Showing posts with label ഫാത്തിമാ നാവൂത്ത്. Show all posts
Showing posts with label ഫാത്തിമാ നാവൂത്ത്. Show all posts

Monday, August 10, 2015

പിശാച്


ഫാത്തിമാ നാവൂത്ത്
ഈജിപ്റ്റ്

അവൻ
അവളെ അടിമയാക്കാൻ
അവളുടെ വശത്ത് ഒരു മുൾച്ചെടി നട്ടു
അവൾ കിണറ്റിൽ നിന്നു വെള്ളം കോരുന്നു
രാവിലത്തെ കാപ്പികൂട്ടുന്നു
അവന്റെ പല്ലിടകുത്തി
ഭക്ഷണവും പെണ്ണുങ്ങളേയും പുറത്തെടുക്കുന്നു
കൈകൊട്ട്, കൈകൊട്ട്
അവൻ അവന്റെ കൈകൊട്ടുന്നു
അവൾ ഒരു നിരന്ന ഭൂമിയായിത്തീർന്ന്
അവനു ഗോതമ്പും യവവും മധുരനാരങ്ങയും ഒരുക്കുന്നു
കൈകൊട്ട്, കൈകൊട്ട്
അവൾ വയലിലൊരു കുരിശായി ഉയിർക്കുന്നു
പക്ഷികൾക്ക് ഒരു നോക്കുകുത്തി,
ഭാഷാപണ്ഡിതർക്കും കൊള്ളക്കാർക്കും
ചിരിക്കാനൊരു വസ്തു
പിന്നെ അവൾ കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നു
കൊള്ളക്കാർ വാൾകൊണ്ട് മുറിച്ച അവളുടെ വിരലുകൾ കഴുകാൻ
എന്നിട്ട് അവന്റെ ഷർട്ട് അവളുടെ മാറിൽ നിവർത്തിയിടുന്നു
ചോരയുണങ്ങാാൻ
കൈകൊട്ട്
അവളൊരു വെള്ളം തേവും ചക്രമായി മാറുന്നു
മണ്ണു നനക്കുന്നു
ചിത്രം പൂർത്തിയാവാൻ
വെള്ളത്തിൽ
വൃത്തങ്ങളും നിഴലുകളും വരയ്ക്കുന്നു
ഉച്ചക്ക് അവൻ
പിന്നേയും കൈകൊട്ടുന്നു
അവളൊരു മലമുഴക്കിയാവുന്നു
പുഴുക്കൾക്കായി ഖനിക്കുന്നു
പഞ്ഞിനൂലുകളിൽ നിന്നു കറകളെടുക്കുന്നു
പിന്നെയൊരു മീനാവുന്നു
ഊറൽമണ്ണു മിഴുങ്ങുനു
എന്നിട്ടു വടക്കൻ പനിനീർ പാടത്തിൽ
അവളുടെ വയറൊഴിക്കുന്നു
കൈകൊട്ട് കൊട്ട്, കൊട്ട്, കൊട്ട്
അവളൊരു പെൺകുതിരയാവുന്നു
അവൻ അതിന്റെ പുറത്തുകയറുന്നു
തന്റെ വിസ്തൃതമായ തോട്ടങ്ങളെ നിരീക്ഷിക്കാൻ
നീത്ഷെയുടെ ചാട്ട അവന്റെ കയ്യിൽ
ഗ്രാമമുഖ്യൻ
വൃദ്ധ കർഷകൻ
ഗ്രാമീണരുടെ ബുദ്ധിയും രീതികളും അറിഞ്ഞ്
പെണ്ണിനെ പൈശാചികനീതിക്കൊത്തു പരിശീലിപ്പിച്ചു
എന്നിട്ട് കിടങ്ങിന്റെ അരികിൽ കിടന്ന് ഒന്നു മയങ്ങി
അവളുടെ കണ്ണിൽ നോക്കി
അവളൊരു ഇളംപെണ്ണായിത്തീർന്നു
അവൻ അവളോടൊപ്പമുറങ്ങി
അവളെ ഒരു ചുവപ്പൻ പെൺകുട്ടിയുടെ അമ്മയാക്കി
അവൻ കൊന്നു
അവൾ സുന്ദരിയായിരുന്നു
അതിനാൽ
അയാൾ ഫോട്ടോകളിൽ അവളുടെ മുഖം
കറുത്ത ചോക്കുകൊണ്ട് വികൃതമാക്കി
കാരണം , അവളുടെ സൌന്ദര്യം അവന്റെ കൂട്ടുകാരെ
വിരൂപരാക്കി
അസ്തമയത്തിനു മുൻപ്
അവന്റെ തൊണ്ട വരണ്ടു
അവൾ ഒരു കഷ്ണം പശയായി
അവൻ ചവച്ചു
എന്നിട്ട്
തുപ്പി
അതു മണ്ണിൽ സ്വയം പരന്നു
എന്നിട്ട് ഹവ്വയായി മാറി
എന്നിട്ട് പെണ്മനേടി
അവൾ ഉയിർപ്പെന്ന പ്രതീക്ഷയോടെ ഉറങ്ങി
അസ്തമയത്തിൽ
അവൻ മുള്ള് നീക്കം ചെയ്തു
അവൾ ആവിയായി.