Showing posts with label പാലസ്തീൻ. Show all posts
Showing posts with label പാലസ്തീൻ. Show all posts

Wednesday, May 6, 2015

ഞാനവിടുന്നു വരുന്നു


പാലസ്തീൻ
ഞാനവിടുന്നാണ് വരുന്നത് ,
എനിക്ക് ഓർമ്മകളുമുണ്ട്
മരിക്കുന്ന ഏതൊരുവനേപ്പോലെ
ഞാനും ജനിച്ചു ,
എനിക്കൊരു അമ്മയുണ്ട്
ഒരുപാടു ജനാലകളുള്ള ഒരു വീടും
കൂടപ്പിറപ്പുകളും കൂട്ടുകാരുമുണ്ട്
പിന്നെ തണുത്ത കിളിവാതിലുള്ളൊരു ജയിലറയും

എന്റേതാണാ കടൽക്കാക്കകൾ കൊത്തിപ്പറിച്ച തിര
എനിക്കെന്റേതായ കാഴ്ചപ്പുറങ്ങളുണ്ട്
പുല്ലിന്റെ ഒരു അധികവായ്ത്തലയും
വാക്കിന്റെ അങ്ങേയറ്റത്തെയാ പിറയും
പക്ഷികളുടെ ഉപഹാരവും
അമരനായ ആ ഒലീവ് മരവും എനിക്കുണ്ട്
വാളുകൾക്ക് മുൻപേ ഞാനീ നാട്ടിലൂടെ നടന്നു
ഇതിന്റെ ജൈവശരീരത്തെ
ഞാനൊരു കനം തൂങ്ങും പീഠമാക്കി
ഞാനവിടുന്നു വരുന്നു,
ആകാശമവളുടെ അമ്മയ്ക്കായ് കരഞ്ഞപ്പോൾ
ഞാവൾക്ക് അമ്മയെ തിരികെ കൊടുത്തു
പിന്നെ തിരികെവരുന്നൊരു മേഘത്തെയറിയിക്കാൻ
ഞാൻ എന്നോട് തന്നെ കരഞ്ഞു
രക്തത്തിന്റെ കോടതിയിൽ
ഉചിതമായ എല്ലാവാക്കുകളും ഞാൻ പഠിച്ചു
അതിനാലെനിക്ക് നിയമങ്ങൾ ലംഘിക്കാം
ഞാനെല്ലാവാക്കുകളും പഠിച്ചു ,
എന്നിട്ടവയെല്ലാം തകർത്തു
ഒരൊറ്റവാക്കു നിർമ്മിക്കാൻ :ജന്മദേശം

Monday, May 4, 2015

തീവ്രപരിചരണവിഭാഗം


 പലസ്തീന്‍
എന്റെ മുന്നിലെ ലോകം ചുരുങ്ങുന്നപോലെ
ഞാൻ കാറ്റിനൊപ്പം ചുറ്റിത്തിരിഞ്ഞേനെ
പറന്നുചെന്നതിനു കടിഞ്ഞാണിട്ടേനെ

