Showing posts with label കാനഡ. Show all posts
Showing posts with label കാനഡ. Show all posts

Wednesday, June 10, 2015

എന്റെ അവസാനത്തെ രതിക്കവിത


.
കാനഡ
ആർക്കാണ് കേൾക്കേണ്ടത്
പൂന്തോട്ടപ്പുരയിൽ കൃമികീടങ്ങൾക്കിടയിലെ
ബ്യൂക്കിന്റെ പിൻസീറ്റിലേയ്ക്ക്
രണ്ട് പഴഞ്ചൻ കീഴ്ശ്വാസങ്ങൾ പോകുന്നത്

അടുക്കളയിൽ നമ്മൾ ഓവൽടിൻ കുടിക്കുന്നതും
പറ്റില്ല എന്നുപറയുന്നതും? ആർക്കണ് കേൾക്കേണ്ടത്
26 കൊല്ലത്തെ കുത്തിക്കേറ്റലിനെക്കുറിച്ച്
ഒരിക്കലും ചന്തമില്ലാതിരുന്ന മാംസം
ഇപ്പോൾ ചുടാത്ത പിസ്സാമാവ് പോലെ അയഞ്ഞ്
കൈകൾക്കിടയിൽ അമ്മാനമാടുന്നതിനു മുൻപ് തൂങ്ങുന്നതിനെക്കുറിച്ച്?

ആർക്കാണ് കേൾക്കേണ്ടത് രണ്ട് വൃദ്ധപ്രണയികൾ
ചളി, വെള്ളത്തിലെന്നപോലെ ഒന്നിച്ചു കൊട്ടുന്നത്
വേണ്ടാത്തിടത്ത് രോമം
വേണ്ടിടത്ത് ഒരിത്തിരി

എന്റെ കുഴിനഖം കുത്തിയ കാൽ വഴുതുന്നു
നിന്റെ എല്ലുപിടിച്ച കാൽവണ്ണയിൽ

നിന്റെ പരുത്ത കയ്യുകൾ താഴുന്നു
എന്റെ വയറിന്റെ വേഗനിരക്കത്തിൽ

നമ്മുടെ വഞ്ചകരായ പൃഷ്‌ഠങ്ങൾ
പടപടശബ്ദമുണ്ടാക്കുന്നു , കുഴഞ്ഞു വീണോ?

താഴെയുള്ളത് കാണാൻ നമ്മൾക്ക് കണ്ണട വയ്ക്കണം
നിനക്കെന്താ വേണ്ടതെന്ന് നീ പിറുപിറുക്കുന്നത്എനിക്ക് കേട്ടൂടാ

എന്നാാലും എങ്ങനെയെങ്കിലും അത് ചെയ്യ്,
ഒരു വിധത്തിൽ ശരിയാക്കു, നേരിടൂ

ചില രാത്രികളിൽ നമ്മൾ
ഹാഗൻ -ഡാസ് ഐസ്ക്രീംബാർ തിന്നും
അല്ലെങ്കിൽ കാണാൻ നമ്മളേക്കാൾ മോശമായ
നിക്ക് നോൽട്ട് നടിക്കുന്ന സിനിമകാണും

ചിലരാാത്രികളിൽ നമ്മൾ പൂച്ചകളെ തലോടും
ആർക്കാണറിയേണ്ടത് നമ്മളതെല്ലാം ചെയ്യുന്നുണ്ടോ എന്ന്

നമമൾ വേഗതകൂട്ടുന്നു , ആദ്യമായി ആത്ർമാർത്ഥമായിട്ടെന്നപോലെ
ആദ്യത്തെതവണപോലെ,
നമ്മൾക്കത് ഓർക്കാനായാൽ മാത്രം
നമ്മളുടെ പഴകിയ ശരീരങ്ങൾ ചെയ്യുന്നതെന്തെന്ന് അറിയുമോ
തേഞ്ഞ് , സുന്ദരമായ , നാണം മറന്ന ശരീരങ്ങൾ ചെയ്യുന്നത്



