ഹാനി അദെൻ
സോമാലിയ
ഞാൻ ജീവിക്കും അതിജീവിക്കും പിന്നെ ചോദ്യംചെയ്യപ്പെടും
എത്ര അപകടകരമായിരുന്നു ഒറ്റയ്ക്കു സ്വന്തം രാജ്യം വിടൽ?
എങ്ങനെയാണെന്റെ കുടുംബം എന്നെ എന്നെ പോവാനനുവദിച്ചത്?
എനിക്കെന്നെക്കുറിച്ചെത്രപേടിയുണ്ടായിരുന്നു- കൊല്ലുമെന്നും ബലാത്സംഗം ചെയ്യപ്പെടുമെന്നും?
ഞാനെങ്ങനെയാണ് ഒറ്റക്ക് യാത്രചെയ്യാനുള്ള തീരുമാനമെടുത്തത്?
ഞാനെങ്ങനെയാണ് ഭക്ഷണമില്ലാത്ത കുറച്ചു ദിവസങ്ങള്‍ അതിജീവിച്ചത്?
ഞാനെങ്ങനെ നഗ്നപാദയായി നടന്നു—ഞാൻ കൂടുതൽ മുറിപ്പെടുമ്പോഴും?
ഞാനെങ്ങനെ സമ്മതിച്ചു എന്നെ ഒരു മൂത്രപ്പുരയ്ക്കുള്ളിൽ പൂട്ടിയിടാൻ
ഞാനെങ്ങനെ ആ മൂത്രപ്പുരയിൽ മണിക്കൂറുകൾ കഴിച്ചുകൂട്ടി?
ഞാനെങ്ങനെ ദൂരെയൊരിടത്തു നിന്നു ചാടി പരിക്കേറ്റു??
എനിക്കെങ്ങനെ മനസ്സിലായി ഞാൻ പറ്റിയയിടത്തെത്തിയെന്ന്?
ഞാൻ ജീവിക്കും അതിജീവിക്കും പിന്നെ ചോദ്യംചെയ്യപ്പെടും
ഒരു തോണിയിൽ വന്നപ്പോളേനിക്കെന്തു തോന്നി?
എന്റെ ജീവിതം വച്ചുകളിച്ചപ്പോളെനിക്കെന്തു തോന്നി?
എനിക്കറിയാമായിരുന്നോ ഞാൻ തടവിലാക്കപ്പെടുമെന്ന്?
എനിക്കറിയാമായിരുന്നോ ഞാൻ നിയമവിരുദ്ധമായാണ് വന്നതെന്ന്
-എന്നിട്ട് ഞാനവർ പറഞ്ഞത് കേൾക്കും –
കാരണം ഞാൻ കടലിൽനിന്നു രക്ഷപ്പെട്ടപ്പോൾ
എനിക്കു തോന്നി ഒന്നുകൂടി ജനിച്ചെന്ന്
അവർ ചോദിക്കുമ്പോൾ
നിനക്കറിയില്ലെ നിയമം മാറിയത്?
ഞാനവരോട് പറയും:
എനിക്ക് മറ്റൊരു വഴിയില്ലായിരുന്നു
അവർ പറയുമ്പോൾ
ഓർക്കുമ്പോൾ നിനക്ക് വേദനിക്കുന്നില്ലെ?
ഞാനവർക്ക് മറുപടി നൽകും
അതെല്ലാം കഴിഞ്ഞുപോയത്
അവർ ചോദിക്കുമ്പോൾ
ഇനിയെന്താണു നിന്റെ പദ്ധതി?
ഞാനവരോട് മറുപടി പറയും
ഞാൻ ആസ്ട്രേലിയയിൽ താമസിക്കാൻ വിചാരിക്കുന്നു
എനിക്കൊരു മാധ്യമപ്രവർത്തകയാവണം
അവർ ചോദിക്കും
അവർ നിന്നെ മറ്റൊരിടത്തേക്കയച്ചാൽ എന്തു ചെയ്യും?
ഞാൻ പറയും
ഞാൻ ശ്വസിക്കുന്നിടത്തോളം ഞാനെന്റെ ലക്ഷ്യം നേടുക തന്നെ ചെയ്യും
