുന്നു
എന്നിട്ടും വിനയത്തോടെ അവനെ പിന്തുടരുന്നു,
ഇരുണ്ട് അളവൊത്ത മരമേശയിലേക്ക്


അവന്റെ കുറുകിയ വിരലുകൾ
ഒരു തിലോപ്പിയുടെ വഴുക്കുന്ന ഇളം മാംസത്തിൽ
കൂർത്ത ഒരു കത്തി തുളച്ചുകയറ്റുന്നത് ഞാൻ നോക്കി
നിന്നുൂര്യരശ്മി ഏറ്റപ്പോൾ പറക്കുന്ന ചെതുമ്പലുകം മിന്നിത്തിളങ്ങുന്നു


അവൻ അവന്റെ സഹാനുവർത്തികളുമായി
ലുഗാണ്ടയിലെ അഞ്ചു വ്യത്യസ്ത സംഭാഷണങ്ങള്‍
തുടരുന്നു
ഒപ്പം മീൻ മുറിച്ചുകൊണ്ടുമിരുന്നു
ലോകത്തിലെ ഏറ്റവും എളുപ്പമുള്ളകാര്യമെന്നപോലെ

ഒരു കവിത



 അഫ്ഗാനിസ്താൻ
എനിക്ക് വായതുറക്കാനൊരാഗ്രഹവുമില്ല
ഞാനെന്തിനെക്കുറിച്ചാണ് പാടേണ്ടത്?

ഞാൻ, ജീവിതത്താൽ വെറുക്കപ്പെട്ടവൾ
പാടിയാലും ഇല്ലെങ്കിലും വ്യത്യാസമില്ല

ഞാനെന്തിനു മാധുര്യത്തെക്കുറിച്ചു സംസാരിക്കണം
എനിക് കയ്ക്കുമ്പോൾ?

ഹാ, മർദ്ദകരുടെ വിരുന്നൂണ്
എന്റെ വായ് കൊട്ടിയടച്ചിരിക്കുന്നു
എനിക്ക് ജീവിതത്തിൽ തുണയാളില്ല്ല
ഞാനാർക്കുവേണ്ടി മധുരിക്കണം?

പറഞ്ഞാൽ, ചിരിച്ചാൽ മരിച്ചാൽ ജീവിച്ചാൽ
വ്യത്യാസമൊന്നുമില്ല

ഞാനും പീഡനവും സങ്കടവുംകൊണ്ടു വലിഞ്ഞുമുറുകിയ എന്റെ ഏകാന്തതയും
ഞാന്‍ ഇല്ലായ്മയ്ക്കുവേണ്ടി ഭാരംവഹിച്ചു.
എന്റെ വായ മുദ്രവയ്ക്കണം
.
അല്ലയോ എന്റെ ഹൃദയമേ , നിനക്കറിയുമോ
ഇപ്പോൾ വസന്തമാണ്, ഉത്സവമാക്കേണ്ട സമയം

പറക്കാൻ വിടാത്ത
ഈ കെണിപ്പെട്ടചിറകുമായി ഞാനെന്തുചെയ്യണം?

ഞാൻ വളരെക്കാലമായി നിശ്ശബ്ദയായിരുന്നു
എല്ലാനിമിഷവും ഞാൻ
എന്റെ ഹൃദയഗാനം മൂളുമ്പോള്‍
ഈ കൂട് പൊട്ടിച്ച് ഞാൻ പുറത്തുവരുന്നതിനെ
അതോർമ്മിപ്പിക്കുമ്പോള്‍
ഈ ഏകാന്തതയിൽ നിന്നു പറന്നകലുന്നു
വിഷാദഭരിതയെപ്പോലെ ഞാന്‍ പാടുന്നു