എന്നാൽ ഞാനൊരു മനുഷ്യനാണ്…….
എന്റെ നെഞ്ച് നൂറായിരം ഓടക്കുഴലുകൾ തുളയ്ക്കുന്നു
മഞ്ഞിൽമൂടി എന്റെ കുഴിമാടം എന്റെ ഉള്ളംകയ്യിൽ
ഞാൻ കിടക്കയിൽക്കിടന്നഴുകുന്നു, വലിച്ചെറിയൂ
ഒരുനിമിഷത്തേയ്ക്ക് എന്റെബോധംപോയി, മരിച്ചു.
വളരെച്ചെറിയ ജീവിതത്തിന്റെ ആ മരണം സംഭവിക്കുന്നതിനുമുൻപ്
കരഞ്ഞു പറഞ്ഞു: ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്റെ കാലിൽക്കൂടി
ഞാൻ മരണത്തിലേക്കു കടക്കട്ടെ?
പിന്നെ ഞാൻ മരിച്ചു..ഞാൻ പൂർണ്ണമായും തളർന്നിരുന്നു
നിന്റെ വിതുമ്പലൊഴിച്ചു നിർത്തിയാൽ എത്ര പ്രശാന്തമായ മരണം!
എന്റെ നെഞ്ചിൽ മിടിപ്പിനായി തിരയുന്ന
നിന്റെ കൈകളില്ലായിരുന്നെങ്കിൽ
അതെത്ര ശാന്തമാവുമായിരുന്നു!
ഞാൻ മരണത്തിനു മുൻപും പിൻപും നിന്നെ സ്നേഹിച്ചിരുന്നു
അതിന്നിടയ്ക്ക് എന്റെ അമ്മയുടെ മുഖം മാത്രമേ കണ്ടുള്ളു
ഹൃദയമാണൊരുനിമിഷത്തേയ്ക്കു വഴിപിഴപ്പിച്ചത്
പിന്നെ തിരിച്ചുവന്നു, എന്റെ സ്നേഹത്തോടു ചോദിച്ചു:
ഏതു ഹൃദയത്തിലാണു ഞാൻ കുരുങ്ങിപ്പോയത്?
അവളെന്റെ മേലേയ്ക്കു കുനിഞ്ഞ് ആ ചോദ്യത്തെ കണ്ണീരുകൊണ്ടു മറച്ചു.
ഓ ഹൃദയമേ ..ഹൃദയമേ, എന്തിനാണിങ്ങനെ എന്നോടു നുണപറഞ്ഞ്
എന്റെ അവസാനനിമിഷങ്ങൾ ഇങ്ങനെ തകിടം മറിച്ചത്?
നമുക്കു ധാരാളം സമയമുണ്ട്. ഹൃദയമേ, അടങ്ങൂ അടങ്ങൂ
അപ്പോൾ നിന്റെയടുത്തേക്ക്
ബെൽക്കിസിന്റെ നാട്ടിൽ നിന്നൊരു കിളി പറന്നുവരും
ഞങ്ങൾ കത്തുകളയച്ചിട്ടുണ്ട്
ഞങ്ങൾ മുപ്പതു കടലുകളും ,
അറുപതു കടൽത്തീരങ്ങളും മറികടന്നു.
എന്നിട്ടിന്നും ജീവിതത്തിൽ
വലിയ അലച്ചിലുകള്‍ക്കു സമയം ബാക്കിയുണ്ട്.
ഓ എന്റെഹൃദയമേ
കാറ്റേറ്റൊന്നും തളരാത്തൊരു പെൺകുതിരയോട്
നീ എന്തിനിങ്ങനെ കള്ളംപറഞ്ഞു!
ഒന്നുനിൽക്കൂ, ഈ കെട്ടിപ്പിടുത്തവും
മുട്ടുകുത്തിപ്രാർത്ഥനയും നമുക്കു പൂർത്തിയാക്കാം
നിൽക്കൂ, നിൽക്കൂ
എന്റെ ഹൃദയമേ,
നീയാണോ അവളുടെ ശബ്ദമാണോ കരയുന്നതെന്ന്
ഞാനൊന്നു കണ്ടുപിടിച്ചോട്ടെ.
ഇതാഎന്നെഎടുക്കൂ

Sunday, April 12, 2015

ഒരു പുതുകവിയോട്



 പലസ്തീന്‍
വിശ്വസിക്കരുത് ഞങ്ങളുടെ രൂപരേഖകളെ, അവയ മറന്നേക്കൂ
എന്നിട്ട് സ്വന്തം വാക്കുകള്‍കൊണ്ട് തുടങ്ങൂ
നീയാണാദ്യമായി കവിതയെഴുതുന്നവന്‍ എന്നോ
അവസാനത്തെ കവിയെന്നൊ ഉള്ളമട്ടില്‍


നീ ഞങ്ങളെഴുതിയതു വായിക്കുന്നെങ്കില്‍
ഞങ്ങളുടേയിടത്തിന്റെ വലിച്ചു നീട്ടലാവരുത് അത്
പകരംയാതനയുടെ പുസ്തകത്തിലെ
ഞങ്ങളുടെ തെറ്റുകള്‍ തിരുത്താനാവണം

ആരോടും ചോദിക്കരുത്: ആരാണ് ഞാന്‍?
നിനക്കറിയാം നിന്റെ അമ്മയാരെന്ന്
അതേപോലെ നിന്റെ അച്ഛനെയും , നീ നിന്റേതാവുക

