ബംഗ്ലാദേശ്
മുട്ടയുടെ മഞ്ഞക്കരു പോലെയാണിപ്പോള്‍
അമ്മയുടെ കണ്ണുകള്‍
എപ്പോള്‍ വേണമെങ്കിലും പൊട്ടിയൊഴുകാവുന്നൊരു
വെള്ളത്തൊട്ടിപോലെ വയര്‍ വീര്‍ത്തുവീര്‍ത്തു വരുന്നു
ഒന്നുനില്‍ക്കാന്‍, ഇരിക്കാന്‍, വിരലൊന്നനക്കാന്‍ കഴിയാതെ
അവരവിടെ കിടക്കുന്നു
അവരുടെ ഈ അവസാന ദിവസങ്ങളില്‍
അവരെ കണ്ടാലമ്മയെപ്പോലെയേ ഇല്ല
എല്ലാ രാവും പകലും ബന്ധുക്കള്‍ വരുന്നു
വിശുദ്ധദിവസമായ വെള്ളിയാഴ്ച്ചതന്നെ
ലാ ഇലാഹി ഇല്ലല്ലാഹ്
അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല
എന്ന് ചൊല്ലി മരിക്കാന്‍ പാകത്തിനു
അമ്മയോടൊരുങ്ങിയിരിക്കാന്‍ പറയുന്നു
മുങ്കര്‍, നക്കിര്‍ എന്നീ മലക്കുകളെ
നിരാശപ്പെടുത്താതിരിക്കാന്‍ അവള്‍ക്ക്
മുന്നറിയിപ്പ് കൊടുക്കുന്നു
മുറിയും മുറ്റവും വൃത്തിയാണെന്ന്
അവരുറപ്പു വരുത്തുന്നു
അവസാനം മരണം വരുമ്പോള്‍
അത്തറും സുറുമയുമൊക്കെ
അടുത്തുണ്ടാവുമെന്ന് ഉറപ്പാക്കുന്നു
ഈ സുഖക്കേട് അവരുടേ ദേഹം മുഴുവന്‍ കാര്‍ന്നുതിന്നു
അത് അവരിലവശേഷിച്ചിരുന്ന ശക്തി പോലും ചോര്‍ത്തിയെടുത്തു
അത് അവരുടെ കണ്ണിനെ കുഴിയില്‍ നിന്നു പുറത്തേക്ക് തള്ളി
അത് അവരുടെ നാവ് ഉണക്കി
അത് അവരുടെ ചങ്കില്‍നിന്നു കാറ്റ് മുഴുവന്‍ ഊറ്റിയെടുത്തു
അവര്‍ ശ്വസിക്കാന്‍ പാടുപെടുമ്പോള്‍
നെറ്റിയും പുരികവും വേദനകൊണ്ട് ചുളിയുന്നു
ആ വീടുമുഴുവനും ആവശ്യപ്പെട്ടു –ഒച്ചയിട്ടു-
അവളുടെ ആദരവും ഭക്തിയും മുഴുവന്‍
പ്രവാചകനില്‍ അര്‍പ്പിക്കൂ
.
ആര്‍ക്കും ഒരു സംശയവുമില്ലായിരുന്നു അവര്‍
സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയായ
ജന്നത്തുള്‍ഫിര്‍ര്‍ദോസില്‍ തന്നെ പോവുമെന്ന കാര്യത്തില്‍
ആര്‍ക്കും സംശയമില്ലായിരുന്നു
അധികം താമസിയാതെ
സുന്ദരമായ ഒരു വൈകുന്നേരം, മുഹമ്മദിന്റെ കൈകോര്‍ത്തു പിടിച്ച്
പറുദീസയിലൂടെ നടക്കന്മെന്ന്
ആര്‍ക്കും സംശയമില്ലായിരുന്നു
അവരിരുവരും
വീഞ്ഞും പുള്ളിക്കോഴിക്കറിയുമൊക്കെയായി
ഒരു മുത്താഴം ഉണ്ണുമെന്ന്
അവര്‍ അവരുടെ ജീവിതാഭിലാഷം സ്വപ്നം കണ്ടു
പറുദീസയിലൂടെ മുഹമ്മദിനൊപ്പം നടക്കുക
പക്ഷെ ഇപ്പോള്‍ ,
ഭൂമിയോട് വിടപറയാന്‍ തുടങ്ങുന്ന ഈ സമയത്ത്
എന്തൊരത്ഭുതം!
