ഗ്വാട്ടിമാല -
1.ആരും നമ്മളെ കാണുന്നില്ല---------------------------------------------
നമ്മുടെ രക്തത്തിലെ നാളങ്ങൾ എരിയുന്നു
നൂറ്റാണ്ടുകളുടെ കാറ്റുണ്ടായിട്ടും
കെടാതെ
ശാന്തമായി
ശ്വാസത്തോടൊപ്പം ഞാനുറക്കെ പാടുന്നു
ആത്മാവിൽ ദൈന്യമായി
ദുഖത്തിന്റെ വഴിയടഞ്ഞ്
ഹാ! എനിക്ക് പൊട്ടിക്കരയണം
നമുക്കായി അവർ നീക്കിവച്ച ഇടങ്ങൾ
മലയോരങ്ങൾ,
ചെരിവുകൾ:
മഴ അവയെ പതുക്കെപതുക്കെ തൂത്തെടുക്കുന്നു
എന്നിട്ട് നിരപ്പിടങ്ങളിലേയ്ക്ക് വലിച്ചെറിയുന്നു
ഇനി അവയൊന്നും നമ്മുടേതല്ല
ഇതാ നമ്മൾ
വഴിവക്കിൽ നിൽക്കുന്നു
കണ്ണുനീർ മുറിപ്പെടുത്തിയ നോട്ടവുമായി
ആരും നമ്മളെ കാണുന്നില്ല
*************************************************************
2.എനിക്കറിയില്ല
------------------------
എന്റെ ഗ്രാമം എന്റെ പോക്കിനെ
നിശ്ശബ്ദം നോക്കി നിന്നു
നഗരം അതിന്റെ കോലാഹലങ്ങൾക്കിടയിൽ
എന്റെ വരവിനെ ശ്രദ്ധിച്ചതേയില്ല
ഞാൻ കൃഷിപ്പണി നിർത്തി
ഒരു തൊഴിലാളിയായി
എനിക്കറിയില്ല ഞാൻ പുരോഗമിച്ചൊ
അതോ അധപതിച്ചൊ എന്ന്
**********************************************************************
3.കല്ലുകൾ
------------------
കല്ലുകൾ ഊമയല്ല
അവ നിശ്ശബ്ദതപാലിക്കുന്നെന്നേയുള്ളൂ
***************************************************************************
4.പിന്നോട്ടുള്ള യാത്ര
-------------------------------
സമയാസമയങ്ങളിൽ
ഞാൻ പിന്നോട്ട് യാത്രചെയ്യുന്നു
അത് ഓർമ്മിക്കാനുള്ളൊരു മാർഗ്ഗമാണ്
ഞാൻ മുന്നോട്ട് മാത്രമേ നടന്നിരുന്നുള്ളൂ എങ്കിൽ
എനിക്ക് നിങ്ങളോട് പറയാനാവുമായിരുന്നു
വിസ്മൃതി എന്നത് എന്താണെന്ന്
********************************************

No comments:
Post a Comment