ഞാൻ ഏതൊരു കാറ്റിനും പിടിച്ചു കുലുക്കാനാവുന്ന ദുർബ്ബലമായ പൈന്മരമൊന്നുമല്ല

ഞാനൊരു അഫ്ഗാൻ പെണ്ണാണ്
അത് വിലപിക്കാനുള്ള ബോധം മാത്രം തരുന്നു

പിറവി






തുർക്കി

ഞാൻ നീണ്ടവാക്കുകളുടെ പൂന്തോട്ടത്തിലാണ്
ലോകമേ, നിന്റെ എല്ലാ രൂപങ്ങളുമാണു ഞാന്‍
ഞാൻ എന്റെ ജന്മം കൊണ്ട് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും ധരിക്കും 
പകൽവെളിച്ചത്തിൽ
എന്റെ ഹൃദയത്തിലെ ചെറിയ കിളിവാതിലിലിൽ
ആ മധുരമുള്ള കുളിര് 
അനന്തമായ സുകൃതത്താൽ അറിയാനാവുന്നത്
കിളികൾ തയ്യാറാവുന്നതിന്നൊപ്പം ആകാശവും തയ്യാറാകുന്നു
ഈ ഭൂമിതന്നെ എല്ലാ രൂപങ്ങളാലും കാത്തിരിക്കുന്നപോലെ
ഞാൻ നീണ്ട വാക്കുകളുടെ പൂന്തോട്ടത്തിലാണ്
ലോകമേ, നിന്റെ എല്ലാ രൂപങ്ങളുമാണു ഞാന്‍

ഞാൻ ജീവിക്കും അതിജീവിക്കും പിന്നെ ചോദ്യംചെയ്യപ്പെടും


ഹാനി അദെൻ 
സോമാലിയ


ഞാൻ ജീവിക്കും അതിജീവിക്കും പിന്നെ ചോദ്യംചെയ്യപ്പെടും
എത്ര അപകടകരമായിരുന്നു ഒറ്റയ്ക്കു സ്വന്തം രാജ്യം വിടൽ?


എങ്ങനെയാണെന്റെ കുടുംബം എന്നെ എന്നെ പോവാനനുവദിച്ചത്?
എനിക്കെന്നെക്കുറിച്ചെത്രപേടിയുണ്ടായിരുന്നു- കൊല്ലുമെന്നും ബലാത്സംഗം ചെയ്യപ്പെടുമെന്നും?

ഞാനെങ്ങനെയാണ് ഒറ്റക്ക് യാത്രചെയ്യാനുള്ള തീരുമാനമെടുത്തത്?
ഞാനെങ്ങനെയാണ് ഭക്ഷണമില്ലാത്ത കുറച്ചു ദിവസങ്ങള്‍ അതിജീവിച്ചത്?


ഞാനെങ്ങനെ നഗ്നപാദയായി നടന്നു—ഞാൻ കൂടുതൽ മുറിപ്പെടുമ്പോഴും?
ഞാനെങ്ങനെ സമ്മതിച്ചു എന്നെ ഒരു മൂത്രപ്പുരയ്ക്കുള്ളിൽ പൂട്ടിയിടാൻ

ഞാനെങ്ങനെ ആ മൂത്രപ്പുരയിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടി?
 ഞാനെങ്ങനെ ദൂരെയൊരിടത്തു നിന്നു ചാടി പരിക്കേറ്റു??

എനിക്കെങ്ങനെ മനസ്സിലായി ഞാൻ പറ്റിയയിടത്തെത്തിയെന്ന്?
ഞാൻ ജീവിക്കും അതിജീവിക്കും പിന്നെ ചോദ്യംചെയ്യപ്പെടും


ഒരു തോണിയിൽ വന്നപ്പോളേനിക്കെന്തു തോന്നി?
എന്റെ ജീവിതം വച്ചുകളിച്ചപ്പോളെനിക്കെന്തു  തോന്നി?