Tuesday, June 9, 2015

പാമ്പുപേടി





കാനഡ


പാമ്പിനു അതിന്റെ നിഴലിൽ നിന്നു
സ്വയം വേർപെടാൻ കഴിയും
വെളിച്ചത്തിന്റെ നാടകളിൽ നീങ്ങാൻ കഴിയും
വായുവും
പകലും പകലറുതിയും
വസ്തുക്കളുടെ നെഞ്ചിലെ ഇരുട്ടും
രുചിക്കാം
ഞാനോർക്കുന്നു എന്റെ പാമ്പുപേടിയിൽ
നല്ലൊരു പങ്ക് പോയത്
അതിപ്പോളെന്റെ പുറകിൽ ഒരു
പഴംപടം പോലെ വീണുകിടക്കുന്നു
സ്വിഫ്റ്റ് കറന്റിൽ* ആൺപിള്ളേർ
ഒരു വലിയപാമ്പിനെ പിടിച്ച് എന്റെ പുറകേ
ആ കുന്നിഞ്ചെരിവിലൂടെ ഓടിവന്നു
ലാറി മൊയിൻ അതിനെ ഒരു പച്ചച്ചൂട്ട് പോലെ പിടിച്ചിരുന്നു
മറ്റുള്ളവർ അലറിവിളിച്ചു, അവളുടെ പുറത്തേക്കിടതിനെ!
നട്ടെല്ലിന്റെ ഒഴുക്കുകളിൽ അതു ഒലിച്ചിറങ്ങുന്നതു ഞാൻ പേടിച്ചു
( ലാറി,ഊഞ്ഞാലിൽ വച്ച് എന്റെ കാലുകൾക്കുൾവശം തൊട്ടവൻ,
മുതിർന്നവൻ ,
ഞങ്ങൾക്കറിയാമായിരുന്നു ഞങ്ങളുടെ കുട്ടിയുടുപ്പുൾകൊണ്ട്
നനുത്ത തൊലികൊണ്ട് വേണ്ടത്ര അടുക്കാനാവില്ലെന്ന്)
എന്റെ ചേട്ടൻ പറഞ്ഞു അവൾ പൊയ്ക്കോട്ടേ
ഞാനും കിലുക്കാംപെട്ടിച്ചെടികൾക്കിടയിലേക്ക് പതുങ്ങി
ലാറി പാമ്പിനെയൊരു ടെലിഫോൺ പോസ്റ്റിൽ
ആണിയടിച്ചു വയ്ക്കുന്നതുകണ്ടു
അത് വെളിച്ചത്തിന്റെ ഇരട്ടബിന്ദുക്കളിൽ പിണഞ്ഞു
അതിന്റെതന്നെ വേദനയിൽ നിന്നു ഇഴയാനാവതെ
വായ് തുറന്ന്
ചുവന്നനാക്ക് അതിന്റെ തന്നെപേടിയെ രുചിച്ച്
ഞാനപ്പോളതിനെ സ്നേഹിച്ചു, ആ പാമ്പിനെ
മണിബന്ധത്തിൽനിന്നു
ചാഞ്ചാടുന്ന വിഡ്ഡിക്കൈകളുമായി
ആൺപിള്ളേരവിടെ നിന്നിരുന്നു
സുന്ദരമായ പച്ചവായ തുറന്ന്
ഒരു അസഹ്യമായ ഇരുണ്ട 0
ആർക്കും കേൾക്കാനാവാത്തത്

