Showing posts with label ജീൻ അരസനായഗം. Show all posts
Showing posts with label ജീൻ അരസനായഗം. Show all posts

Thursday, September 17, 2015

നല്ലൂർ


ശ്രീലങ്ക
അതവിടുണ്ട്,
ഓലമടലുകൾക്കും
ഉണങ്ങിയ ചുള്ളിക്കമ്പിൻ കൂമ്പാരങ്ങൾക്കും
ഉപേക്ഷിക്കപ്പെട്ട  നേരിയ ഉപ്പുവെള്ളമുള്ള കിണറുകൾക്കും
ഒഴിഞ്ഞ മണൽക്കൂനകൾക്കുമടിയിൽ


മരണത്താൽ ചുരുങ്ങിപ്പോയ നീണ്ടശരീരങ്ങളുടെ നിഴലുകൾ
  ഊറ്റിയെടുക്കുന്ന സൂര്യന്‍ അവരുടെ രക്തം കുടിച്ച്
വിങ്ങിവീർത്തു, കുമിഞ്ഞുകൂടുന്ന മേഘങ്ങൾക്കിടക്ക്
       
അതവിടുണ്ട്
             
              മരണം
                       
                      കാറ്റിൽ അത് മണക്കുന്നു


അതിന്റെ ദുർഗന്ധം സൂര്യനൊപ്പം നിൽക്കുന്നു
കട്ടിയാവുന്ന രക്തം നുരയുന്ന കള്ളിൻ മണത്തിനൊപ്പം കലരുന്നു
കുടങ്ങൾ ദുഷിച്ച കരിപിടിച്ച തൂക്കുമരത്തിൽ നിന്നു
നാക്കുതള്ളി കിടക്കുന്ന തലകൾ പോലെ കലരുന്നു


 അതവിടുണ്ട്
അമ്പലമണികളുടെ മുഴക്കങ്ങൾക്കും
കൊട്ടുന്ന കൈകൾക്കും
ഇലത്താളങ്ങളുടെ പിച്ചളക്കിലുക്കങ്ങൾക്കുമിടക്ക്
           
 തോക്കിൻ‌തിരയുടെ വീറും
മരണക്കരച്ചിലുകളും
സ്കന്ദന്റെ ആയിരംപേരുചൊല്ലിവിളിക്കുന്ന
അലർച്ചയിൽ മുങ്ങുന്നു
മുരുഗാ, കാർത്തികേയാ, അറുമുഖാ......................

ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഞങ്ങൾ കരയുന്നു,ആവലാതിപ്പെടുന്നു
ശ്രീകുമരാ, അതൊന്നും കേൾക്കാത്ത ബധിരസാന്ദേശ്വരനെപ്പോലെ ആവല്ലേ


തീർത്ഥം ഇപ്പോൾ ദൈവങ്ങളുടെ തുളുമ്പുന്ന അമൃതേയല്ല
പകരം കയ്പ്പാണ്, കയ്പ്പ്
നല്ലൂരിന്റെ പടിക്കൽ
ഒച്ചയില്ലാത്ത തോക്കുകൾ
മുഖമില്ലാത്ത പേടിക്കുമേൽ പരിശീലിക്കപ്പെട്ടിരിക്കുന്നു

പുറത്ത്,
നിലം കാഴ്ച്ചകൾ മാറുന്നു
തീരത്തുള്ള അമ്പലങ്ങൾ പുകയുന്നു
കത്തിക്കരിഞ്ഞ കല്ലുകൾ പൊളിയുന്നു
ഒഴിഞ്ഞ പാതകൾക്കുമേൽ  ചിതറുന്നു

യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ,
കറപിടിച്ച അശ്രദ്ധമായ തുന്നിക്കെട്ടലുകൾ
കത്തിക്കരിഞ്ഞ ഉപേക്ഷിച്ച വാഹനങ്ങൾ
രക്തചിഹ്നം
ദാഹിക്കുന്ന സൂര്യൻ എല്ലാം ഉടനെ തുടച്ചുനീക്കും


ചോരചിന്തുന്ന മനുഷ്യകുലത്തിന്റെ
വഴക്കുകളിൽനിന്നു തിരിഞ്ഞുനടന്ന്
വെടിയുണ്ടകളുടെ ചൊരിയലിൽ
ദൈവങ്ങൾ അന്ധരായിരിക്കുന്നു
ആറുമുഖമുള്ള അറുമുഖൻ
പന്ത്രണ്ടുകണ്ണുകളും ഇരുട്ടിൽ അടയ്ക്കുന്നു
.
രാജ്യമിപ്പോൾ ഒഴിഞ്ഞിരിക്കുന്നു
കടലെടുത്ത
ദ്രവിച്ച ചുണ്ണാമ്പുകല്ല്
 മുങ്ങുന്നു , മാഞ്ഞുപോകുന്നു
കറപിടിച്ച തിരകൾ വിങ്ങിവീർക്കുന്നു
ഒഴിഞ്ഞ ഗുഹകളിലും
വെടിയുണ്ടകൾ ചുട്ടുകരിച്ച ഉടലുകളുടെ
ചിതാഭസ്മക്കലശങ്ങളിലും തല്ലിയലക്കുന്നു