എനിക്കറിയാമായിരുന്നോ ഞാൻ തടവിലാക്കപ്പെടുമെന്ന്?
 എനിക്കറിയാമായിരുന്നോ ഞാൻ നിയമവിരുദ്ധമായാണ് വന്നതെന്ന്

-എന്നിട്ട് ഞാനവർ പറഞ്ഞത് കേൾക്കും –
കാരണം ഞാൻ കടലിൽനിന്നു രക്ഷപ്പെട്ടപ്പോൾ
എനിക്കു തോന്നി ഒന്നുകൂടി ജനിച്ചെന്ന്

അവർ ചോദിക്കുമ്പോൾ
നിനക്കറിയില്ലെ നിയമം മാറിയത്?
ഞാനവരോട് പറയും:
എനിക്ക് മറ്റൊരു വഴിയില്ലായിരുന്നു
അവർ പറയുമ്പോൾ
ഓർക്കുമ്പോൾ നിനക്ക് വേദനിക്കുന്നില്ലെ?
ഞാനവർക്ക് മറുപടി നൽകും
അതെല്ലാം കഴിഞ്ഞുപോയത്

അവർ ചോദിക്കുമ്പോൾ
ഇനിയെന്താണു നിന്റെ പദ്ധതി?
ഞാനവരോട് മറുപടി പറയും
ഞാൻ ആസ്ട്രേലിയയിൽ താമസിക്കാൻ വിചാരിക്കുന്നു
എനിക്കൊരു മാധ്യമപ്രവർത്തകയാവണം

അവർ ചോദിക്കും
അവർ നിന്നെ മറ്റൊരിടത്തേക്കയച്ചാൽ എന്തു ചെയ്യും?
ഞാൻ പറയും
ഞാൻ ശ്വസിക്കുന്നിടത്തോളം ഞാനെന്റെ ലക്ഷ്യം നേടുക തന്നെ ചെയ്യും

നല്ലൂർ


ശ്രീലങ്ക
അതവിടുണ്ട്,
ഓലമടലുകൾക്കും
ഉണങ്ങിയ ചുള്ളിക്കമ്പിൻ കൂമ്പാരങ്ങൾക്കും
ഉപേക്ഷിക്കപ്പെട്ട  നേരിയ ഉപ്പുവെള്ളമുള്ള കിണറുകൾക്കും
ഒഴിഞ്ഞ മണൽക്കൂനകൾക്കുമടിയിൽ


മരണത്താൽ ചുരുങ്ങിപ്പോയ നീണ്ടശരീരങ്ങളുടെ നിഴലുകൾ
  ഊറ്റിയെടുക്കുന്ന സൂര്യന്‍ അവരുടെ രക്തം കുടിച്ച്
വിങ്ങിവീർത്തു, കുമിഞ്ഞുകൂടുന്ന മേഘങ്ങൾക്കിടക്ക്
       
അതവിടുണ്ട്
             
              മരണം
                       
                      കാറ്റിൽ അത് മണക്കുന്നു


അതിന്റെ ദുർഗന്ധം സൂര്യനൊപ്പം നിൽക്കുന്നു
കട്ടിയാവുന്ന രക്തം നുരയുന്ന കള്ളിൻ മണത്തിനൊപ്പം കലരുന്നു
കുടങ്ങൾ ദുഷിച്ച കരിപിടിച്ച തൂക്കുമരത്തിൽ നിന്നു
നാക്കുതള്ളി കിടക്കുന്ന തലകൾ പോലെ കലരുന്നു


 അതവിടുണ്ട്
അമ്പലമണികളുടെ മുഴക്കങ്ങൾക്കും
കൊട്ടുന്ന കൈകൾക്കും
ഇലത്താളങ്ങളുടെ പിച്ചളക്കിലുക്കങ്ങൾക്കുമിടക്ക്
           
 തോക്കിൻ‌തിരയുടെ വീറും
മരണക്കരച്ചിലുകളും
സ്കന്ദന്റെ ആയിരംപേരുചൊല്ലിവിളിക്കുന്ന
അലർച്ചയിൽ മുങ്ങുന്നു
മുരുഗാ, കാർത്തികേയാ, അറുമുഖാ......................

ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഞങ്ങൾ കരയുന്നു,ആവലാതിപ്പെടുന്നു
ശ്രീകുമരാ, അതൊന്നും കേൾക്കാത്ത ബധിരസാന്ദേശ്വരനെപ്പോലെ ആവല്ലേ


തീർത്ഥം ഇപ്പോൾ ദൈവങ്ങളുടെ തുളുമ്പുന്ന അമൃതേയല്ല
പകരം കയ്പ്പാണ്, കയ്പ്പ്
നല്ലൂരിന്റെ പടിക്കൽ
ഒച്ചയില്ലാത്ത തോക്കുകൾ
മുഖമില്ലാത്ത പേടിക്കുമേൽ പരിശീലിക്കപ്പെട്ടിരിക്കുന്നു

പുറത്ത്,
നിലം കാഴ്ച്ചകൾ മാറുന്നു
തീരത്തുള്ള അമ്പലങ്ങൾ പുകയുന്നു
കത്തിക്കരിഞ്ഞ കല്ലുകൾ പൊളിയുന്നു
ഒഴിഞ്ഞ പാതകൾക്കുമേൽ  ചിതറുന്നു

യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ,
കറപിടിച്ച അശ്രദ്ധമായ തുന്നിക്കെട്ടലുകൾ
കത്തിക്കരിഞ്ഞ ഉപേക്ഷിച്ച വാഹനങ്ങൾ
രക്തചിഹ്നം
ദാഹിക്കുന്ന സൂര്യൻ എല്ലാം ഉടനെ തുടച്ചുനീക്കും


ചോരചിന്തുന്ന മനുഷ്യകുലത്തിന്റെ
വഴക്കുകളിൽനിന്നു തിരിഞ്ഞുനടന്ന്
വെടിയുണ്ടകളുടെ ചൊരിയലിൽ
ദൈവങ്ങൾ അന്ധരായിരിക്കുന്നു
ആറുമുഖമുള്ള അറുമുഖൻ
പന്ത്രണ്ടുകണ്ണുകളും ഇരുട്ടിൽ അടയ്ക്കുന്നു
.
രാജ്യമിപ്പോൾ ഒഴിഞ്ഞിരിക്കുന്നു
കടലെടുത്ത
ദ്രവിച്ച ചുണ്ണാമ്പുകല്ല്
 മുങ്ങുന്നു , മാഞ്ഞുപോകുന്നു
കറപിടിച്ച തിരകൾ വിങ്ങിവീർക്കുന്നു
ഒഴിഞ്ഞ ഗുഹകളിലും
വെടിയുണ്ടകൾ ചുട്ടുകരിച്ച ഉടലുകളുടെ
ചിതാഭസ്മക്കലശങ്ങളിലും തല്ലിയലക്കുന്നു

Tuesday, September 15, 2015

അമ്മ



ക്യൂബ

എന്റെ അമ്മയ്ക്ക്
നടുമുറ്റത്തെ പൂന്തോട്ടമുണ്ടായിരുന്നില്ല
പക്ഷെ സൂര്യനുകീഴെ
ലോലമായ പവിഴപ്പുറ്റുകളിൽ
തത്തിക്കളിക്കുന്ന
കൽദ്വീപുകളുണ്ടായിരുന്നു