സത്യം വെണ്മയാണ്,
കാക്കക്കറുപ്പിന്‍ മഷികൊണ്ട് അതിന്മേലെഴുതുക
സത്യം ഇരുളാണ്,
ഒരു മരീചികയുടെ വെളിച്ചം കൊണ്ട് അതിന്മേലെഴുതുക

നിനക്കൊരു വേട്ടപ്പക്ഷിയുമായി കൊരുക്കണമെങ്കില്‍
അതിനൊപ്പം ഉയരത്തില്‍പ്പറക്കുക

നീയൊരു പെണ്ണിനെ പ്രേമിക്കുന്നെങ്കില്‍
അവളാവരുത്,
സ്വന്തം അന്ത്യം കൊതിക്കുന്നവനാവുക .

നമ്മള്‍ വിചാരിക്കുന്നിടത്തോളമൊന്നും ജീവനില്ല ജീവിതത്തിന്
പക്ഷെ നമ്മളതൊന്നും ഏറേയോര്‍ക്കാതെ
വികാരങ്ങളുടെ പുഷ്ടിയെ മുറിപ്പെടുത്തന്നു.

നീയൊരു പനിനീര്‍പ്പൂവിനെ ധ്യാനിക്കുന്നെങ്കില്‍
ഒരു കൊടുംകാറ്റിലും നീ ഉലയുകയില്ല

നീ എന്നെപോലൊത്തന്നെ പക്ഷെ,
എന്റെ ആഴങ്ങള്‍ തെളിഞ്ഞത്.
നിനക്ക് വഴികളുണ്ട് അവയുടേ രഹസ്യങ്ങളാവട്ടെ ഒടുങ്ങുന്നില്ല
അവ ഉയര്‍ന്നും താഴ്ന്നും, ഉയര്‍ന്നും താഴ്ന്നും

യൌവ്വനത്തിന്റെ അന്ത്യത്തെ നീ
വാസനയുടെ അല്ലെങ്കില്‍ പ്രജ്ഞയുടേ
പക്വത എന്നുവിളിക്കണം, സംശയിക്കണ്ട
അത് പ്രജ്ഞതന്നെ ഒരു തണുത്ത ഭാവരഹിതഗീതത്തിന്റെ പ്രജ്ഞ

മരത്തെയണിഞ്ഞുനില്‍ക്കുന്ന ഒറ്റപക്ഷിക്കു തുല്ല്യമാവില്ല
കൈക്കുള്ളിലെ ഒരായിരം പക്ഷികള്‍

കെടുതിക്കാലത്തെ ഒരു കവിത
ഒരു സെമിത്തേരിയിലെ സുന്ദരിപ്പൂക്കളാണ്
അതുകൊണ്ടുതന്നെ നീ നീയായിരിക്കുക ,
മാറ്റൊലിയുടെ അതിരുകള്‍ക്കപ്പുറത്ത് നീയല്ലാത്തൊരുവനാകുക

അത്യുല്‍സാഹത്തിനു നീട്ടിക്കിട്ടിയ പരിധിയോടേ ഒരു
കാലഹരണത്തീയതിയുണ്ട്
അതുകൊണ്ട് നിന്റെ ഹൃദയത്തിനായി ആവേശം നിറയ്ക്കൂ
നീ നിന്റെ വഴിയിലെത്തിപ്പെടും മുന്‍പേ അതിനെ പിന്തുടരൂ

പ്രിയപ്പെട്ടവളോട് ഒരിക്കലും പറയരുത്
നീ ഞാനാണ് ഞാന്‍ നീയാണൊന്നെക്കെ
അതിന്റെ നേരേ എതിരേ പറയാവൂ:
നാം അഭയാര്‍ത്ഥിയായ ഒരു കനത്തമേഘത്തിന്റെ
അതിഥികളാണെന്ന്.