* ഒരു കനേഡിയൻ നഗരം



കവിത കേൾക്കാം 

Friday, June 5, 2015

ഏഴാമത്തെ ദിവസം

കാനഡ
ഒന്നാമത്തെ ദിവസം ദൈവം പറഞ്ഞു
വെളിച്ചമുണ്ടാകട്ടെ, അങ്ങനെ അവിടെ വെളിച്ചമുണ്ടായി.
രണ്ടാമത്തെ ദിവസം ദൈവം പറഞ്ഞു
അവിടെ കൂടുതൽ വെളിച്ചമുണ്ടായി
നിങ്ങളെന്തായീ കാണിക്കുന്നത്?
ഒരു മനോരാജ്യക്കാരനാണെന്നു അറിഞ്ഞു കൊണ്ട്
ദൈവത്തിന്റെ ഭാര്യ ചോദിച്ചു
നിങ്ങൾ ഇന്നലെ വെളിച്ചം സൃഷ്ടിച്ചു
ഞാൻ മറന്നു പോയി , ദൈവം പറഞ്ഞു
ഇതും വച്ച് ഞാൻ ഇനി എന്തു ചെയ്യും?
ഒന്നും ചെയ്യാനില്ല ,ഭാര്യപറഞ്ഞു
ഇനിയെങ്കിലും ശ്രദ്ധിക്കൂ!
അവൾ ഒരു മുഷിച്ചിലോടേ വീട്ടുപണിചെയ്യാൻ പോയി
സ്വർഗ്ഗത്തിൽ പൊടിപിടിക്കാത്ത മുറികളാണെങ്കിലും
ഒരു ഭാര്യയ്ക്ക് പിടിപ്പതു പണികളുണ്ട്
മൂന്നാമ്മത്തെ ദിവസം ദൈവം പറഞ്ഞു
വെളിച്ചമുണ്ടാകട്ടെ.
ഇതുതന്നെ നാലും അഞ്ചും ദിവസങ്ങളിലും
(ഭാര്യ അമ്മയെ കാണാൻ വീട്ടിൽ പോയിരിക്കുകയായിരുന്നു)
അവൾ തിരിച്ചു വന്നപ്പോൾ
ആറാമത്തെ ദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ
വെളിച്ചം കണ്ണഞ്ചിച്ച് കാഴ്ച നഷ്ടപ്പെടുത്തുന്നതായിരുന്നു
ദൈവത്തിനു ആകാശം പിന്നേം പിന്നേം വലിച്ചു നീട്ടേണ്ടി വന്നു
അങ്ങനെ ആകാശം മുഴുവൻ സ്ഥലവുമെടുത്തു
അത് ദൈവത്തിനു സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലുതായിരുന്നു
വേഗം അതിനെ താങ്ങിനിർത്താൻ എന്തെങ്കിലും ചെയ്യ്
ദൈവം മോങ്ങി, ഭൂമിയുണ്ടാകട്ടെ !
ലോകത്തിലെ നീലമുഴുവനും തന്റെ പുറത്തേറ്റി ഒരു പാമ്പിഴയൂന്ന പോലെ
മണ്ണിന്റെ ഒരു നേർത്ത വര ആകാശത്തിന്റെ മേലെ ചെന്നു തട്ടി
ഏഴാമത്തെ ദിവസം പതിവുപോലെ ദൈവം വിശ്രമിച്ചു .
ഉവ്വ്, വിശ്രമം എന്നല്ല ശരിയായ വാക്ക്
ഏഴാമത്തെ ദിവസം ദൈവം
തന്റെ പഠനമുറിയിൽ ചെന്നിട്ട്
തന്റെ വാർത്താപത്രികയിൽ
വളവുകളും തിരിവുകളും Tയ്ക്ക് വലിയ വെട്ടുകളും കൊടുത്തുകൊണ്ട്,
കാര്യങ്ങളൊക്കെ മാറ്റി മറച്ചുകൊണ്ട് ,
തീർച്ചയായും ആണിന്റെ വാരിയെല്ലിൽ നിന്ന്
പെണ്ണിനെപ്പോലും സൃഷ്ടിച്ചുകൊണ്ട്,എഴുതി
എന്തിനു അലസോരപ്പെടണം ? അവൾ ആലോചിച്ചു.
ആരാ ഇത് വിശ്വസിക്കാൻ പോകുന്നത്?
എന്തായാലും അവൾക്ക് അവളുടെ പണികളുണ്ട്.
അയാൾ മറന്നതെല്ലാം അവൾക്ക് സൃഷ്ടിക്കണം,
ആകെ ഒരു ദിവസം ബാക്കിയുണ്ട്.
നഖങ്ങൾ നഖങ്ങളായി
ഇലകൾ ഇലകളായി
ഈരണ്ടുവീതം
പിന്നെ ഇനി ഒന്നും
അനശ്വരമാകരുത്
പോയി പെറ്റുപെരുകൂ
അതെ , അവൾക്കതുപറയേണ്ടിവന്നു
എന്നെന്നേക്കുമായി
ആകാശമൈതാനത്തിനു കീഴെ
ഭൂമിയുടെ ചെറുതുണ്ടിൽ
വളരെകുറച്ച് സ്ഥലമേ
അവസാനമില്ലാത്ത ജീവിതത്തിനുണ്ടായിരുന്നുള്ളൂ