അവളുടെ കണ്ണിൽഒരു തെളിഞ്ഞവക്കുള്ള ചില്ലയല്ല
പകരം എണ്ണമറ്റ കെണികളാണ് പ്രതിഫലിച്ചത്
എന്തൊരു ദിവസങ്ങൾ, അനാഥാലയത്തിന്റെ വെൺകളിയിലൂടെ
ഒഴിഞ്ഞകാലുകളുമായി ഓടിയത്, ചിരിക്കാതെ
ചക്രവാളം പോലും കാണാതെ
അവൾക്ക് അനക്കൊമ്പ് പതിച്ച കിടപ്പുമുറിയില്ല
ആടും കസേരയുള്ള പൂമുഖമില്ല
അവയൊന്നും ഉഷ്ണം കറപിടിപ്പിച്ച ചില്ലിനെ നിശ്ശബ്ദമാക്കിയില്ല
എന്റമ്മയ്ക്ക് തൂവാലയും
എന്റെ ശരീരത്തിന്റെ
ആഴത്തിലുള്ള വിശ്വാസത്തെ
തൊട്ടിലാട്ടാനുള്ള പാട്ടുമുണ്ടായിരുന്നു
അവളുടെ തലയുയർത്തിപ്പിടിക്കാൻ
ഭ്രഷ്ടാക്കപ്പെട്ട രാജ്ഞി
അവൾ ഞങ്ങൾക്ക് അവളുടെ കൈകൾ തന്നു
വിലമതിക്കാനാവാത്ത കല്ലുകൾ പോലെ
ശത്രുക്കളുടെ തണുത്ത ശവങ്ങൾക്ക് മുന്നിൽ വച്ച്

Thursday, September 10, 2015

കടൽ മണം



ക്രൊയേഷ്യ
ഞാനതനുഭവിക്കുന്നു,കടലിന്റെ മണം
ഇലപൊഴിയും കാലത്തെ തെങ്കാറ്റിൽ വരുന്ന
മനംമയക്കുന്ന സുഗന്ധപ്പുല്ലിന്റെ മണം
എന്റെ പാദത്തിന്നടിയിൽ മണൽ
എന്റെ കണ്ണുകൾ അതിന്റെ സ്വർണ്ണപ്രതിഫലനത്തിൽ ചിമ്മുന്നു
ഞാൻ നൂറാണ്ടിന്റെ മഴകൾ കഴുകിത്തുടച്ച
കൽ‌പ്പാളികൊണ്ടുതീർത്ത വെണ്മേൽക്കൂരകൾക്കു മുകളിലൂടെ നോക്കുന്നു,
തഴച്ചുനിൽക്കുന്ന പൈന്മരങ്ങളുടെ ഉയർന്ന തുമ്പു കാണാൻ.
പിന്നെ, തൊട്ടടുത്തുള്ള മരത്തിനപ്പുറം
ഞാൻ മാതളങ്ങൾ നിറച്ച നിന്റെ കൈയുകൾ കണ്ടു
പൂന്തോട്ടത്തിൽ, ഒരു വലിയ, കളിമൺ പാത്രം
മുന്തിരിയിലകളുടെ ചുരുളലങ്കാരത്തോടു കൂടി
ഒരു വെള്ള ഡാലിയയുടെ പട്ടുപൂങ്കുല, ഒരു കാമുകനെപ്പോലെ,
അതിന്റെ പൂക്കളെ അതിന്മേലെ ഞാത്തിയിട്ടിരിക്കുന്നു
മെഡിറ്റെറേനിയൻ സൂര്യാസ്തമയം
*
ഞാനുണർന്നു, അർദ്ധരാത്രിയിൽ
അവിടെങ്ങുമൊന്നുമില്ലായിരുന്നു,
എന്റെ കൺപീലിത്തുമ്പത്തു തൂങ്ങിക്കിടന്ന്
ഇറ്റുവീഴുന്ന സ്വപ്നങ്ങളല്ലാതെ
ഉപ്പുമണമെന്റെ നാവിലും ചുണ്ടിലും അറിഞ്ഞു
എന്നോടു കഥകൾ പറയുന്ന, എന്നോടു കവിത പറയുന്ന
നിന്റെ സാന്ത്വനസ്വരം കേൾക്കാൻ ഞാൻ കൊതിച്ചു
തിങ്കൾ തളരുന്നു
ഇരുട്ടും വെളിച്ചവും തമ്മിലുള്ള അവസാനസല്ലാപത്തിനു മുൻപേ
എന്റെ ആഗ്രഹത്തെ ഏകാന്തത വളയും മുൻപേ
എന്നില്‍ത്തന്നെ മാറ്റൊലിക്കൊള്ളുന്ന
വിദൂരമായ തിരകളുടെ തകർച്ച ഞാൻ കേട്ടു.