ജമൈക്ക
പൂവൻകോഴി
--------------------
എവിടേയെങ്കിലും പൂവൻ ദേഷ്യപ്പെട്ട്
ചോരച്ചുവപ്പിൽ ഉദിച്ചുവരുന്ന
സൂര്യനെ നഖംകൊണ്ട് മാന്തിപ്പൊളിച്ച് വലിച്ചിഴക്കാൻ
തുടങ്ങുമ്പോളേ, ദിവസം വരും (തുടങ്ങും)
ലോകം തുടരും
പെണ്ണിന്റെ ഭാഗ്യം കിടക്കുന്നത് പകുതിചുട്ട അപ്പങ്ങളുടെ കൂനയിലാണ്, കോഴിവന്നതു മാന്തിയെടുക്കുന്നു - ജമൈക്കൻ ചൊല്ല്
പിടക്കോഴി
--------------------
ചിലർ നിന്നെ പാവം ഒച്ചക്കാരിയായി കരുതും
ഒരു മുട്ടൻ അറിയിപ്പോടെ, ഒരു ചിനപ്പോടെ ഓരോ മുട്ടയിടുമ്പോഴും
ചിലർ നിന്നെ ചിന്തിക്കുന്ന പിടയായി തിരിച്ചറിയും
എല്ലാമറിയാതിരിക്കലെന്നാല്‍
നിന്റെ ചോരയുടെ രഹസ്യസുഗന്ധത്തിലേക്ക്
ഒളികണ്ണെറിയല്‍ എന്നാണര്‍ത്ഥം
നിനക്കറിയാം ആകാശം ഇടിഞ്ഞുവീഴില്ലെന്ന്,
താറാവ് പൊന്മുട്ടയിടില്ലെന്ന്,
പരമമായ അറിവ് കാൽപ്പാദങ്ങളിൽ വസിക്കുന്നു
നീ അടിത്തട്ടില്‍ കുഴിച്ചിട്ട നിധിയിലേക്കുള്ള
ഭൂപടത്തില്‍ നിപുണ
അല്ലെങ്കിലെന്തിനാണ്
നീ അത്താഴത്തീറ്റയ്ക്കിടയില്‍
തലയാട്ടി നന്ദിപറയുന്നത്?
ഗിനിയൻ പിടക്കോഴി
---------------------------
അമ്മൂമ്മയുടെ കണ്ണിൽ, നമ്മുടെ കളപ്പുരമുറ്റത്തെ ആദിമ യോദ്ധാവ്
അക്രമിയായ പൂവന്‍കോഴിയോ ,മുന്‍കോപിയായ ടർക്കിക്കോഴിയോ അല്ല
മറിച്ച് സൌമ്യയായ ഗിനിയൻ പിടയാണ്,അവളുടെ ഓഫീസ് ബാഡ്ജ്
ആ പുള്ളിത്തൂവലുകൾ. അവര്‍ അഭിമാനം വിളിക്കുന്ന അതിരുവേലിക്കു കാവലായി അവള്‍ നിൽക്കുന്നു
അമ്മൂമ്മ എന്നും നല്ല പെൺകുട്ടികളും ചീത്തപെൺകുട്ടികളും തമ്മിലുള്ള
വ്യത്യാസം പറയുമ്പോൾ ഈ മുന്നറിയിപ്പോടുകൂടിയ ഉപദേശം കാര്യമായി പറഞ്ഞു വയ്ക്കും : ഗിനിയൻ പിടയുടെ പിന്നിലുള്ള പുള്ളിക്കുത്തുകൾ കഴുകികളയാൻ ഏഴുകൊല്ലം മതിയാവില്ല
അമ്മൂമ്മ ഗിനിയൻ പിടയെ
മാനക്കേടിന്റെ പ്രതീകം പോലെ പൊക്കിപ്പിടിക്കുമ്പോൾ
ഞങ്ങളതിന്റെ വിന്യാസം പഠിക്കും എന്നിട്ട് അമ്മൂമ്മയുടെ മുന്നറിയിപ്പ് ഇങ്ങനെ വ്യാഖ്യാനിക്കും : നിങ്ങളങ്ങനെ ചെയ്യാൻ പാടില്ലെന്നല്ല
ലോകത്തെ അറിയിക്കരുത്
പുള്ളികൾ വെളിപ്പെടുത്തുകയുമരുത് എന്നേയുള്ളു