ഒന്നുമില്ലായ്മയെക്കുറിച്ചൊരു കവിത



കാനഡ
സ്കൂളില്‍ വച്ച് ഒരു പിടിയും കിട്ടാത്ത
ഒന്നാണ് പൂജ്യം
എന്തിനോടു ഗുണിച്ചാലും
അതെല്ലാം ഒന്നുമല്ലാതായിത്തീരും.

അലങ്കാരം പഠിക്കുന്ന,
ഗണിതശാസ്ത്രജ്ഞനായ
എന്റെ സുഹൃത്തിനോട്
പൂജ്യമൊരു സംഖ്യയാണോ
എന്നു ചോദിച്ചപ്പോള്‍,
അതെ എന്നാണവന്‍ പറഞ്ഞത്
എനിക്കേതായാലും വലിയ ആശ്വാസമായി
അതൊരു പ്രകൃതിദൃശ്യമാണെങ്കില്‍
ഒരു മരുഭൂമിയാവുമായിരുന്നു
അതിന് ശരീരഘടനാശാസ്ത്രത്തില്‍
എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍
അത് വായയാകുമായിരുന്നു,
ഇല്ലാത്ത ഒരു തുറിപ്പ്
നഷ്ടപ്പെട്ട ഒരവയവം
പൂജ്യം ഒന്നിനും ഒന്നിനുമിടയിലൂടെ
അതിന്റെ വഴിതുളയ്ക്കുന്നു
പിന്നെയെല്ലാം മാറ്റിമറിക്കുന്നു
അത് അക്ഷരമാലയ്ക്കിടയിലേക്ക്
വഴുതിക്കയറുന്നു
അത് നിശ്ശബ്ദമായ നാക്കിലെ സ്വരാക്ഷരമാണ്
അന്ധന്റെ കണ്ണിലെ കൃഷ്ണമണി
അവന്റെ വിരല്‍തുമ്പില്‍
അവന്‍ തെരുപ്പിടിക്കുന്ന മുഖത്തിന്റെ ബിംബം
വറ്റിയ ഒരു കിണറിന്റെ അടിയില്‍ നിന്ന്
മുകളിലേയ്ക്കു നോക്കുമ്പോള്‍
നിങ്ങള്‍ കാണുന്നതാണ് പൂജ്യം
അതിന്റെ അസഹ്യമായ നീലയും
നിങ്ങളുടെ ഉപ്പൂറ്റി ചിറകിനായി തരിക്കുമ്പോള്‍.
നിങ്ങളുടെ കഴുത്തില്‍
നിങ്ങള്‍ ചുറ്റുന്ന കയറാണ് അത്,
ചിറകുകളെരിയുന്ന മണം വന്നപ്പോള്‍
ഇകറസിനു*
പൂജ്യമെന്തെന്നു മനസ്സിലായി
പിന്നെ കടലിലേയ്ക്കു വീണു.
ഒരു കുന്നില്‍നിന്ന് നിങ്ങള്‍
പൂജ്യമുരുട്ടിവിട്ടാല്‍ അതു വളരും,
പട്ടണങ്ങളെ വിഴുങ്ങും, കൃഷിയിടങ്ങളെയും
മേശപ്പുറത്ത് പകിടകളിച്ചിരിക്കുന്ന ആളുകളെയും
വടക്കേ അമേരിക്കയിലെ ഗോത്രത്തലവമാര്‍
അവരുടെ ഋജുവായ ഉടമ്പടികളിലൊപ്പുവയ്ക്കുമ്പോള്‍
അവരുടേ പേരിനടുത്തായി x എന്നിടുമായിരുന്നു
ഇംഗ്ലീഷില്‍ x പൂജ്യത്തിനു തുല്യമാണ്
ഗണിതം പഠിക്കുന്ന അലങ്കാരശാസ്ത്രജ്ഞനായ
എന്റെ കൂട്ടുകാരനോട് ചിരികളയാതെ തന്നെ ചോദിച്ചു
പൂജ്യത്തിന്റെ അര്‍ത്ഥമെന്താണെന്ന്.
അവന്‍ പറഞ്ഞു അതൊരുതരം പൂട്ടാണെന്ന്
പൂജ്യമെന്നത് അശ്ലീലസാഹിത്യകാരന്റെ സംഖ്യയാണ്
അവനതൊരു കള്ളപ്പേരില്‍
കത്തുകളിലൂടെ സ്വന്തമാക്കുന്നു
അത് മരണനിരയിലെ
അവസാനത്തെ മനുഷ്യന്റെ അക്കമാണ്
* ഇകറസ് -ഒരു ഗ്രീക്ക് ഇതിഹാസ കഥാപാത്രം

