Monday, May 4, 2015

തീവ്രപരിചരണവിഭാഗം


 പലസ്തീന്‍
എന്റെ മുന്നിലെ ലോകം ചുരുങ്ങുന്നപോലെ
ഞാൻ കാറ്റിനൊപ്പം ചുറ്റിത്തിരിഞ്ഞേനെ
പറന്നുചെന്നതിനു കടിഞ്ഞാണിട്ടേനെ

എന്നാൽ ഞാനൊരു മനുഷ്യനാണ്…….
എന്റെ നെഞ്ച് നൂറായിരം ഓടക്കുഴലുകൾ തുളയ്ക്കുന്നു
മഞ്ഞിൽമൂടി എന്റെ കുഴിമാടം എന്റെ ഉള്ളംകയ്യിൽ
ഞാൻ കിടക്കയിൽക്കിടന്നഴുകുന്നു, വലിച്ചെറിയൂ
ഒരുനിമിഷത്തേയ്ക്ക് എന്റെബോധംപോയി, മരിച്ചു.
വളരെച്ചെറിയ ജീവിതത്തിന്റെ ആ മരണം സംഭവിക്കുന്നതിനുമുൻപ്
കരഞ്ഞു പറഞ്ഞു: ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്റെ കാലിൽക്കൂടി
ഞാൻ മരണത്തിലേക്കു കടക്കട്ടെ?
പിന്നെ ഞാൻ മരിച്ചു..ഞാൻ പൂർണ്ണമായും തളർന്നിരുന്നു
നിന്റെ വിതുമ്പലൊഴിച്ചു നിർത്തിയാൽ എത്ര പ്രശാന്തമായ മരണം!
എന്റെ നെഞ്ചിൽ മിടിപ്പിനായി തിരയുന്ന
നിന്റെ കൈകളില്ലായിരുന്നെങ്കിൽ
അതെത്ര ശാന്തമാവുമായിരുന്നു!
ഞാൻ മരണത്തിനു മുൻപും പിൻപും നിന്നെ സ്നേഹിച്ചിരുന്നു
അതിന്നിടയ്ക്ക് എന്റെ അമ്മയുടെ മുഖം മാത്രമേ കണ്ടുള്ളു
ഹൃദയമാണൊരുനിമിഷത്തേയ്ക്കു വഴിപിഴപ്പിച്ചത്
പിന്നെ തിരിച്ചുവന്നു, എന്റെ സ്നേഹത്തോടു ചോദിച്ചു:
ഏതു ഹൃദയത്തിലാണു ഞാൻ കുരുങ്ങിപ്പോയത്?
അവളെന്റെ മേലേയ്ക്കു കുനിഞ്ഞ് ആ ചോദ്യത്തെ കണ്ണീരുകൊണ്ടു മറച്ചു.
ഓ ഹൃദയമേ ..ഹൃദയമേ, എന്തിനാണിങ്ങനെ എന്നോടു നുണപറഞ്ഞ്
എന്റെ അവസാനനിമിഷങ്ങൾ ഇങ്ങനെ തകിടം മറിച്ചത്?
നമുക്കു ധാരാളം സമയമുണ്ട്. ഹൃദയമേ, അടങ്ങൂ അടങ്ങൂ
അപ്പോൾ നിന്റെയടുത്തേക്ക്
ബെൽക്കിസിന്റെ നാട്ടിൽ നിന്നൊരു കിളി പറന്നുവരും
ഞങ്ങൾ കത്തുകളയച്ചിട്ടുണ്ട്
ഞങ്ങൾ മുപ്പതു കടലുകളും ,
അറുപതു കടൽത്തീരങ്ങളും മറികടന്നു.
എന്നിട്ടിന്നും ജീവിതത്തിൽ
വലിയ അലച്ചിലുകള്‍ക്കു സമയം ബാക്കിയുണ്ട്.
ഓ എന്റെഹൃദയമേ
കാറ്റേറ്റൊന്നും തളരാത്തൊരു പെൺകുതിരയോട്
നീ എന്തിനിങ്ങനെ കള്ളംപറഞ്ഞു!
ഒന്നുനിൽക്കൂ, ഈ കെട്ടിപ്പിടുത്തവും
മുട്ടുകുത്തിപ്രാർത്ഥനയും നമുക്കു പൂർത്തിയാക്കാം
നിൽക്കൂ, നിൽക്കൂ
എന്റെ ഹൃദയമേ,
നീയാണോ അവളുടെ ശബ്ദമാണോ കരയുന്നതെന്ന്
ഞാനൊന്നു കണ്ടുപിടിച്ചോട്ടെ.
ഇതാഎന്നെഎടുക്കൂ

No comments:

Post a Comment