നിനക്കാവും വിധമെല്ലാം വഴിമാറിപ്പോവൂ,
നിയമങ്ങളില്‍ നിന്നെല്ലാം വഴിമാറിപ്പോവൂ

രണ്ട് നക്ഷത്രങ്ങളേ ഒറ്റപ്പേച്ചില്‍ ചേര്‍ത്തു വയ്ക്കരുത്
എന്നാല്‍ ഉന്മത്തഹര്‍ഷത്തെ തികയ്ക്കുന്നതിനായി
ഓരംതള്ളിയ പാഠത്തെ അനിവാര്യമായതിന്നടുത്തു നിര്‍ത്തൂ

ഞങ്ങളുടെ നിര്‍ദ്ദേശങ്ങളുടേ കൃത്യതയില്‍ വിശ്വസിക്കരുത്
ഉല്ലാസവണ്ടികളുടെ ഉരുള്‍പ്പാടുകളില്‍ മാത്രം വിശ്വസിക്കൂ

ഗുണപാഠം അതിന്റെ കവിയുടെ നെഞ്ചിലെ വെടിയുണ്ടയാണ്
ഒരു നശിച്ച നിപുണത

നീ രോഷം കൊള്ളുമ്പോള്‍
ഒരു കാളക്കൂറ്റനെപ്പോലെ കരുത്തനാവൂ
നീ പ്രണയിക്കുമ്പോള്‍
ഒരു ബദാം പൂങ്കുലയെപ്പോലെ വിവശനാവൂ
അടച്ചുപൂട്ടിയ അറയ്ക്കുള്ളിലിരുന്നു
രാത്രിഗീതം പാടുമ്പോള്‍
ഒന്നുമല്ലാതായ്ത്തീരു , ഒന്നുമല്ലാതെ

ഒരു പുരാതനകവിയുടെ രാത്രികണക്കെ ഇപ്പാത നീണ്ടതാണ്:
കുന്നുകളും സമതലങ്ങളും, നദികളും താഴ്‌വാരങ്ങളും.
നിന്റെ സ്വപ്നങ്ങളുടെ അളവിനു ചേര്‍ന്നു നടക്കൂ
ചിലപ്പോള്‍ ഒരു ലില്ലിപ്പൂവോ കഴുമരമോ നിന്നെ പിന്തുടര്‍ന്നേക്കാം

നിന്നില്‍ ചുമത്തിയ വേലകളല്ല നിന്നെപ്പറ്റിയുള്ള എന്റെ വേവലാതി
കുഞ്ഞുങ്ങളുടെ കുഴിമാടത്തിനുമേലെ നൃത്തം ചെയ്യുന്നവരിലും
ഗായകരുടേ നാഭിയിലെ ഒളികാമറകളിലും പെടാവുന്ന
നിന്നെയോര്‍ത്താണെന്റെ ആകുലത

നീ എന്നെ നിരാശപ്പെടുത്തില്ല,
മറ്റുള്ളവരില്‍ നിന്നും എന്നില്‍നിന്നും നീ അകന്നു പോയാലും .
എന്നെ ഓര്‍മ്മപ്പെടുത്താത്തതെന്തൊ അതാണതിസുന്ദരം.


ഇതാ ഇപ്പോള്‍ മുതല്‍, അവഗണിക്കപ്പെട്ട ഭാവിയാണ്
നിന്റെ ഒരേയൊരു രക്ഷകര്‍ത്താവ്

അഴലില്‍പ്പെട്ട് ഒരു മെഴുതിരിയുടെ കണ്ണീര്‍പോലെ
നീ ഉരുകിയൊലിക്കുമ്പോള്‍
നിന്റെ ഉള്‍വെളിച്ചത്തില്‍ നിന്നെ കാണുന്നവരേയൊ
പിന്തുടരുന്നവരേയോ ഓര്‍ക്കരുത് .
മറിച്ച് ഒന്നു സ്വയമാലോചിക്കൂ:
ഇതെല്ലാമാണോ എന്റേതായുള്ളത്?

കവിത എന്നും അപൂര്‍ണ്ണമാണ്,
പൂമ്പാറ്റകളാണാവ മുഴുമിക്കുക.

പ്രണയത്തില്‍ ഉപദേശമൊന്നുമില്ല . അതൊരു അനുഭവമാണ്.
കവിതയില്‍ ഉപദേശമൊന്നുമില്ല. അതൊരു പാടവമാണ്.


ഒടുക്കമെങ്കിലും ഒട്ടും മോശമല്ലാത്ത ഒരു സലാം