എന്റെ കാമുകനെ നോക്കിയിരിക്കൽ

കാനഡ
പിഞ്ഞാണത്തിലേയ്ക്ക് ചര്‍ദ്ദിക്കുന്ന അമ്മയെ
ചേർത്തുപിടിക്കുന്ന അവനേയും നോക്കി ഞാനിരുന്നു
ഒരു നനഞ്ഞ തുണികൊണ്ട് മുഖം തുടപ്പിച്ച്ചിട്ട്
പുറകില്‍ ചരടുകൊണ്ട് കെട്ടിയിരുന്ന്ന
അഴുക്കായ ഉടുപ്പ് ഞങ്ങള്‍ രണ്ടുപേരും കൂടി
ഊരി മാറ്റാന്‍ നോക്കി

അവരെ പൊന്തിക്കാന്‍ കഴിയാതെ
തൊലിപൊട്ടുമോ എന്ന് പേടിച്ച്
പുതപ്പിനടിയിലെ പഞ്ഞി ഞാന്‍
വലിച്ചെടുത്തു
അവന്‍ ഡയപ്പറുകള്‍ നീക്കി.
എന്തു പറയാനാ, ഇതൊക്കെ എങ്ങനെയാ
ചെയ്യുക എന്ന് ഞങ്ങളെ ആരും പഠിപ്പിച്ചിരുന്നില്ല
ഇവിടെയുള്ളതെല്ലാം അത്ര ലോലമാണ്
ഒരു നിശ്വാസം പോലും നിങ്ങളെ മുറിപ്പെടുത്തിയേക്കാം
ട്യൂബുകളും സൂചികളും കൊണ്ട്
മുറിപ്പെട്ട മാറ് അവര്‍ കൈകൊണ്ട് പൊത്തുന്നു
മുഖം ദൂരേയ്ക്ക് തിരിക്കുന്നു
അതു സാരോല്ല അമ്മെ
ഇത്രെം നാളിനിടയ്ക്ക്
ഞാന്‍ ഡസന്‍ കണക്കിനു പെണ്ണുങ്ങളേ
വിവസ്ത്രയാക്കിയിട്ടുണ്ട്-അവന്‍ പറയുന്നു
എന്റെ കാമുകന്‍ അമ്മയുടെ ഉടുപ്പൂരുന്ന
ഈ മുറിയില്‍ ഞങ്ങള്‍ മൂന്നു പേരും ചിരിക്കുന്നു
പിന്നീട് , നഗ്നയായി, ഓരോശ്വാസമായി
അവന്റെ ഉറക്കത്തെ കേട്ടുകൊണ്ട്
ഞങ്ങളുടെ കിടക്കയില്‍ അവന്റെ അടുത്തു
ഞാന്‍ ചുരുണ്ട് കൂടിക്കിടന്നു
അവനു പനിച്ചു - തണുപ്പകറ്റാന്‍ മാംസം സ്വയം തീകൊളുത്തി-
