ഇൻഡ്യ
ഒരു അമേരിക്കന്‍ കുട്ടിക്കഥയില്‍നിന്ന്
ഒരു ദിവസം,
ഒരു കുരുവി എങ്ങോട്ടെന്നില്ലാതെ നോക്കിയിരിക്കുമ്പോള്‍
ഒരു വിരല്‍പ്പുഴുവിനെ കണ്ടെത്തി.
അതിനൊരു വിരലോളമേ നീളമുണ്ടായിരുന്നുള്ളു
അതിന്റെ നനുത്ത ഉടല്‍ ഇളംപച്ച
മൂക്കൊരു മാണിക്യച്ചുറ്റുമൂക്കൂത്തി
അത് മുഖമമര്‍ത്തി
പുറം വലിച്ചു നീട്ടി
ഉടല്‍ ഒരു വില്ലായി വളച്ച്
വഴിയിലെ ഓരോ അടിയും അരിച്ചരിച്ച്
വിരല്‍പ്പാടായി വിരല്‍പ്പാടായി നിലമളന്ന്
ഒച്ചയുണ്ടാക്കാതെ, പേരില്ലാതെ, നീങ്ങി
മുളാമുളാമുളാ
പുഴു,
ആ വിരല്‍പ്പുഴുപോകുന്നു
വിശപ്പു മൂത്ത കുരുവി ആ പുഴുവില്‍ കണ്ണു വച്ചു
അത് റാഞ്ചാന്‍ തുടങ്ങുകയായിരുന്നു, കൊക്കിലെടുക്കാന്‍
എന്നിട്ടു വിഴുങ്ങാന്‍.
അപ്പോള്‍,
"എന്നെ തിന്നരുത്, ഞാനൊരു വിരല്‍പ്പുഴുവാണ്
ലോകത്തെത്തന്നെ അളക്കാനാവുന്ന പുഴു
എന്നെ ആവശ്യം വരും"
പുഴു പറഞ്ഞു.
“ ഓഹോ അങ്ങനെയാണോ? എങ്കില്‍
എന്റെ വാലൊന്നളക്ക്”
വാലിലേക്കു ചൂണ്ടി കുരുവി പറഞ്ഞു.
“ഞാന്‍ ചെയ്യാം ...ഇപ്പൊത്തന്നെ
ഒന്ന്-രണ്ട് -മൂന്ന്-നാല് --അഞ്ച്
അഞ്ചംഗുലമാണ് ..നിന്റെ വാല്‍“
“ഇതു കണ്ടോ? എനിക്ക് അറിയ്യേ ഇല്ലായിരുന്നു!
എന്റെ വാല്‍ അഞ്ചംഗുലം നീളം വരുമെന്ന്! ഒന്നല്ല രണ്ടല്ല
മൂന്നല്ല നാലുമല്ല അഞ്ചംഗുലമാണ്!”
വാലളക്കപ്പെട്ടുകഴിഞ്ഞ ആ കുരുവി
ഈ വാക്കുകള്‍കൊണ്ട്
എന്താണു ചെയ്യുക?
ആ പുഴുവിനെ പൊക്കിയെടുത്ത്
തന്റെ ചുമലില്‍ താങ്ങി
അതു മറ്റു പക്ഷികളുടെയടുത്തേയ്ക്കു പറന്നു.
അവര്‍ക്കു കുറേയധികം കാര്യങ്ങള്‍ അളക്കാനുണ്ടായിരുന്നു.
അങ്ങനെയാപ്പുഴുവിന്റെ
അളവു ജീവിതം തുടങ്ങി.
അതൊരു അരയന്നത്തിന്റെ കഴുത്തളന്നു
ഒരു ജപ്പാന്‍ ഹാലക്കിയുടെ മൂക്കളന്നു
അമേരിക്കന്‍ കൊക്കിന്റെ പൊക്കിപ്പിടിച്ച കാലളന്നു.
ഒരു ഓറഞ്ചുനിറമുള്ള പക്ഷി പറഞ്ഞു
“എന്റെ നാക്കളക്കൂ"
പേടിച്ചുവിറച്ച പുഴു മിണ്ടാതെ പ്‌രാകി,
“നിന്റെ നാക്ക് പുഴുവരിച്ചുപോകട്ടെ”
വിയര്‍ത്തൊലിച്ച് ,
തൊണ്ടയില്‍നിന്ന് തുടങ്ങി,
തുപ്പലൊലിക്കുന്ന നാവിന്‍തുമ്പുവരെ,
വേഗത്തില്‍ അളന്ന് വേഏഏഏഗത്തിലളന്ന്, വേഗത്തിലളന്ന്,
വിരല്‍പ്പാട് -വിരല്‍പ്പാടാായി /
വിരല്‍പ്പാട് -വിരല്‍പ്പാട് -വിരല്‍പ്പാട് -വിരല്‍പ്പാടായി അളന്ന്
പുഴു പുറത്തുവന്നു.