അവര്‍ ശങ്കിക്കുന്നു
പുറത്തിറങ്ങി, ആ ഉദ്യാനത്തില്‍ കയറുന്നതിനു പകരം
എനിക്കായി ബിരിയാണിയുണ്ടാക്കണമെന്ന് പറയുന്നു
മീങ്കറിവയ്ക്കണമെന്നും ഒരു അയലയെ മുഴുവനോടെ വറുക്കണമെന്നും പറയുന്നു
മധുരക്കിഴങ്ങിന്റെ എരിവുള്ള ഒരു ചാറുകറിയുണ്ടാക്കണം എന്നു പറയുന്നു
പറമ്പിലെ തെക്കേമൂലയ്ക്കു നില്‍ക്കുന്ന
തെങ്ങില്‍ നിന്ന് ഒരു കരിക്കിട്ടു തരണമെന്ന്
ഒരു പട്ടുവിശറികൊണ്ടെന്നെ വീശണമെന്ന്
എന്റെ നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന
മുടിച്ചുരുളുകളെ വകഞ്ഞുമാറ്റണമെന്ന്
എന്റെ കിടക്കയില്‍ പുതിയ വിരി വിരിക്കണമെന്നും
എനിക്കായൊരു ഉടുപ്പ് തുന്നി അതില്‍ ചിത്രപ്പണി ചെയ്യണമെന്നും
അതെ അമ്മയ്ക്ക്, മുറ്റത്തൂടേ ചെരിപ്പില്ലാതെ നടന്ന്
ഒരു പേരത്തൈയ്യിനു മുളംകാല്‍ കൊണ്ടൊരു താങ്ങ് കൊടുക്കണമെന്ന്
പിച്ചകം വിരിഞ്ഞ ആ തോട്ടത്തിലിരുന്നു പാടണമെന്ന്
“ഇതിനുമുന്‍പിങ്ങനെയൊരു അമ്പിളിയുദിച്ചിട്ടില്ല
ഇല്ലില്ലിതിനുമുന്‍പിങ്ങനെയൊരു രാവുണ്ടായിട്ടില്ല “
എന്റെ അമ്മ ജീവിക്കാന്‍ വല്ലാതെ കൊതിക്കുന്നു
2
എനിക്കറിയാം
പുനര്‍ജന്മം, സ്വര്‍ഗ്ഗം,
അന്ത്യവിധിദിവസം,
കോഴിയിറച്ചി, വീഞ്ഞ്, തുടുത്തമാലാഖമാര്‍
ഇതെല്ലാം ഉത്തമവിശ്വാസികളാല്‍
സൃഷ്ടിക്കപ്പെട്ട കെണികളാണെന്ന്
എന്തൊക്കെയായാലും
അവര്‍ ഒരു ഉദ്യാനത്തിലും
ആരുടെയുമൊപ്പം
ഉലാത്താന്‍ പോകുന്നില്ല
കൗശലക്കാരായ കുറുക്കന്മാരാണ്
പകരം അവളുടെ കുഴിമാടത്തിലെത്തുക
അവര്‍ അവളുടെ ഇറച്ചി തിന്നും
അവളുടെ വെളുത്തഎല്ലുകള്‍
കാറ്റ് പരത്തിയിടും
അതുമാത്രമല്ല, പുല്‍സിരത്ത് എന്ന് പേരുള്ള
തരണം ചെയ്യാന്‍ പ്രയാസമുള്ള
പാലം കടന്ന് എന്റെ അമ്മ
ഏഴാകാശങ്ങള്‍ക്കപ്പുറത്തുള്ള
കെട്ടിച്ചമച്ച പ്രൌഢമായ
ഒരു സ്വര്‍ഗ്ഗത്തിലെത്തുമെന്ന്
ഞാന്‍ വിശ്വസിക്കാനും പോകുന്നില്ല
ഇനി ഒരു പക്ഷെ അവര്‍ ആ പാലം
എളുപ്പത്തില്‍ മുറിച്ചുകടന്നു എന്നിരിക്കട്ടെ
അതിസുന്ദരനായ പ്രവാചകന്‍ മുഹമ്മദ്
വന്നവളെ പുണരും
ആ വിരിഞ്ഞമാറില്‍ അവളുടെ ആര്‍ദ്രത അദ്ദേഹമറിയും
അവള്‍ നീരുറവയില്‍ കുളിക്കാനാഗ്രഹിക്കും
നൃത്തം ചെയ്യാനും ആഹ്ലാദത്താല്‍ തുള്ളിച്ചാടാനും കൊതിക്കും
ഇതുവരെ ചെയ്യാത്തതെല്ലാം
അവള്‍ക്കെല്ലാം ചെയ്യാനാവും
കോഴിക്കറി ഒരു സ്വര്‍ണ്ണത്തളികയില്‍ നിരത്തും
എന്റെ അമ്മ മനസ്സു നിറയും വരെ കഴിക്കും
അള്ളാ തന്നെ ആ തോട്ടത്തിലേയ്ക്ക് നടന്നു വന്ന്
അവളെ കാണും
സ്നേഹത്തോടെ ഉമ്മ വയ്ക്കും
അവളൊരു തൂവല്‍ കിടക്കയിലുറങ്ങും
എഴുന്നൂറു കന്യകമാരായ ഹൂറികള്‍
അവളെ വീശും
യുവമാലാഖയായ ഗെല്‍ബാന്‍ വെള്ളിക്കൂജയില്‍
തണുത്തവെള്ളം കൊടുക്കും
അവള്‍ ചിരിക്കും
സന്തോഷത്തിന്റെ ആധിക്യത്തില്‍
അവളുടേ ദേഹമാകെ കുലുങ്ങും
ഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതം
അവള്‍ മറക്കും
അവിശ്വാസീ,
എവിടെയൊ ഒരു
സ്വര്‍ഗ്ഗമുണ്ടെന്ന്
മെനെഞ്ഞെടുക്കുന്നത്
എത്ര സുഖമുള്ള കാര്യമാണ്!