തളര്‍ന്നു
അവന്‍ മേലുകഴുകിയിരുന്നെങ്കിലും
നെറുകമുതല്‍ ഉപ്പൂറ്റി വരെ അവര്‍ അവരുടേ
വയസ്സി നാവുകൊണ്ട് നക്കിയപോലെ
അവന്റെ തൊലിപ്പുറത്തെല്ലാം അവരെ മണത്തു.
ഇനി അവന്റെയൊപ്പം കിടക്കുന്നവർക്കെല്ലാം
മൻസ്സിലാവും അവൻ ഇപ്പോളും
അവന്റെ അമ്മയുടേ മോനാണെന്ന്

Monday, May 4, 2015

എന്റെ അമ്മയുടെ അടുക്കളവെളിച്ചം

കാനഡ
ജനാലപ്പടിയിൽ മൂന്ന് പച്ചത്തക്കാളികൾ
വീട്ടുദൈവങ്ങൾ നിഷേധിക്കാത്ത നേർച്ച
എന്റെ അമ്മയവിടെയില്ലെങ്കിലും
അപ്പക്കൂടിനുള്ളിൽ ആ ചെറിയബൾബ് കത്തുന്നുണ്ട്
ചട്ടിയുടെ തകരച്ചുവരിൽ കനത്തസ്വർണ്ണനിറത്തിൽ എന്തൊ
തട്ടിത്തെറിക്കുന്നുണ്ട്
എന്റെ അച്ഛൻ ഇപ്പോളുണ്ടായിരുന്നെങ്കിൽ ചോദിച്ചേനെ
അത്താഴത്തിനെന്താ?
ആ കസേരയിൽ
ഉറച്ച ഉപ്പൂറ്റി കസേരപ്പടിയിൽ ഉറപ്പിച്ച്
ഒരു ബിയറും സിഗററ്റുമായിരുന്നേനെ
അമ്മ പുറം തിരിഞ്ഞ് നിന്നേനെ
അച്ഛനെന്തോ അബദ്ധം പറഞ്ഞ പോലെ
എന്തോ അധികപ്രസംഗം ചെയ്തപോലെ
പുളിച്ചമാവിന്റെ മണം
ആരുമൊന്നും മിണ്ടുന്നില്ല
സൂക്ഷിക്കാവുന്നതെല്ലാം സൂക്ഷിച്ചുവയ്ക്കുന്ന
ഫ്രിഡ്ജിന്റെ ശബ്ദം
സൂര്യനൊഴിയുമ്പോൾ അപ്പക്കൂട്
ഞങ്ങളെ ഊട്ടുന്നവയ്ക്കുനേരേ അതിന്റെ വെളിച്ചം വീശുന്നു
സിഗററ്റ് പുക ഉയരുന്നു,
എന്റെ അച്ഛന്റെ കറുത്ത ശ്വാസം
എന്റെ വായ്ക്കുള്ളിൽ നിറയുന്നു