അങ്ങനെ നാരപ്പക്ഷിയുടെ കൊക്ക്,
മയിലിന്റെ പീലി, പൊന്മാന്റെ കിരീടത്തിലെ വര,
കിഴവന്‍ മൂങ്ങയുടെ വയറില്‍നിന്നു കത്രിച്ച തൂവല്‍,
എണ്ണിയാലൊടുങ്ങാത്ത പേരില്ലാത്തൂവലുകള്‍,
പാഠപുസ്തകത്തില്‍ മാത്രം കാണുന്ന
പേരില്ലാത്ത പല വിദേശപക്ഷികളുടെ
മുഖങ്ങള്‍, മാറുകള്‍
നിലത്തുനിന്നു നോക്കിയാല്‍ നശ്വരമായ കണ്ണുകള്‍ കൊണ്ട് കാണാനാവാത്ത
കിളികളുടെ സ്വകാര്യഭാഗങ്ങള്‍ / കിളിയോനി, കിളിലിംഗം
നാണമുള്ള അവയവങ്ങളുടെ നാണമില്ലാ ഭാഗങ്ങള്‍.
എല്ലാത്തിലും നിരങ്ങിക്കയറി,
എല്ലാം കണ്ട് അവരുടെ ശരീരത്തില്‍ കടന്ന്
അളന്നളന്ന്
കൂട്ടിയും കിഴിച്ചും
നട്ടെല്ലില്ലാപ്പുഴു ക്ഷീണിച്ചു
ആ പാവം കീടം.
ഒരു ദിവസം അവിടേയ്ക്കുവന്ന കുയില്‍ പറഞ്ഞു,
“നീ പറയ്, എന്റെ പാട്ടിനെത്ര നീളം വരും?
അളന്നിട്ടെന്നോട് പറയൂ“
വിറച്ചു പോയ പുഴു പറഞ്ഞു
“എനിക്കു വാലളക്കാം,
മൂക്കും മുഖവും കാലും കയ്യും
നീ പേരു പറയൂ, ഞാനളക്കാം
നാണിക്കണ്ട, എന്തു വേണേലും കാണിച്ചു താ
വേണമെങ്കില്‍ നിന്റെ കാല്‍പ്പത്തിയിലിഴഞ്ഞ് അളക്കാം.
പക്ഷേ ഒരു പാട്ട്! പാട്ടളക്കാനാവില്ല.”
“നീയതളക്കുന്നുണ്ടോ....... അതോ
ഞാന്‍ നിന്നെ ഒറ്റവായ്ക്ക് വിഴുങ്ങണോ ചണ്ഡാളാ?”
അങ്ങുമിങ്ങുമുരച്ച് കൊക്കിനു മൂര്‍ച്ചകൂട്ടി
കുയില്‍ പറഞ്ഞു.
“എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കല്ലേ,
ഒക്കെ സമ്മതിച്ചു ....നീ പാട് ഞാനളക്കാം”
ഉടലാകെയുള്ള നെഞ്ചിടിപ്പൂമായി പുഴു സമ്മതിച്ചു.
കാറിച്ചുമച്ച് നീട്ടിത്തുപ്പി,
കുയില്‍ തൊണ്ട ശരിയാക്കി
മൂക്കുയര്‍ത്തി
അറ്റമിലാത്ത വിസ്തൃതമായ ആകാശത്തിലേയ്ക്ക്
തന്റെ സ്വരമുയര്‍ത്തി
കുയില്‍ പാടി.
കുയില്‍ വിസ്തരിച്ചു
പുഴു അളന്നു
ഓ ഓ യ്ക്ക് ഒരംഗുലം, അടുത്ത ഓ ഓയ്ക്ക് അടുത്ത അംഗുലം
മുഖമമര്‍ത്തി, മുഖമുയര്‍ത്തി
മുകളിലേക്കും താഴേക്കുമിഴഞ്ഞ്
തിരിഞ്ഞും മറിഞ്ഞും
അമര്‍ത്തിയും ഉയര്‍ത്തിയും
വട്ടം ചുറ്റിയും തിടുക്കപ്പെട്ടും ഒരു വളയമായി ചുരുണ്ടും
പതുങ്ങിയും വീണും
ഓരോ വിരല്‍പ്പാടും
അളന്നുകൊണ്ടിരുന്നു.
അളന്നളന്ന്
കാട്ടിലെ മരങ്ങള്‍ക്കും തടികള്‍ക്കും നടുവില്‍
ആ പാട്ട് ഇളവാകും മുന്‍പേ
ഒച്ചയില്ലാതെ
പേരില്ലാതെ
അത് അ . പ്ര . ത്യ . ക്ഷ. മാ. യി.

No comments:
Post a Comment