Monday, April 13, 2015

കത്തിക്കരിഞ്ഞ വീട്ടിൽ രാവിലെ

കാനഡ
കത്തിക്കരിഞ്ഞ വീട്ടിൽ ഞൻ പ്രാതൽ കഴിക്കുന്നു.
നിങ്ങൾ മനസ്സിലാക്കണം: ഇവിടെ ഒരു വീടില്ല, പ്രാതലില്ല ,
എന്നിട്ടുമിവിടെ ഞാനുണ്ട്

ഉരുകിപ്പോയ കരണ്ടി
ഉരുകിയ കോപ്പയിൽ ഉരസുന്നു
ആരുമില്ല ചുറ്റും
അവരെല്ലാം എവിടേപ്പോയി, ചേട്ടനും ചേച്ചിയും
അമ്മയും അച്ഛനും? ചിലപ്പോൾ തീരത്തുപോയതാവും
അവരുടെ ഉടുപ്പെല്ലാം ഇപ്പോളും കൊളുത്തുകളിൽ തൂങ്ങുന്നുണ്ട്
അവരുടെ കിണ്ണങ്ങളെല്ലാം
കരിപിടിച്ച ചായച്ചരുവം ഉരയുന്ന
മരയടുപ്പിനോട് തൊട്ടുള്ള
കൊട്ടത്തളത്തിന്റെ അരികിൽ കുന്നുകൂടികിടക്കണ്ട്
എല്ലാ വിശദാംശങ്ങളും സ്പഷ്ടമാണ്
തകര ലോട്ടയും ഓളംവെട്ടുന്ന കണ്ണാടിയും
പകൽ തെളിഞ്ഞതും പാട്ടൊഴിഞ്ഞതുമാണ്
തടാകം നീലച്ചും , കാട് ജാഗ്രതപ്പെട്ടും
കിഴക്കേതീരത്ത് ഒരു മേഘച്ചിറ
കറുത്ത അപ്പം കണക്കെ നിശ്ശബ്ദമായി പൊന്തുന്നു
എണ്ണത്തുണിയിലെ ചുഴികൾ എനിക്ക് കാണാം
ചില്ലിലെ വിള്ളലുകൾ എനിക്ക് കാണാം,
അതിൽ സൂര്യവെളിച്ചമടിക്കുമ്പോളുള്ള മിന്നലും
എനിക്കെന്റെ തന്നെ കാലും കയ്യും കണ്ടുകൂടാ
അല്ലെങ്കിൽ അറിയില്ല ഇതൊരു കെണിയാണോ വരമാണോ എന്ന്
എന്നെ ഇവിടെ തിരികെ കാണൽ
ഇവിടെയീവീട്ടിലെ എല്ലാം മുന്നേ തീർന്നുപോയതാണ്
ചായച്ചരുവവും കണ്ണാടിയും ,സ്പൂണും കോപ്പയും
എന്റെ സ്വന്തം ശരീരമുൾപ്പടെ
അന്നുണ്ടായ എന്റെ ശരീരമുൾപ്പടെ
ഇന്ന്, ഞാനീ രാവിലെ ഒറ്റക്ക് സന്തോഷിച്ച് മേശയ്ക്കടുത്തിരിക്കുന്ന
എന്റെ ശരീരമുൾപ്പടെ
കരിഞ്ഞ നിലത്ത് ഉടുപ്പൊന്നുമില്ലാത്ത കുട്ടിയുടെ കാൽപ്പാടുകൾ
(എനിക്ക് ഒരുവിധം കാണാൻ കഴിയും)
എന്റെ എരിയുന്ന ഉടുപ്പിൽ,
-നനുത്ത പച്ച നിക്കർ
മുഷിഞ്ഞ മഞ്ഞ ടീഷർട്ട്-
എന്റെ നിലവിലില്ലാത്ത
ജ്വലിച്ച് തിളങ്ങുന്ന
മാംസവും പിടിച്ചുകൊണ്ട്